Showing posts with label വിദേശകവിത. Show all posts
Showing posts with label വിദേശകവിത. Show all posts

Sunday, 19 March 2023

ചുവാങ് ടുസു, കൺഫൂഷ്യസ്, തിഷ് നാത് ഹാൻ, എ.എ.മിൽനെ (മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)

ഒരു പിടി അന്യദേശ കവിതകൾ

(മൊഴിമാറ്റങ്ങൾ: ശിവകുമാർ അമ്പലപ്പുഴ)


ഒരു ശലഭമെന്ന് സ്വപ്നത്തിൽ

പറന്നുകൊണ്ടിരിക്കെ ഞാനുണർന്നു

ഇപ്പോഴെന്റെ വിസ്മയം

ശലഭമെന്ന് സ്വപ്നം കണ്ട മനുഷ്യനോ

മനുഷ്യനെന്ന് സ്വപ്നം കണ്ട ശലഭമോ

ആരാകുന്നു ഞാൻ

- ചുവാങ് ടുസു


ഒരു വിത്ത് മുളയ്ക്കുന്നത് നിശ്ശബ്ദമായെങ്കിൽ

മുളച്ചുണ്ടായ മരം വീഴുന്നത് വൻശബ്ദത്തോടെ

സൃഷ്ടി ശബ്ദമില്ലാതെ

നാശം ശബ്ദായമാനം

- കൺഫൂഷ്യസ്


വെള്ളത്തിനു മീതേ നടക്കുന്നത് മഹാദ്ഭുതം എന്ന് ചിലർ

ഭൂമിയിൽ സമാധാനമായി നടക്കുന്നത്

അതിലും വലിയ മഹാദ്ഭുതം

- തിഷ് നാത് ഹാൻ


കാട്ടുവക്കെത്തിയ നീരൊഴുക്ക്

വളർന്നുമുതിർന്നൊരു

പുഴ പോലെ വളർന്നതിനാൽ

ചെറുപ്രായത്തിലെ

ഓട്ടവും തുള്ളിച്ചയും

തിളക്കവും കളഞ്ഞു

കൂടുതൽ മെല്ലവേയൊഴുകി

ഇപ്പോഴെങ്ങോട്ടാണ് പോവതെന്നറിഞ്ഞ്

തന്നോടു തന്നെ ചൊല്ലി

ഒരു തിടുക്കവുമില്ല

നാമെന്നെങ്കിലും അവിടെയെത്തും

എ.എ.മിൽനെ


സിനീഡ് മോറിസ്സെ, അയർലാൻഡ് : പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ

ഉപദേശം
സിനീഡ് മോറിസ്സെ, അയർലാൻഡ്

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

വൈകൃതമെന്ന് നിങ്ങൾക്ക് തോന്നാം

ഇഷ്ടമില്ലാത്ത കവികളുടെ മുതുകത്ത്

കത്തികൊണ്ട് വരയുന്നത്

പക്ഷേ അതാണ് ജീവിതം

വിശിഷ്ടമായ കൂട്ടായ്മകൾ അഹിതകരമെങ്കിലും

അവിഭാജ്യമായി തുടരുന്നെങ്കിൽ

വൈരബുദ്ധ്യാ അതിനെ വിഘടിപ്പിക്കുക

അഭിമാനിക്കേണ്ടതില്ല

കവിതാലോകത്ത് അധാർമ്മികതയിൽ

നെറ്റിചുളിക്കേണ്ടതില്ല

അതനുവദനീയമാണ്

സമുദ്രത്തിൽ വലിയ മീനുകൾ

ആനുപാതികമായി ചെറുതായി

നിങ്ങളുടെയിടം കയ്യേറാൻ വരും

കന്മതിലുകൾക്കുള്ളിൽ ഇടിയന്ത്രങ്ങളിൽ 

തിളങ്ങുന്നൊരു നിശാപുഷ്പം

വമിക്കുന്ന വിഷത്തിൽ 

നിങ്ങൾ വഞ്ചിതരാകും


സാറ ഉറീബെ, മെക്സിക്കോ- പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ



കവിയ്ക്ക് ഒരു ദ്രുതചോദ്യം ലഭ്യമാകുകയും തത്പ്രകാരം കവിത എപ്രകാരം രചിക്കണമെന്നതിന് ഒരു നിർദ്ദേശപട്ടിക ലഭ്യമാകുകയും ചെയ്യുന്ന കവിത

(സാറ ഉറീബെ, മെക്സിക്കോ)

പലിശരഹിത മാസഗഡുക്കളിൽ താങ്കളൊരു കവിത രചിക്കേണ്ടതാണ്. അത് 24 മണിക്കൂറും തുറന്നിരിക്കേണ്ടതാകുന്നു. അതിൽ വൈഫൈ അടങ്ങിയിരിക്കണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെടാൻ തക്കവണ്ണം ആയിരിക്കണം നിർമ്മിതി. ക്രൂരതാരഹിത ചമയങ്ങൾ ആകണം അണിയേണ്ടത്. യാഥാസ്ഥിതികത്വം ഇല്ലാത്തതും കൊഴുപ്പടിയാത്തതുമായ കവിതയാണ് സ്വാഭാവികമായും ഞങ്ങൾ ആഗ്രഹിക്കുന്നത്. മധുരമോ ഇലാസ്തികതയോ ഉത്തേജകങ്ങളോ ഉണ്ടായിരിക്കരുത്.

“അപ്പോൾ തങ്കൾക്ക് വേണ്ടത് കവിതയോ അതോ സോയാമിൽക് ചേർത്ത ചായയോ?“

ഞങ്ങൾക്ക് വേണ്ടതൊരു വാക്കുത്പാദനയന്ത്രമാണ്.

ഏറെ നാട്യങ്ങളില്ലാത്ത ഒരു പാട്ടുപെട്ടി,

ബാറ്ററിയുൾപ്പെടെ ഒരു റിമോട്ട് കൺട്രോൾ കളിപ്പാട്ടം.

അനിർവ്വചനീയതത്വപ്രകാരമുള്ള കവിത.

വർത്തമാനത്തിലുള്ള ഭൂതകാല ഹോമേറിയൻകവിത. 

ഒരു അലൗകികസ്ഫോടന കവിത.

Themostpoeticwithoutbeingcatharticpoemeverwritten.com

എന്ന് വിശേഷിപ്പിക്കാവുന്ന വൈവിധ്യമുള്ള കവിത.

ബഹുഭാഷാവഴക്കമുള്ളതും

‘ഇതുപോലെ മറ്റൊരു കവിതയില്ല‘ എന്ന്

ടീഷേർട്ടിൽ ആലേഖനം ചെയ്തതുമായ കവിത.

ഉച്ചത്തിൽ ചൊല്ലാവുന്ന കവിത

സ്വന്തം വഴി കണ്ടുപിടിക്കുന്ന കവിത.

കാലാവധിത്തീയതിയില്ലാത്ത കവിത,

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങൾക്ക് വേണ്ടത്

ഒരു അനസ്തറ്റോളജിസ്റ്റിനെപ്പോലെ

തൊണ്ണൂറ്റിയൊൻപതിൽ നിന്ന് പിന്നിലേക്ക്

പൂജ്യം വരെയെണ്ണുന്ന കവിത.

എന്നുവെച്ചാൽ  ശസ്ത്രക്രിയയ്ക്കിടയിൽ

ഉണരാത്ത കവിത.


പെർപെച്വൽ എസൈഫുലെ എമെനെക്വം, നൈജീരിയ: പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

 


സ്ത്രീ
പെർപെച്വൽ എസൈഫുലെ എമെനെക്വം, നൈജീരിയ

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

 

പറയാനാവാത്ത രൂപങ്ങൾ

പടുത്ത പാറയാണ് ഞാൻ

പാറ ഞാനെന്നറിയാത്ത

സൂര്യചന്ദ്രന്മാരുടെ ശക്തിയെ

ലംഘിക്കുന്നു ഞാൻ

വിയർപ്പാറ്റാൻ വരുന്നവർക്ക്

അഭയം നൽകുമ്പോൾ

സൂര്യന് അലോസരം

ചന്ദ്രനില്ലാത്ത രാത്രികളിൽ

ദൂരക്കാഴ്ച കാണാൻ

ആളുകൾ കയറുന്നത്

ചന്ദ്രന് നാണക്കേട്

 

ചിലർക്ക് ഞാൻ കിടക്ക

ചിലർക്ക് പ്രചോദനം

പൊരുൾ തേടുന്ന ചിലർക്ക്

എന്റെയസ്തിത്വം

അവരുടെ സ്വാസ്ഥ്യം

 

വെറും പാറയെന്ന് പറഞ്ഞാലും

ആശയറ്റ നേരത്തെന്നെ

മുറുകെപ്പിടിച്ചില്ലെങ്കിൽ

ചെരിവിലേക്ക് പതിച്ചേക്കാം

 

