Monday 20 March 2023

കളളിക്കുരുവി : ചോലൈ ശ്രീനിവാസൻ (പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)

കളളിക്കുരുവി   : ചോലൈ ശ്രീനിവാസൻ

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


മഴപെയ്ത് തോർന്നയുടൻ

തേങ്ങ പെറുക്കാൻ തോപ്പിലേക്ക്

ഓടുമായിരുന്നത്രേ മുത്തശ്ശൻ

തേങ്ങകളോടെ തെങ്ങുകളും

ഒരു പേമഴയിൽ വീണത്

അപ്പൻെറ കാലം

പുതുതായ് വെച്ച തൈകൾ

ആറാംവർഷം കൂമ്പിടുന്നു

ഈ പഞ്ഞത്തിൽ

അതിലൊരു ചെന്തെങ്ങ്

കടിഞ്ഞൂൽകുഞ്ഞിനെ

ചാവിന് കൊടുത്ത പോൽ

ഒടുക്കത്തെ മച്ചിങ്ങയും

പൊഴിക്കുന്നു

ആളില്ലാത്തോപ്പിലൂടെ

ദെണ്ണപ്പെട്ട അക്കക്കാക്കുരുവി

കരഞ്ഞു പറക്കും

വാടി വണ്ടുകുത്തിയ കരിക്ക്

ഇളത്തതെന്ന്

കണ്ണുനോക്കി ചെത്തുന്നു

വിൽപ്പനക്കാരൻ

മൂന്നുകണ്ണുകളുളള വശം ചെത്തി

സ്ട്രോ ഇറക്കി

തുളുമ്പാതെ നീട്ടുമ്പോഴും

തുളുമ്പുന്നുണ്ട്

രണ്ടു കണ്ണുകൾ

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...