യുദ്ധകാലത്തെങ്കിൽ

ശത്രുക്കളെച്ചതയ്ക്കുമായുധം

പ്രതിരോധമറ്റുഴലുമ്പോൾ

കശാപ്പുകാരിൽ നിന്നൊളിപ്പിച്ച്

കാക്കുന്ന കാവലാൾ

 

എടുത്തെറിഞ്ഞാലും കടൽ

വിഴുങ്ങുന്നില്ലെന്നെ ഞാൻ

കടലിനും കിടക്കമെത്ത

 

പാറ ഞാൻ നിൽപ്പൂ

അടിയുറച്ചചഞ്ചലം

ആപദ്ഘട്ടങ്ങളിൽ കോട്ട

യുദ്ധത്തിൽ പകയുടെ മുഖം

പാർതവ് നദേരി, അഫ്ഘാനിസ്താൻ - പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


എനിക്കിനിയും സമയമുണ്ട്
പാർതവ് നദേരി (അഫ്ഗാനിസ്താൻ)

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


എനിക്കിനിയും സമയമുണ്ട്

പാതിരാ കഴിഞ്ഞിരിക്കുന്നു

പ്രാർത്ഥനയ്ക്കായുണരണം

നേരിന്റെ കണ്ണാടികളെന്നോ

പൊടിയടിഞ്ഞുമൂടിയിരിക്കുന്നു


ഉണരണം ഇനിയുമുണ്ട് സമയം

സമയരഥച്ചാടുകൾ ജീവിതച്ചെരിവിലൂടെ

ഉരുളുന്നതിനൊപ്പവും

വീഞ്ഞോ വെള്ളമോ പാത്രത്തിലെന്ന്

തിരിച്ചറിയാനിപ്പോഴും കൈയ്ക്കാവതുണ്ട്


നാളെയൊരുപക്ഷേ

എന്നെയുന്നം വെക്കുന്ന വിഷശരങ്ങൾ

ഞെട്ടിപ്പറക്കാനൊരുങ്ങുന്ന

രണ്ട് പുള്ളിപ്പക്ഷികളെയെന്നപോൽ

എന്റെ കണ്ണുകളെ വേട്ടയാടിയേക്കാം


നാളെയൊരുപക്ഷേ

എന്റെ മടങ്ങിവരവും കാത്തിരുന്ന്

എന്റെ മക്കൾ വൃദ്ധരായേക്കാം


നിസ്സാർ തൗഫീഖ് ഖബ്ബാനി (സിറിയ) : പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


നിസ്സാർ തൌഫീക്ക് ഖബ്ബാനി (സിറിയ)

1923-1998

സിറിയയുടെ ദേശീയകവി എന്നറിയപ്പെടുന്നു. തുടക്കത്തിലെ കാല്പനിക കവിതകളിൽ നിന്ന് രാഷ്ട്രീയകവിതകളിലേക്ക് ചുവട് മാറ്റിയ കവി. ലളിതമെങ്കിലും ശക്തമായ ആ ഭാഷ മദ്ധ്യപൂർവ്വദേശങ്ങളിലും ആഫ്രിക്കയിലും ഏറെ വായിക്കപ്പെട്ടു. ഈജിപ്റ്റ്, തുർക്കി, ലെബനൻ, ബ്രിട്ടൻ, ചൈന, സ്പെയിൻ എന്നിവിടങ്ങളിലെ സിറിയൻ എംബസികളിൽ സേവനമനുഷ്ഠിച്ച നയതന്ത്രജ്ഞനും ആയിരുന്നു അദ്ദേഹം. തുടക്കത്തിലെ ക്ലാസ്സിക് രീതിയിൽ നിന്ന് ദൈനംദിന സിറിയൻ സംഭാഷണഭാഷയിലേക്ക് പിന്നീട് അദ്ദേഹത്തിന്റെ എഴുത്തുരീതി മാറി. സ്വന്തം താത്പര്യത്തിന് വിപരീതമായി ഇഷ്ടമില്ലാത്ത ഒരു പുരുഷനെ വിവാഹം കഴിക്കേണ്ടിവന്ന സഹോദരിയുടെ ആത്മഹത്യ അദ്ദേഹത്തെ വല്ലാതെ ഉലച്ചു. പാരമ്പര്യ മുസ്ലിംസമൂഹത്തിലെ സ്ത്രീകളുടെ അനുഭവങ്ങളെ അദ്ദേഹം നിരവധി കവിതകൾക്ക് വിഷയമാക്കി. പുരുഷാധിപത്യത്തെ അദ്ദേഹം എതിർത്തു. മയക്കുമരുന്നിൽ മുഴുകിയ ദുർബ്ബലമായ അറബിസമൂഹത്തെ നിശിതമായി വിമർശിക്കുന്ന രചനകൾ നിർവ്വഹിച്ചു. പിൽക്കാലത്ത് ഖബ്ബാനി എഴുതിയ കവിതകളിൽ ഏറിയ പങ്കും സ്ത്രീവീക്ഷണകോണിൽ നിന്നുള്ളവയും സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവയും ആയിരുന്നു. ഇരുപതിലധികം കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.


നിസ്സാര്‍ തൌഫീക്ക് ഖബ്ബാനി: സിറിയ (1923-1998)


ഭാഷ

ഒരു കാമുകനെങ്ങനെ ഉപയോഗിക്കും 

പഴകിപ്പിഞ്ഞിയ വാക്കുകള്‍ 

കാമുകനു വേണ്ടി ദാഹിക്കുന്ന ഒരുവള്‍ 

ഭാഷാപണ്ഡിതന്‍റെയോ വ്യാകരണവിദഗ്ദ്ധന്‍റെയോ കൂടെക്കിടക്കണമെന്നുണ്ടോ 

എന്റെ പെണ്ണിനോട് 

ഞാനൊന്നും ഉരിയാടിയില്ല 

പ്രണയത്തിന്‍റെ വിശേഷണങ്ങള്‍ പെട്ടിയിലാക്കി 

എല്ലാ ഭാഷകളിള്‍ നിന്നും രക്ഷപ്പെട്ട് 

പലായനം ചെയ്തു 


വേനലിൽ

തീരത്ത് വേനല്‍ കായുമ്പോള്‍ 

നിന്നെയോര്‍ക്കും 

കടലിനോട് നിന്നെക്കുറിച്ച് 

ഞാന്‍ പറഞ്ഞുവെങ്കില്‍ 

തീരങ്ങളുപേക്ഷിച്ച് 

ചിപ്പികളും മീനുകളുമിട്ടെറിഞ്ഞ് 

അതെന്നോടൊപ്പം പോരും 


ഓരോ ചുംബനവും

നീണ്ട വിരഹം കഴിഞ്ഞ് 

നിന്നെയുമ്മവെക്കുമ്പോള്‍ 

ചുവന്ന എഴുത്തുപെട്ടിയിലേക്ക് 

തിരക്കിട്ടെഴുതിയ പ്രണയലേഖനം 

ഇടുകയാണ് എന്നു തോന്നും 


തിരിയും വെട്ടവും 

വെട്ടം റാന്തലിനെക്കാള്‍ മുഖ്യം 

നോട്ടുബുക്കിനെക്കാള്‍ കവിതയും 

ചുണ്ടുകളെക്കാള്‍ ചുംബനവും മുഖ്യം 

എന്നെയും നിന്നെയുംകാള്‍ പ്രധാനം 

ഞാന് നിനക്കയച്ച കത്തുകള്‍ 

നിന്‍റെയഴകും എന്‍റെ ഭ്രാന്തും 

ലോകമറിയുവാന്‍ 

അവ മാത്രമാണ് ആധാരം


മൈക്കേൽ ഒണ്ടാജെ, ശ്രീലങ്ക : പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


മൈക്കേൽ ഒണ്ടാജെ (ശ്രീലങ്ക)

1943ൽ ശ്രീലങ്കയിൽ ജനിച്ചു. 1954ൽ ഇംഗ്ലണ്ടിലേക്കും 1962ൽ കാനഡയിലേക്കും കുടിയേറി. ഇപ്പോൾ ടൊറന്റോയിൽ താമസം. ബില്ലി ദി കിഡ്, ലെഫ്റ്റ് ഹാൻഡഡ് പൊയംസ്, സിന്നമൺ പീലർ, ഹാൻഡ് റൈറ്റിങ് എന്നിവ മുഖ്യ കൃതികൾ. 1976ൽ ജാസ് സംഗീതജ്ഞൻ ബഡ്ഡി ബോൾഡനെ കുറിച്ചെഴുതിയ ‘കമിങ് ത്രൂ സ്ലോട്ടർ’ പ്രശസ്തമായി. 1992ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഇറ്റലിയെ അധികരിച്ച് എഴുതിയ ‘ഇംഗ്ലീഷ് പേഷ്യന്റ്’, ബുക്കർ പ്രൈസിന് അർഹമായി. 1996ൽ അതിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രം അക്കാദമി അവാർഡും നേടി. ‘ബ്രിക്ക്’ എന്ന സാഹിത്യ ജേർണലിന്റെ എഡിറ്ററുമാണ്.

 

ഒരു നിലവിളി ദൂരം- മൈക്കേൽ ഒണ്ടാജേ

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


മധ്യകാല തീരദേശവാസികൾ ഞങ്ങൾ

യോദ്ധാക്കളുടെ രാഷ്ട്രങ്ങൾക്ക് തെക്ക്

കാറ്റിന്റെ കാലഭേദങ്ങളിൽ അവ 

മുമ്പുള്ളതെല്ലാം തകർത്തെറിഞ്ഞു

ഞങ്ങളുടെ നദികളിലൂടൊഴുകി താഴേക്ക്

വടക്കു നിന്ന് സന്യാസിമാർ വന്നു

ആരും പുഴമീൻ തിന്നാത്ത വർഷം അത്

കാടിന്റെയോ കടലിന്റെയോ പുസ്തകങ്ങളില്ല പക്ഷേ

ആളുകൾ മരിച്ചത് ഇവിടങ്ങളിലാണ്

തിരകളിലും ഇലകളിലുമുണ്ടായി കയ്യെഴുത്തുകൾ

പുകയെഴുതിയ തിരക്കഥകൾ

ഈ പുതുഭാഷ മെല്ലെമെല്ലെ

സ്വീകരിച്ചതിന്റെ ഒരടയാളം

മഹാവെലി നദിയിലെ പാലത്തിലുണ്ട്


ഹംബർട്ടോ അക്‘അബാൽ, ഗ്വാട്ടിമാല : പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ഹംബർട്ടോ അക്’അബാൽ (ഗ്വാട്ടിമാല) 1952-2019

തന്റെ മാതൃഭാഷയായ ക്’ഇചെ-യിൽ എഴുതുകയും പിന്നീട് സ്പാനിഷിലേക്ക് മൊഴിമാറ്റുകയും ചെയ്യുന്ന കവി. എന്നാൽ ഈ കവിതകൾ മറ്റനേകം ഭാഷകളിലേക്ക് പരിഭാഷപ്പെട്ടതോടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായി. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏറെ വായിക്കപ്പെടുന്ന കവി. സവിശേഷമായ ചില കാവ്യപ്രയോഗങ്ങളിലൂടെയും പൊതു ചൊല്ലരങ്ങുകളിലൂടെയും പ്രശസ്തനായി. അബ്യയാലയിലെ തനത് സമൂഹത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു. പൊതുസംസ്കാരത്തിന്റെ ആചാരങ്ങൾക്ക്  കീഴടങ്ങാത്ത ഒരു തരം വെല്ലുവിളികളായിരുന്നു കവിതകളിൽ ഏറെയും. “എന്റെ തോന്നലുകളാണ്, ജീവിതമാണ്, കാഴ്ചകളാണ് സ്വതന്ത്രമായി ഞാൻ പറയുന്നത്” എന്ന് അതിന് അദ്ദേഹം അടിവരയുമിട്ടു.


1.

ഇഷ്ടമാണെനിക്ക്


നീളെ പറക്കവേ കിളികൾ

പാടണം കാഷ്ഠിക്കണം

എന്റെ നോട്ടപ്പാടിന്റെ

നൂലറ്റം തീരും വരെ


ഒരു കിളിയായ് പറന്നുപറന്നുപറന്ന്

ചിലരുടെയും ചിലതിന്റെയും മേൽ

ആനന്ദത്തോടെയെനിക്ക് കാഷ്ഠിക്കണം


2.

വഴിയിലെ കല്ല്


വഴിയിലെയൊരു ചെറുകല്ല്

വീണ്ടും വീണ്ടും തൊഴിച്ചുതെറിപ്പിച്ച്

നടക്കവേ എന്നോടുതന്നെ ഞാനിതുരുവിടും

റോഡിലെയൊരു കല്ല് പോലും

ദൈവമെന്നവർ പറയാറുണ്ട്

ആളില്ലാത്തൊരു തെരുവിൽ

തട്ടിത്തെറിപ്പിച്ചുപോകുന്ന

ഒരു കല്ലിനെക്കുറിച്ച്

അസാധാരണമായതൊന്നും

പറയാനില്ലാത്ത ഞാൻ

അവർ പറഞ്ഞത് 

എന്നോടുതന്നെ പറയാറുണ്ട്


വിഷയമില്ലാതെ പ്രവൃത്തിയില്ലെന്നതിനാലും

കവിതയ്ക്ക് സമയക്രമമില്ലാത്തതിനാലും

ഈയുച്ചതിരിഞ്ഞ് എന്റെ വിഷയം

കല്ല് തൊഴിച്ചെറ്റുന്നത് മാത്രം

കല്ല് മറ്റൊരു കല്ലിനെ തെറിപ്പിക്കുന്നു

അത് പാടുന്നില്ല പ്രപഞ്ചത്തിൽ നിറയുന്നില്ല

വീട്ടിലേക്കു മടങ്ങവേ

ഏതൊരാൾക്കും പറയാം

അത് ഒന്നുമേയല്ല എന്ന്


ഹാദി ഖൊർസന്ദി, ഇറാൻ: പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


രണ്ട് നല്ല കുട്ടികൾ രണ്ട് ചീത്തക്കുട്ടികൾ
ഹാദി ഖൊർസാന്ദി, ഇറാൻ

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ഒരിടത്തൊരുകാലത്ത്

രണ്ട് നല്ല കുട്ടികളുണ്ടായിരുന്നു

രണ്ട് ചീത്തക്കുട്ടികളും

നല്ല കുട്ടികൾ എപ്പോഴും അച്ചനെ അനുസരിച്ചു

റിപ്പബ്ലിക്കൻപാർട്ടിയിൽ ചേർന്നു

ചീത്തക്കുട്ടികൾ എപ്പോഴും അച്ചനെ അനുസരിച്ചു

ബാത് പാർട്ടിയിൽ ചേർന്നു

ചീത്തക്കുട്ടികൾ അച്ചന്റെ പേര് മുതലെടുത്തു

അപ്പോൾ നല്ല കുട്ടികൾ അച്ചന്റെ പേര് മുതലെടുത്തു

ചീത്തക്കുട്ടികൾ രണ്ടും തട്ടിപ്പുകാരായിരുന്നു

അതുപോലെ രണ്ട് നല്ല കുട്ടികളും

ഒരു നല്ല കുട്ടിയുടെ സഹായത്തോടെ

അവന്റെ സഹോദരൻ പ്രസിഡന്റായി

ഒരു ചീത്തക്കുട്ടി അവന്റെ സഹോദരന്

ഭാവിപ്രസിഡന്റാകാൻ വഴിയൊരുക്കി

ചീത്തക്കുട്ടികളിലൊരുവൻ

സ്ത്രീകളെ ബലാത്സംഗം ചെയ്തു

നല്ല കുട്ടികളിലൊരുവൻ

രാഷ്ട്രങ്ങളെ ബലാത്സംഗം ചെയ്തു

ഒരുനാൾ ലോകർ ഉണറ്ന്നപ്പോൾ കണ്ടു

നല്ലകുട്ടികളിലൊരുവൻ

രണ്ട് ചീത്തക്കുട്ടികളെയും കൊന്നു

ഒരു മുന്നറിയിപ്പെന്നോണം ഏവർക്കും കാണാൻ

ആ ശവമഞ്ചങ്ങളുമായി നഗരകവാടത്തിൽ

അവർ പരേഡ് നടത്തി


ഫ്രാങ്ക് ബായെസ്, ഡൊമിനിക്കൻ റിപബ്ലിക്ക് : പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ഒഴിഞ്ഞുപോക്ക്

ഫ്രാങ്ക് ബായെസ് (ഡൊമിനിക്കൻ റിപ്പബ്ലിക്ക്)

മൊഴിമാറ്റം : ശിവകുമാർ അമ്പലപ്പുഴ


എല്ലാവീടുകളും കാലിയാക്കുംവരെ

അവർ കാത്തുനിന്നു

എല്ലാം പെറുക്കിയടുക്കി

ചാക്കിലാക്കാൻ.

മേഘങ്ങൾ ചന്ദ്രൻ നക്ഷത്രങ്ങൾ

ഫോൺകമ്പികൾ

അവയിലിരുന്ന പ്രാവുകൾ

ചട്ടിയും കലവും

പക്ഷികൾ ആന്റിനകൾ

ഒക്കെയുമെടുത്തു.

ഉഷ്ണമേഖലയുടെ പ്രകൃതിയെ

അപ്പാടെ ചുരുട്ടിയെടുത്തു.

ഒരു കാൻവാസെന്ന പോലെ

അഴിച്ചുമടക്കിയൊരു

സർക്കസ് കൂടാരം പോലെ.

മറ്റൊരു നഗരമെത്തിയാൽ

പൊടിക്കാറ്റടിക്കുന്ന

ഒരു വിജനഭൂമിയിൽ

കുത്തിപ്പൊക്കിനിവർത്താവുന്ന

ഏതോ ഒന്നുപോലെ.

അത് ന്യൂയോർക്കിലോ

ബാർസലോണയിലോ ആവാം.


ഫ്രാൻസിസ് ഒടോൾ, നൈജീരിയ: പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ആഫ്രിക്കൻ മുൾച്ചെടി
ഫ്രാൻസിസ് ഒടോൾ, നൈജീരിയ
പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

ഞാൻ

മകൾ പെങ്ങൾ ഭാര്യ അമ്മ

വിലക്കപ്പെട്ടത് തലയിൽ ചുമക്കുന്നവൾ

എന്നിട്ടും പാരമ്പര്യത്തിൻെറ

ശേഷിപ്പുകളാൽ കെട്ടപ്പെട്ടവൾ

കാണാം

എന്റെയൊച്ച കേൾക്കാൻ

കഴിയില്ല

പെണ്ണ്

മനുഷ്യനെന്ന് പറയാൻ

കഴിയില്ല

ശവപ്പെട്ടിയിലെന്നപോൽ

പുരുഷൻെറ ഉത്തേജനം

കുഞ്ഞുങ്ങൾക്ക് ചപ്പിവലിക്കാനും

ആർത്തവക്കറ എന്റെഅടയാളം

പെറ്റുകൂട്ടാൻ പാകമായ

ഗർഭപാത്രം എനിക്കുണ്ട്

ജീവിച്ചിരിക്കെ ചോരയിറ്റുന്ന

ഹൃദയവും

നുരയിടുന്ന വികാരമുള്ളവളും

ബഹുഭാര്യാത്വത്തിൻെറ

ചാന്ദ്രമാസങ്ങൾ സഹിക്കുന്നവൾ

അടുക്കള ഭരിക്കുന്ന

നിശ്ശബ്ദയായ രാജ്ഞി

കരുത്തുറ്റ മനസ്സെങ്കിലും

ലൈംഗികതയ്ക്കായി

കിടപ്പിലാകുന്നവൾ

പെണ്ണെന്ന വംശം

അവർക്ക് അവരുടെ

ശുക്ലം പരിശോധിക്കുന്നതിന്

ഞാനാണാഫ്രിക്ക

എല്ലാ ചൂടും ഏറ്റുവാങ്ങുന്നത്

എന്നു പറയപ്പെടുന്ന

ഉഷ്ണമേഖല

തളിരിടുന്ന കൗമാരം

ഇഷ്ടമില്ലാതുള്ള കല്യാണം

പഠിക്കാനില്ലവകാശം

പല വേലകൾ ചെയ്യാൻ

ശപിക്കപ്പെട്ടതും

സൂര്യവെട്ടം നിഷേധിക്കപ്പെട്ട

പനിനീർപ്പൂവ്

പണ്ടുതൊട്ടേ

ഇറോക്കോ ഒബേച്ചേ ബഓബാബ്

മരങ്ങളുടെ നിഴലുകളാൽ

ചവിട്ടിമെതിക്കപ്പെട്ട്


ഫർസാനെ ഖൊജണ്ടി (താജികിസ്താൻ) : പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ




ഫർസാനെ ഖുജണ്ടി (താജികിസ്താൻ)

ഇനൊയറ്റ് ഹൊജിയെവ എന്ന് യഥാർത്ഥനാമം. 1964ൽ താജികിസ്താനിലെ ഉൾനാടൻ പ്രവിശ്യയായ ഖുജണ്ടിയിൽ ജനിച്ചു. ഫാർസി, താജിക് എന്നീ പേർഷ്യൻ ഭാഷകളിൽ ഏറ്റവുമധികം വായനക്കാരുള്ള  കവിയാണ്. ഇറാനിലും അഫ്ഘാനിസ്താനിലും പ്രശസ്തയാണ്. സമകാലിക താജിക് കവികളിൽ ഏറ്റവും മുന്നിലുള്ള  എഴുത്തുകാരിയാണ്. പതിഞ്ഞ കളിയും ചിരിയും ചിന്തയും നിറഞ്ഞ എഴുത്തുരീതിക്ക് സമ്പന്നമായ പേർഷ്യൻ സാഹിത്യ പാരമ്പര്യത്തിന്റെ കരുത്തുമുണ്ട്.


പുല്ലാങ്കുഴലൂത്തുകാരൻ 

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ



യഥാർത്ഥത്തിലെവിടെയാണ് ചന്ത

എനിക്കൊരു കൺനിറയെ

കരുണ വാങ്ങണം

എന്റെയാത്മാവിനെ അലങ്കരിക്കണം

ആഗ്രഹങ്ങളുടെ നഗരത്തിൽ നിന്ന്

തുളളിക്കുതിക്കുന്ന നിറക്കൂട്ടുകളുമായി

ഒരു വ്യാപാരി വരാറുണ്ട്

പക്ഷെ ഖൊജെൻഡിയിലെ ഈ ചന്തയിൽ

ചുളിഞ്ഞ മുഖങ്ങൾ

ചുട്ട വാക്കുകൾ

എനിക്കു വേണ്ടത് ടാബ്രിസിലെ

മധുരപലഹാരങ്ങളുടെ തണുപ്പ്

യഥാർത്ഥത്തിലെവിടെയാണ് ചന്ത

പുല്ലാങ്കുഴലൂത്തുകാരൻ പറയുന്നു

കുത്തുവാക്കുകൾക്ക് പാകമായ

കാതുകളുമായി വരിക

വെട്ടം ഇരുട്ടിലേക്ക് ഉരുവിടുന്ന

പ്രാർത്ഥന കേൾക്കുക

വിളറിവെളുത്ത അപമാനത്തിലേക്ക്

മിഴി തുറന്ന്

സത്യത്തിന്റെ ചാരുത കാണുക

യഥാർത്ഥത്തിലെവിടെയാണ് ചന്ത

മുത്തുകളില്ല

പഴയ തുട്ടുകൾ മാത്രമുളള തൊപ്പിയിലേക്ക്

എന്റെ മനസ്സിനെയാവാഹിക്കുന്ന

പുല്ലാങ്കുഴലൂത്തുകാരൻ അവിടെയുണ്ട്

കണ്ണുനീർത്തുളളിയിലെ

രത്നമാണല്ലോ ഞാൻ

പോയേ തീരൂ


ചാൾസ് ബുകോവ്സ്കിയുടെ കവിത: പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ







ഒരു മഹാഎഴുത്തുകാരൻ

ചാൾസ് ബുകോവ്സ്കി

(മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)


മഹാനായ ഒരെഴുത്തുകാരൻ

ജാലകങ്ങളടച്ച് കിടക്കുകയാണ് 

ആരെയും കാണാനിഷ്ടപ്പെടാതെ

ഇനിയൊന്നുമെഴുതാൻ

താത്പര്യമില്ലാതെ

പത്രാധിപന്മാരും പ്രസാധകരും

അന്തം വിട്ടു

ചിലർ പറഞ്ഞു വട്ടാണ്

ചിലർ പറഞ്ഞു വടിയായി

“താത്പര്യപ്പെടുന്നില്ല” എന്ന

മറുപടി മെയിലുകൾ

അയയ്ക്കുന്നത് ഭാര്യയാണ്

ചിലരതിനപ്പുറം അയാളുടെ

വീടിനു പുറത്ത് 

അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

അഴിച്ചിട്ട വെളിയടകൾ കാണുന്നു

ചിലർ ചെന്ന് മണിയടിക്കുന്നു

മറുപടിയില്ല

മഹാനായ എഴുത്തുകാരൻ

ശല്യപ്പെടുത്തലുകൾ

ഇഷ്ടപ്പെടാത്തതാവുമോ

അകത്ത് ഇല്ലാത്തതാവുമോ

ദൂരെയെങ്ങാൻ പോയതാവുമോ

പക്ഷേ അവർക്കെല്ലാം

സത്യമറിയണം

ആ ശബ്ദം കേൾക്കണം

ഇതിനെല്ലാം ന്യായമായ

ഒരു കാരണം കേൾക്കണം

അയാളുടെ സൃഷ്ടികൾ

ആരുമറിയാതെ

ലേലം ചെയ്യപ്പെടുന്നു

വർഷങ്ങളായി പുതിയ

സൃഷ്ടികളില്ല

എന്നിട്ടും

എന്നിട്ടും ജനത്തിന്

സ്വീകാര്യമാകുന്നില്ല

അയാളുടെ നിശ്ശബ്ദത

അവർക്കറിയണം

അയാൾ മരിച്ചോ

അയാൾക്ക് ഭ്രാന്തായോ

അയാ‍ൾക്കൊരു കാരണമുണ്ടെങ്കിൽ

പറയൂ ഞങ്ങളോട്

അവരയാളുടെ വീടിനരികത്തൂടെ

നടക്കുന്നു

കത്തുകളെഴുതുന്നു

മണിയടിക്കുന്നു

അവർക്ക്  മനസ്സിലാകുന്നില്ല

അതിനാൽ കാര്യങ്ങളതുപോൽ

വിഴുങ്ങാനും തയാറല്ല


എന്തായാലും

എനിക്കതിഷ്ടമായി


ബോറിസ് എ.നൊവാക്, സ്ലൊവേന്യ: പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ



ബോറിസ് എ.നൊവാക് (സ്ലൊവേനിയ)

1953ൽ ബെൽഗ്രേഡിൽ ജനിച്ചു. കവിതകൾ,  നാടകങ്ങൾ, ലേഖനങ്ങൾ എന്നിവ എഴുതുന്നു. മികച്ച പരിഭാഷകനുമാണ്. സ്ലൊവേനിയയിലെ ലുബ്ലാന സർവ്വകലാശാലയിൽ പ്രൊഫസർ ആണ്. ജനാധിപത്യത്തിനും പ്രതികരണ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.മുൻ യുഗോസ്ലാവിയൻ അഭയാർത്ഥികൾക്കും സരജെവോയിലെ എഴുത്തുകാർക്കും മാനുഷികസഹായങ്ങൾ നൽകുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. സ്ലൊവേനിയയിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നയിച്ചുവരുന്നു. ഇരുപതാം നൂറ്റാണ്ടിലെ അതിക്രമങ്ങളെ അധികരിച്ച് 40,000 Verses ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു കൃതിയുടെ രചയിതാവാണ്. Forms of the World’ എന്ന പേരിൽ കവിതാമാതൃകകളെ കുറിച്ചുള്ള ഒരു ഹാൻഡ്ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകൾ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പുരസ്കാരങ്ങൾ: പ്രെസെരെൻ ഫണ്ട്(1984), ജെങ്കോ അവാർഡ്(1995), സോവ്രേ പുരസ്കാരം(1990).


സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ്

ബോറിസ് എ.നൊവാക്, സ്ലൊവേനിയ

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


സ്മാരകങ്ങളുടെ ഓർമ്മത്തിളക്കമല്ല സ്വാതന്ത്ര്യം

രാഷ്ട്രീയക്കാരന്റെ പൊള്ളവാക്കല്ല

അഭിപ്രായമോ നിയമത്തിന്റെ ഘോഷണമോ അല്ല

ഒരു നാമപദത്തിന്റെ അന്തരിച്ച അർത്ഥമല്ല

സ്ലൊവേനിയൻ സാഹിത്യഭാഷാനിഖണ്ടുവിൽ

സ്വാതന്ത്ര്യം ജീവരക്തവും ചിറകും നിലവിളികളുമാണ്

സ്വാതന്ത്ര്യം ടൺ കണക്കിന് കോൺക്രീറ്റിന്റെ ഭൂഗർഭ അറയല്ല

എപ്പോഴും തിളങ്ങുന്ന പിത്തളയുടെ അമേദ്ധ്യച്ചീളല്ല

ബലൂൺ കൺകെട്ടുവിദ്യ പോലെ

ഒരു രക്ഷപ്പെടലല്ല

കുറയുമ്പോഴും സ്വാതന്ത്ര്യം നിയമത്തിനും  മേലെയാണ്

ഒന്നുമല്ലെങ്കിലും സ്വാതന്ത്ര്യം ഒരു കിരീടമാണ്

സ്വാതന്ത്ര്യം ചിരിയും മാറ്റവും സ്വപ്നവുമാണ്

അടിത്തട്ടില്ലാത്ത വർത്തമാനകാലമാണ്

നിരായുധമാക്കാൻ തുനിയുന്ന തിന്മയ്ക്കെതിരെ

സ്വയം നിലനിർത്തുന്ന ശ്വാസവും പ്രകാശവുമാണ്

സ്വാതന്ത്ര്യം മാറ്റിമറിക്കപ്പെടാനാകാത്ത ഒരു കഥയല്ല

ഭരണകൂടം വാഗ്ദാനം ചെയ്യുന്ന ഉറപ്പല്ല

അതിലും വിലപിടിപ്പുള്ള മനോനിലയാണ്

അറിയുന്നതല്ല സ്വാതന്ത്ര്യം

അതൊരറിയാവഴിയാണ്

ഇവിടെ വാതിൽപ്പടിയിൽ സ്വാതന്ത്ര്യം 

നഗ്നവും മുറിവേറ്റതും നശ്വരവുമായ

ഒരു ശബ്ദമാണ്

സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ്

സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ്


(സ്ലൊവേനിയൻ സർക്കാരിനെതിരെ 2020 മെയ് 29ന് ലുബ്ലാനയിൽ നടന്ന പ്രതിഷേധത്തിൽ കവി വായിച്ചത്)


അദി കെയ്സ്സർ, ഇസ്രയേൽ : പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ

അദി കെയ്സ്സാർ (ഇസ്രയേൽ) 1980

യരുശലേമിൽ ജനിച്ചു. ആർസ് പൊയറ്റിക്ക (Ars Poetica) എന്ന സാഹിത്യസംരംഭത്തിന്റെ സ്ഥാപകയും ഡയറക്ടറുമാണ്. അറേബ്യൻ-മുസ്ലിം രാജ്യങ്ങളിൽ വേരുകളും കിഴക്കൻ പശ്ചാത്തലവുമുള്ള മിസ്രാഹി ഇസ്രയേലി എഴുത്തിനായി സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഈ സംരംഭം. ആർട്ട് ഒഫ് പൊയട്രി എന്നാണർത്ഥം.

അദി കെയ്സ്സാറിന്റെ കവിതകൾ രാഷ്ട്രീയം പറയുന്നു. മൂന്ന് കവിതാസമാഹാരങ്ങൾ. ഇസ്രയേലി റൈറ്റേഴ്സ് പ്രൈസ്, ബേൺസ്റ്റെയിൻ ഫൌണ്ടേഷൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്.

1882ൽ യെമനിൽ നിന്ന് ഓട്ടോമൻ പാലസ്തീനിലേക്ക് കുടിയേറിയതാണ് അദി കെയ്സ്സാറിന്റെ കുടുംബം. അമ്മയുടെ കുടുംബത്തോടോപ്പം 1950ൽ ഇസ്രയേലിലേക്കും കുടിയേറി.


എനിക്കറിയില്ല കവിതചൊല്ലേണ്ടതെങ്ങനെയെന്ന്

അദി കെയ്സ്സർ (യിസ്രയേൽ): മൊഴിമാറ്റം- ശിവകുമാർ അമ്പലപ്പുഴ


ഒരു കവിയരങ്ങിന് പോയി

ഒരാൾ നിന്ന്

കനപ്പിച്ച ശബ്ദത്തിൽ കവിതചൊല്ലി

അതിനാൽ ഞാനറിയുന്നു

അയാളുടെ വാക്കുകൾ പ്രധാനപ്പെട്ടവയെന്ന്

പിന്നൊരുവൾ എഴുന്നേറ്റ്

ദൈന്യസ്വരത്തിൽ കവിതചൊല്ലി

അതിനാൽ ഞാനറിയുന്നു

അവളുടെ വാക്കുകൾ ചലനാത്മകമെന്ന്

വേറൊരാളെഴുന്നേറ്റ്

നാടകീയമായി കവിതചൊല്ലി

അതിനാൽ ഞാനറിയുന്നു

കവിതയെങ്ങനെ ചൊല്ലണമെന്ന്

അവനറിയാമെന്നുള്ളത്


അവനറിയാമെന്ന്

എന്നാൽ ഞാനാഗ്രഹിച്ചത്

അവരെന്നെ അവരുടെ അച്ഛനമ്മമാരൊത്ത്

ഒരു കുടുംബവിരുന്നിന് കൊണ്ടുപോകയും

എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടെ

തീൻമേശയിലെ വിരി

മൊത്തം വിഭവങ്ങളോടെ

വലിച്ചുകുടഞ്ഞ് മേലേക്കെറിയുമ്പോലെ

അവർ കവിത ചൊല്ലണമെന്നായിരുന്നു

എന്തുകൊണ്ടെന്നാൽ

കവിതചൊല്ലൽ അതല്ലെന്നാണെങ്കിൽ

പിന്നെയെന്താണെന്നാണ്


തെരുവിനു നടുവിൽ കവച്ചിരുന്ന് തൂറുന്നത്

വരി തെറ്റിക്കുന്നയാളോട് ഒച്ചയുണ്ടാക്കുന്നത്

അടുപ്പിൽ വെച്ച ചട്ടിയിലെ

ആഹാരം കരിച്ചുകളയുന്നത്

സന്തോഷത്തിന്റെ കുഞ്ഞുനിമിഷങ്ങളെ

വേട്ടയാടി നഗരനടുവിൽ കൊന്നൊടുക്കുന്നത്

തോന്നിയപോലൊരു നമ്പർ ഡയൽ ചെയ്ത്

നിങ്ങളുടെ ടാപ്പിൽ വെള്ളം വരുന്നുണ്ടോ

എന്ന് ചോദിക്കുമ്പോൾ ഉണ്ടെന്നു പറഞ്ഞാൽ

പിന്നെ താനെന്താ കരുതിയത്

കൊക്കകോള വരുമെന്നാണോ

എന്ന് ചോദിച്ച് കട്ട് ചെയ്യുന്നത്

നിങ്ങളുടെ ചെടിയിൽ മൂത്രമൊഴിക്കുന്നത്

പല്ലില്ലാത്ത അവസ്ഥയിൽ

വലിച്ചുനീട്ടി പുഞ്ചിരിക്കുന്നത്

മേശപ്പുറത്ത് കൈപ്പത്തി പരത്തിവെക്കാൻ

ആരോടെങ്കിലും പറഞ്ഞിട്ട്

ഒരു കത്തി വലിച്ചൂരി

അയാളുടെ വിരലുകൾക്കിടയിൽ

ഒന്നുരണ്ടുമൂന്നെന്ന്

തുരുതുരാ കുത്തുന്നത്

കാപ്പികുടിക്കാൻ ആളുകളെ

വീട്ടിലേക്ക് ക്ഷണിച്ച്

പാൽ തീർന്നുപോയെന്നു പറഞ്ഞ്

അവരുടെ കാപ്പിയിൽ ഉപ്പ് തൂവുന്നത്

കടക്കൂ പുറത്ത്

എനിക്ക് നിങ്ങളെ അറിയില്ല

എന്ന് പറയുന്നത്


Friday, 17 March 2023

പീറ്റർ സെമോലിക്, സ്ലൊവേന്യ: 1. അച്ഛൻ 2. മഴുവും കുരുക്കും 3. വീടില്ലാത്ത കവി കാമുകിക്കെഴുതുന്നത് (പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ








പീറ്റർ സെമൊലിക് (സ്ലൊവേനിയ)

1967ൽ ജനിച്ചു. മികച്ച പരിഭാഷകനുമാണ്. അദ്ദേഹത്തിന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ജെങ്കോ അവാർഡ്, പ്രെസെരെൻ പുരസ്കാരം, വിലെൻസിയ ക്രിസ്റ്റൽ അവാർഡ് എന്നിവ സ്വന്തമാക്കി. സ്ലൊവേനിയൻ ഓൺലൈൻ പൊയട്രി മാഗസീൻ ‘പൊയസിസ്’ന്റെ എഡിറ്റർ ആണ്.


1.

അച്ഛൻ:  പീറ്റർ സെമൊലിക്:  സ്ലൊവേനിയ

FATHER- PETER SEMOLIC- SLOVENIA


അച്ഛാ

പോയ രാവിൽ കിനാവിൽ

ഞാനങ്ങയെ കണ്ടു

ഒരു മാനായി പുൽമേട്ടിനരികെ

പേരുചൊല്ലി വിളിച്ചു

അച്ഛാ എന്ന്

മലനീരുറവയെ തൊട്ട് രണ്ടീറൻപൂക്കളായ്

എന്റെ കണ്ണുകളങ്ങയെ നോക്കി

അവയിലടിഞ്ഞ മഞ്ഞ്

മാൻനാക്കിന്റെ ചൂടിൽ

ഒപ്പിയുണക്കാൻ ഞാൻ ക്ഷണിച്ചു

പുൽക്കാടായ മേട്ടിൽ

മറ്റേതോ ലോകത്തെന്ന പോൽ

മറ്റേതോ കിനാവിലെന്ന പോൽ

അച്ഛൻ നിന്നു

ആരുടേതുമല്ലാത്ത

സ്വപ്നത്തിന്റെ വെൺമേഘത്തിലേക്ക്

കൊമ്പുകളുലച്ച്

അച്ഛൻ മറഞ്ഞു


2.

HATCHET AND THE KNOT

മഴുവും കുരുക്കും- പീറ്റർ സെമൊലിക്, സ്ലൊവേനിയ

(പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ)


അച്ഛാ 

മുഴുവൻ ഓർമ്മകളോടെ ചാരമോടെ

ഉണർവ്വിൽ കണ്ടുമുട്ടാൻ

നമുക്ക് നേരമായി


താങ്കളെന്നെ വേഗം തിരിച്ചറിയും

അതേ കണ്ണ് താടി

അങ്ങയുടെ വിധി അടയാളപ്പെടുത്തിയ

എന്റെ ചർമ്മം


അച്ഛാ

ഒരഴിയാക്കുരുക്കിൽ കടത്തിയ

ഒരു മഴുവിന്റെ അസ്തിത്വം നമ്മൾ

അംഗീകരിക്കേണ്ടുന്ന സമയമായി


ഒരു ദിവ്യാദ്ഭുതം ചോദിക്കുന്നില്ല

വായ്ത്തല തേയ്ക്കാൻ ആവശ്യപ്പെടുന്നില്ല

എന്നെന്നേക്കുമായി നമ്മുടെ ചൂള

തണുത്തിരിക്കുമെന്ന വസ്തുത

ഞാൻ സമ്മതിക്കുന്നു

ചെറിയൊരു കാര്യം അങ്ങ് സമ്മതിക്കണം

വളർച്ചയുടെ നിയമങ്ങൾ

നാം പാലിച്ചില്ല


തണുപ്പായിരുന്നെന്ന ഒഴികഴിവ്

ഞാൻ സ്വീകരിക്കുന്നു

പിടി നമ്മുടെ കയ്യിൽ വിറകൊണ്ടത്

അതിനാലായിരുന്നല്ലോ


അച്ഛാ

അത്രമാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ


താങ്കളെപ്പോഴും പറയുമ്പോലെ

കിളികൾ മരങ്ങളിലെ

വെറും സന്ദർശകരാണെന്നും

ഇലകളെ അരിക്കുന്നത്

കാറ്റിന്റെ സ്വന്തം കാര്യമെന്നും

എനിക്കറിയാം

പക്ഷേ ഞാനിങ്ങനെയാണ്


എന്റെ ചടച്ച ചെറുപ്പം

ഓർമ്മകളുടെ ചിതയിലേക്ക്

എങ്ങനെ വലിച്ചെറിയാനാവും

അതിൽ ഉരുക്കിന്റെ നിശ്ശബ്ദത

ഒളിച്ചിരിപ്പുണ്ടെങ്കിലോ


അതിന്റെയസ്തിത്വം

ഉൾക്കൊള്ളുന്നതിലൂടെ അച്ഛാ

താങ്കൾക്ക് സുഖമരണവും

ജീവിതമെനിക്കേറെ

ഭാരമില്ലാത്തതുമാവും


3.

HOMELESS POET WRITING TO HIS LOVE (PETER SEMOLIC, SLOVENIA)

വീടില്ലാത്ത കവി കാമുകിക്കെഴുതുന്നത്

പീറ്റർ സെമൊലിക്, സ്ലൊവേനിയ

(പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ)


വാക്കുകൾ കൊണ്ട്

ഒരു വീടുണ്ടാക്കും ഞാൻ

നാമപദങ്ങൾ ഇഷ്ടികകൾ

ക്രിയകൾ വാതിൽപ്പലകകൾ

വിശേഷണങ്ങൾ പൂക്കളെന്ന പോൽ

ജനൽപ്പടികൾ അലങ്കരിക്കും


പ്രണയത്തിന്റെ മേലാപ്പിൻ കീഴെ

സമഗ്ര നിശ്ശബ്ദതയിൽ

കിടക്കും നമ്മൾ


അങ്ങേയറ്റം അഴകുറ്റതാവും

നമ്മുടെ വീടെങ്കിലും

നമ്മുടെ വാക്കുകളുടെ പെരുപ്പത്താൽ

തകരാവുന്നത്ര ദുർബ്ബലവും


സംസാരിക്കയാണെങ്കിൽത്തന്നെ

കണ്ണിൽക്കാണുന്ന വസ്തുക്കളെ

കുറിച്ച് മാത്രം

കാരണം ഓരോ ക്രിയയും

അടിത്തറയിളക്കിയേക്കാം

തകർത്തേക്കാം


അതിനാലോമനേ

നമ്മുടെ വീട്ടിൽ

സുന്ദരമായ നാളെയ്ക്കായ്

മിണ്ടാതിരിക്ക നാം


ലിദിയ ദിംകോവ്സ്ക, മാസിഡോണിയ: 1. കറ്റാർവാഴ 2. യാത്ര (മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)



ലിഡിയ ദിംകോവ്സ്ക (മാസിഡോണിയ)

കവി, നോവലിസ്റ്റ്, പരിഭാഷക. 1971ൽ മാസിഡോണിയയിലെ സ്കോപ്ജെയിൽ ജനിച്ചു. ഇപ്പോൾ സ്ലൊവേനിയയിലെ ലുബ്ലാനയിൽ താമസം. ആറ് കവിതാസമാഹാരങ്ങൾ, മൂന്ന് നോവലുകൾ എന്നിവ കൂടാതെ മൂന്ന് ആന്തോളജികളുടെ എഡിറ്ററുമായി. പതിനഞ്ചിലധികം ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കവിസമ്മേളനങ്ങളിൽ പങ്കെടുത്തു. 2017 മുതൽ സ്ലൊവേനിയയിലെ വിലെൻസിയ ഇന്റർനാഷനൽ സാഹിത്യ പുരസ്കാരത്തിന്റെ വിധിനിർണ്ണയ സമിതി അദ്ധ്യക്ഷയുമാണ്. 


1. ALOE VERA, LIDIJA DIMKOVSKA, MACEDONIA

കറ്റാർ വാഴ - ലിദിയ ദിമ്കോവ്സ്ക - മാസിഡോണിയ


ചത്തവന്റെ ഉണങ്ങിയ മോന്തയിൽ ഞങ്ങൾ

മോയിസ്ചറൈസിങ് ക്രീം പുരട്ടി

ശവപ്പെട്ടിക്കു മുന്നിൽ അവന്റെ ശേഷക്കാരി

കുമ്പിട്ടു പ്രാർത്ഥിച്ചു

കറ്റാർവാഴേ വരിക

അമ്മാച്ചന്റെ കവിൾ തുടുപ്പിക്കുക

ബദാംതൈലമേ ചുണ്ടുകളിൽ

ഇക്കിളിച്ചിരി പടർത്തൂ

ആഴക്കിനാവിൽ നിന്നതയാളെയുണർത്തും

കറ്റാർവാഴ അദ്ഭുതങ്ങൾ കാട്ടുമെന്ന്

ഒരയൽവാസി

എന്റെ തൊലി കണ്ടോ

കുഞ്ഞുങ്ങളുടേതു പോലെ

അമ്പതുകഴിഞ്ഞെന്നു തോന്നുമോ എന്നവൾ

അവളെ കേട്ടുനിന്ന് ഞങ്ങളേവരും

ഒന്നു മറന്നു

ജീവനുള്ളൊരാളുടെ മുഖത്ത്

കുഴമ്പട ഏഴുമിനിട്ടിരിക്കണമെങ്കിൽ

ചത്തവന്റേതിന് മൂന്നുമിനിട്ട്

അനന്തരോത്തീടെ പ്രാർത്ഥന നിലച്ചതും

മുഖക്കുഴമ്പട്ടി പൊട്ടി

ടാക്സിഡ്രൈവറെ മുഖമില്ലാതടക്കിയിട്ടും

അകമേ നവശീതളം

പോരുംവഴിക്ക് താലംനിറയെ

ചോന്നുതുടുത്ത ആപ്പിളുമായി

മേലങ്കിയിട്ടൊരുത്തി

ആപ്പിളുകളുടെയെണ്ണത്തിനൊക്കും

ആന്തരികസത്യങ്ങൾ എടുത്തോളൂ

നവദമ്പതികളേ നേരല്ലേ

പുനർനവീകരിച്ചതല്ലാത്ത രാഗവായ്പിന്റെ

ഒരു നടവരമ്പത്താദ്യമായ് പ്രണയിച്ചവരിലല്ലേ

ഈ ലോകത്ത് അതിജീവനാധാരം എന്നവൾ

അവൾക്ക് പിരാന്തെന്ന് അവൻ നിനയ്ക്കെ

ആവുന്നത്രയുറക്കെ മണവാട്ടി വിളിച്ചുകൂവി

നോക്ക് എന്നിട്ടു നീ

ആയിരംവട്ടമെന്നെ കൈവിട്ടു

ഹെയർഡ്രൈയറിൻ കീഴിൽ

ആയുഷ്കാലം ചെലവിട്ടൊരുക്കിയ

കേശാലങ്കാരത്തിന്റെ പവിത്രബന്ധം

എന്നിട്ടവൾ വിടർത്തി

പങ്കെടുത്തു മടങ്ങുന്ന ചാവടിയന്തിരത്തിൽ

ഒരു ഓസോൺസുഷിരഗന്ധം അവൾ മണത്തു

ചത്തവൻ സ്വന്തം കീശയിൽ കൈയിട്ടു

ഐൻസ്റ്റീന്റെ ലോകത്ത് പിന്നൊരുകാലത്തും

അവനത് പുറത്തെടുത്തില്ല

കറ്റാർവാഴേ അതെന്തായിരുന്നു

ശവമടക്കോ വിവാഹമോ

ആര് ആരെ പരിണയിച്ചു

ആര് ആരെ കുഴിച്ചിട്ടു


2. THE JOURNEY, LIDIJA DIMKOVSKA

യാത്ര- ലിദിയ ദിംകോവ്സ്ക

(മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)


പുറത്തേയ്ക്കിറങ്ങിയതും

സമയം നിന്നെ ചവിട്ടിമെതിച്ചു

അതിരിനപ്പുറത്തെ തീവണ്ടിയിൽ

ആരോ ഇട്ടെറിഞ്ഞുപോയ ഒരു

മനുഷ്യാവകാശ ലഘുലേഖ ചുരുട്ടി

കണ്ടക്ടർ സീറ്റുകൾ തുടച്ചു

മറ്റ് യാത്രക്കാരുടെ ജാലകങ്ങളിൽ 

മഴ വന്നലച്ചില്ല

മെട്രോസ്റ്റേഷന്റെ പുറത്തേയ്ക്കുള്ള കവാടത്തിൽ

നിനക്കെപ്പോഴും മഴ പെയ്യുന്നതു പോലെ

നിന്റേതിൽ മാത്രം മഴത്തുള്ളികൾ

കല്ലുകൾ പോലെ പതിച്ചു

എസ്കലേറ്ററുകളിൽ പതിച്ച

പ്ലാസ്റ്റിക് സഞ്ചികളിൽ നിന്ന്

അനാഥക്കുട്ടികൾ പശ മണക്കുന്നു

നിന്റെ ആത്മാവിന് വിറയ്ക്കുന്നുണ്ട്

പുറത്തേയ്ക്കെടുക്കുന്നതിനു മുമ്പ്

കാലിയാക്കപ്പെട്ട അലമാര പോലെ

നിന്റെയുടൽ വാപൊളിച്ചു

രാത്രി പകൽബോധത്തിന്റെ

ബോധമില്ലായ്മയായി 

തുലഞ്ഞ കുടിയന്റെ പോലെ 

താടിനീട്ടിയലയുന്ന പത്തൊമ്പതാം നൂറ്റാണ്ടും

പട്ടണത്തിലെ ബാർബർഷോപ്പിൽ

മുടിവെട്ടി ഷേവ് ചെയ്ത് ഇരുപതാം നൂറ്റാണ്ടും

ഇവർക്കിടയിൽ ഭ്രാന്തുപിടിച്ചോടുന്ന

ഇരുപത്തൊന്നാം നൂറ്റാണ്ടും

തുണ്ടുതുണ്ടായി നിന്റെ സ്വപ്നം

നിലയ്ക്കാതെ നീണ്ടു

ആദ്യനഗരത്തിൽ കാത്തിരിക്കുന്നു

പൊളിറ്റ്കൊവ്സ്കായ ക്ലബ്ബ്

രണ്ടാമതിൽ ജോയ്സ് ഐറിഷ് പബ്

മൂന്നാമത്തേതിൽ

‘ഇന്ന് ഡോക്ടർ റോബർട്ടോയുടെ ശവമടക്ക്’

എന്ന നോട്ടീസ് പതിച്ച

നനുത്ത കർട്ടനുകളുള്ള വെളുത്ത വീടുകൾ

നരകത്തിന്റെ ബാൽക്കണികളിൽ

വെളുത്ത അടിവസ്ത്രങ്ങൾ തൂങ്ങുന്നു

കഴുകിയ തലച്ചോറുകൾ തൂക്കാൻ

അയകളും ആണികളും

പണ്ടേ തീർന്നുപോയ

സ്വർഗ്ഗത്തിന്റെ മുഖപ്പുകൾ

അയല്പക്കമൂലകളിലെ അമ്മൂമ്മമാർ

ഒരിക്കൽപ്പോലുമിപ്പോൾ കൈനീട്ടുന്നില്ല

നാട്ടുകാരന്റെ കൊച്ചുമുറിയിലെ മേശമേൽ

ദാസ് ക്യാപ്പിറ്റലിന്റെ രണ്ട് വോല്യങ്ങളും

കക്കൂസിന്റെ ഒരു താക്കോലും

തട്ടുവിളക്കിൽ നിന്ന് ഞാന്ന്

ഒരു കുടുക്ക്

എല്ലാം ശരിയാകുന്ന നാൾ

നീയുമിവിടെയൊരു പോസ്റ്റ്മാനാകും

വലിയൊരു താക്കോൽ വളയത്തിൽ നിന്ന്

ഒരു താക്കോലെടുത്ത്

നഗരത്തിലെ സെമിത്തേരി തുറക്കും

മരിച്ചുപോയ സ്ത്രീകൾക്ക് അവരുടെ

മരിച്ചുപോയ ഭർത്താക്കന്മാരുടെ

കത്തുകൾ വായിച്ചുകൊടുക്കും

കറുത്ത നീളൻ കോട്ടുകളണിഞ്ഞ്

അയലത്തെ കുട്ടികൾ നിന്നെ പൊതിയും

അതിനു ശേഷമാരും

നിന്നെ തീരെ ഓർക്കുകയേ ഇല്ല

നീയിവിടെ ഉണ്ടാ‍യിരുന്നെന്നോ

മറ്റെങ്ങോ ജനിച്ചതാണ് നീയെന്നോ





മാനുവൽ ഡി ഫ്രെയിറ്റസ്, പോർച്ചുഗൽ: 1. എല്ലാമുരിഞ്ഞ് 2. ഔഷധമദ്യം 3.വിശുദ്ധമൃത്യു (പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)

 


മാനുവൽ ഡി ഫ്രെയിറ്റ (പോർച്ചുഗൽ) 1972

1990 മുതൽ ലിസ്ബണിൽ താമസിക്കുന്നു. പതിനെട്ടോളം  കൃതികൾ, കവിതാസംബന്ധിയായി നിരവധി ലേഖനങ്ങൾ, പരിഭാഷകൾ  എന്നിവയുടെ കർത്താവ്‌. ലിസ്ബൺ പബ്ലിഷിങ് ഹൌസ് എന്ന പ്രസാധനശാലയുടെ ഉടമയാണ്. ടെലഹഡോസ് ഡി വിഡ്രൊ എന്ന സാഹിത്യമാസികയുടെ പത്രാധിപരാണ്. നവസാമൂഹ്യവിമർശനത്തിന്റെ ദർശനങ്ങൾ ഉള്ളവയാണ് അദ്ദേഹത്തിന്റെ കവിതകൾ. സമകാലീന പോർച്ചുഗീസ് കവിതയിലെ ഏറ്റവും ശ്ര്ദ്ധേയരായ കവികളിൽ ഒരാളാണ് മാനുവൽ ഡി ഫ്രെയിറ്റ.


1.

ALL STRIPPED DOWN

MANUEL DE FREITAS, Portugal

എല്ലാമുരിഞ്ഞ്

(മാനുവേൽ ഡി ഫ്രെയ്റ്റ, പോർച്ചുഗൽ)

മുതുക്കൻ

കഷണ്ടി

വകയ്ക്കു കൊള്ളാത്തവൻ

ഭോഗത്തിന്

തന്നെ സഹിക്കാനാവതുള്ള

ആളെത്തിരയുന്നു

ഒപ്പം വിശ്വസിക്കണം (വല്ലപ്പോഴും)

ഉയിർത്തെഴുന്നേൽപ്പിൽ


വായിച്ചിട്ടേയില്ല പുസ്തകങ്ങൾ

ഏറെ തുപ്പും

കൂർക്കം വലിക്കും


ഏറ്റവും ഗൗരവമായ കാര്യം

ഒറ്റയ്ക്ക് ചാവരുത്


2.

BECHEROVSKA

Manuel Defreitas, Portugal

ഔഷധമദ്യം

മാനുവെൽ ഡി ഫ്രെയിറ്റസ്


അവിശ്വസനീയമാം വിധം

കറുത്ത മുടിയും

എപ്പോഴും പുഞ്ചിരിച്ച മുഖവും

ഉയരവുമുള്ള നോർവേക്കാരി

ശരിക്കും ദു:ഖിതനായ എന്നോട്

അങ്ങനെയാവരുതെന്ന്

അപേക്ഷിച്ചവൾ

‘നിങ്ങളെന്തു ചെയ്യുന്നു‘ എന്ന്

എന്നോട് ചോദിക്കുന്നതിനു മുൻപ്

എന്റെ അവസാനത്തെ പെഗ്ഗിന്

പണം കൊടുത്തതും

അവളാണെന്ന് തോന്നുന്നു


മരണത്തെക്കുറിച്ചെഴുതുന്നത്

കൃത്യമായും ഒരു തൊഴിലല്ല

പക്ഷേ എന്റെ മറുപടിയായി

എന്റെ കർമ്മമെന്തെന്ന്

ഒരു നാപ്കിൻ കടലാസിലോ മറ്റോ

അവൾക്കുവേണ്ടി മാതം

ചുരൂക്കിപ്പറഞ്ഞത്

അതായിരുന്നു

ഞാൻ കുത്തിക്കുറിച്ചത്

അവൾക്ക് മനസ്സിലായോ എന്ന്

എനിക്കൊരിക്കലും അറിയില്ല

അവൾ എന്റെ പുസ്തകങ്ങൾ

വാങ്ങിയിട്ടുണ്ടോ എന്നും

ആ രാത്രിയിൽ

എന്റെ പൊട്ട ഫ്രെഞ്ച് ഭാഷയിൽ

ഞാൻ പറയാനുദ്ദേശിച്ചതെന്തെന്ന്

കേട്ടുവോ എന്നതും

നിരാശാജനകമായ നഷ്ടമായി

ഏറെക്കുറേ ഓരോ കവിതയും ഇതു തന്നെ

മാപ്പർഹിക്കാത്ത ഒരുതരം പറച്ചിൽ

നമ്മുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം

അത്രയേറെ അടുപ്പമുണ്ടായ

ഒരു ശരീരത്തെ

സ്പർശിക്കുന്നതേയില്ല

മിന്നിമായുന്ന ഒരു പേരുപോലുമത്

അവശേഷിപ്പിക്കുന്നുമില്ല


3.

Heiliger Tod (Holy Death)

Manuel De Freitas, Portugal


വിശുദ്ധമൃത്യു

മാനുവെൽ ഡി ഫ്രെയിറ്റസ്, പോർച്ചുഗൽ


അത് അത്ര കലാമേന്മയുള്ള

ഒരു ഫോട്ടോ ഒന്നുമല്ല

അങ്ങനെയായിരുന്നെങ്കിൽ ഞാൻ

അതിനെക്കുറിച്ച് പറയില്ലായിരുന്നു

ഒരുമിച്ചൊരു ബൊഗൈൻ വില്ലച്ചുവട്ടിൽ

എന്റെ മുത്തശ്ശന് സമീപം ഞാൻ

നല്ല സന്തോഷത്തിലാണ് അദ്ദേഹവും

പുഞ്ചിരിക്കുന്നുണ്ട് രണ്ടാളും

പഴഞ്ചൻ ഫെൽറ്റ് ഹാറ്റ് ധരിച്ച്

വെറുതേ ഒരു മുത്തശ്ശൻ

അവിടെയിരിക്കുന്നുവെന്ന

ലാളിത്യമാർന്ന പ്രസന്നത

എന്റെ സന്തോഷം

കയ്യിലടുക്കിപ്പിടിച്ചിരിക്കുന്ന

ഒരു പെട്ടിയും

ഒരു തീരുമാനം നിഷ്കളങ്കമായി അനുസരിച്ച്

കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ട 

നാസി പട്ടാളക്കാർ ആണതിനുള്ളിൽ


ഇപ്പോഴുമുണ്ടോ കളിക്കോപ്പ് പട്ടാളക്കാർ?

ആ ചിത്രത്തിൽ കാണുന്ന

എന്റെ പ്രായമുള്ള കുട്ടികൾ

ഇക്കാലത്ത് തോക്കുകൾ ചൂണ്ടുന്നു

കൊല്ലുന്നു

ഇടനിലക്കാരാരും ഇല്ലാതെ

അഭിനയമൊന്നുമല്ലാതെ

കളിയ്ക്കയാണെന്ന മൂടുപടവുമില്ലാതെ തന്നെ

എനിക്കറിയില്ല

ഒരു പക്ഷേ അവരായിരിക്കാം ശരി

തീർച്ചയായും കൂടുതൽ ഫലമുണ്ടാക്കുന്നത്

അവർ തന്നെയാണ്

കൊല്ലണമെന്ന് ആഗ്രഹിക്കുന്നതിനു പകരം

അവർ ശരിക്കും കൊല്ലുന്നു

മനുഷ്യത്വമെന്നു വിളിക്കപ്പെടുന്ന

ഈ ചാണകവളത്തിന്റെ ആയുധപ്പുര

മനോഹരമാണെന്നത്

എക്കാലത്തും നാമറിഞ്ഞിരുന്നു 


ഫോട്ടോയിലുള്ളവർ ആരുംതന്നെ

ജീവിച്ചിരിക്കുന്നുമില്ല


കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...