Showing posts with label തമിഴ് കവിത. Show all posts
Showing posts with label തമിഴ് കവിത. Show all posts

Monday, 20 March 2023

മിന്നാമിനുങ്ങേ (തമിഴ്) : ശബരീനാഥൻ


മിന്നാമിനുങ്ങേ
ശബരീനാഥൻ

ആര് നിന്നെ തൊട്ടുണർത്തി

ഏത് കൈ നിനക്ക് കാഴ്ച തന്നു

ഏതുടൽ വിട്ടുപോകുന്നു

ഏതുടൽ നോക്കിപ്പോകുന്നു

കിനവോ നിനവോ വെളിച്ചത്തിൽ

എന്തോർത്ത് പോകുന്നു

എന്തു നീ മറക്കുന്നു

എന്തോർത്ത് പോകുന്നു

എന്തു നീ മറക്കുന്നു

എന്തോർത്ത് പോകുന്നു

എന്തു നീ മറക്കുന്നു

യുഗങ്ങളെത്രയിരുട്ടിൽ

ഒളിച്ചിരുന്നു കണ്ണേ ഊമയായ്

പിന്നെത്ര നൂറ്റാണ്ട്

പനിച്ചുചുരുണ്ട്

നിഷ മൻസൂർ : തേന്മൊഴി ദാസ് (തമിഴ് കവിതകൾ)


 

1. നിഷാ മൻസൂർ

നീ തന്ന പീഡനത്തിൻെറ വേദനകളെ

നിനക്കു തന്നെ തിരിച്ചയക്കുന്നു

എനിക്കിനി ചുമക്കാൻ വയ്യെന്ന്

ദയവായി

എൻെറ വിശ്വാസത്തിൻെറ വിത്തുകളെ

എനിക്കു തന്നെ മടക്കി നൽകൂ

അവയെ എൻെറ

കണ്ണീർ കൊണ്ടു നനച്ചെങ്കിലും

വളർത്തിയെടുത്തോട്ടെ ഞാൻ


2. തേൻമൊഴി ദാസ് 

രൂപത്തെ ഉപേക്ഷിച്ച ശേഷമേ

നിന്നെ കാണുവാൻ ഞാൻ വരികയുളളൂ

നമ്മുടെ രൂപങ്ങൾ

ഒഴുകി നടക്കുന്ന ഭൂമിയെ

നീയും കാണും

വീണ്ടും നാം ഭൂമിയിലേക്ക് മടങ്ങുമ്പോൾ

കാറ്റ് ചുവപ്പുനിറത്തിലും

ജീവൻ ജലത്തിൻെറ രുചിയിലുമായിരിക്കും 

മലനിറുകയിൽ എൻെറ വീടും

മലഞ്ചെരിവിനു കീഴെ

നിൻെറ നാടും ഉണ്ടായിരിക്കും

ശിലകളെ നീ ആസ്വദിക്കുന്ന ഒരു നാൾ

നിനക്കെൻെറയോർമ്മ വരും

അപ്പോൾ നീയെന്നെ തേടിവരും

'വെളളാരങ്കല്ലുകൾ നിൻ വിരലുകൾ'

എന്നൊരു അടയാളവാക്യം

എന്നെ കണ്ടെത്താൻ

നിനക്കു  ഞാൻ തരുന്ന

പൂർവ്വജ്ഞാനത്തിന്റെ താക്കോൽമൊഴി

പൂർവ്വജ്ഞാനത്തിൻെറ താക്കോൽമൊഴി

ആരൊക്കെയോ വരുന്നു (തമിഴ്) -യാഴിശൈ പച്ചോന്തി- പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ആരൊക്കെയോ വരുന്നു

യാഴിശൈ പച്ചോന്തി

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


കോച്ചുന്ന മഞ്ഞിലും കിടുങ്ങുന്ന കുളിരിലും

കുടൽ വിശന്നുകരിഞ്ഞത്

ആരും കണ്ടില്ല

പെരുമഴയിൽ കുതിർന്നതും

കൊടുങ്കാറ്റിൽ ചാഞ്ഞതും

ആരും കണ്ടില്ല

ചോരുന്ന കുടിലിൽ മാനമിടിഞ്ഞതും

പിഞ്ഞിയ ഉടുതുണിയിൽ വെയിലിറങ്ങിവന്നതും

ആരും കണ്ടില്ല

വീണടിഞ്ഞ മരത്തെ വെട്ടിക്കീറി

വിറകായെരിച്ചതും

തെറിച്ച കടലിലലഞ്ഞതും

ആരും കണ്ടില്ല

കുരുവിയെപ്പോലെ ചേർത്തുവെച്ച്

ഒരുതുണ്ടു മണ്ണുവാങ്ങി

അതിലൊരേയൊരു കൂടുകെട്ടി

അതിൻെറ അളവെടുക്കാനും

ഇടിച്ചുനിരത്താനും

വരുന്നുണ്ടാരൊക്കെയോ

ആരൊക്കെയോ വരുന്നു

യാത്രക്കാരി: (തമിഴ്) ലക്ഷ്മി മണിവണ്ണൻ - പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


യാത്രക്കാരി

ലക്ഷ്മി മണിവണ്ണൻ

മൊഴിമാറ്റം -ശിവകുമാർ അമ്പലപ്പുഴ


എപ്പോഴുംകാണാറുണ്ട്

ഞാനറിയുന്ന കുറെ

തെരുവുനായ്ക്കൾ

തളരാതെ ബസ്സുകളെ പിന്തുടരുന്നത്

ചൂടൊതുങ്ങി ആവേശംചോർന്ന് ഓരിയിടുന്നത്

ഒരിക്കലെങ്കിലും

അതുപോലെ ഭ്രാന്തമായി

ബസ്സിനെ പിന്തുടരാനും

ഉളളുനിറയുംവരെ കുരയ്ക്കാനും

അടക്കാനാവാത്ത ഒരാർത്തി

പക്ഷേ മറിച്ച്

ബസ്സിൽ യാത്രക്കാരിയാവാൻ

വിധിക്കപ്പെട്ടിരിക്കുന്നു


മാലതി മൈത്രിയുടെ കവിതകൾ -(തമിഴ്) പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


1.
കടൽ ഞങ്ങളുടെ ചിറക്- മാലതി മൈത്രി -(തമിഴ്)


കടൽ ഞങ്ങളുടെ ഗർഭപാത്രം

കടൽ ഞങ്ങളുടെ എഴുത്തുപലക

കടൽ ഞങ്ങളുടെ കിനാവ്

കടൽ ഞങ്ങളുടെ കല്ലറ

കടൽ ഞങ്ങളുടെ ജീവിതം

കടൽ ഞങ്ങളുടെ വളർച്ച

കടൽ ഞങ്ങളുടെ വയറ്

കടൽ ഞങ്ങളുടെ ചരിത്രം

കടൽ ഞങ്ങളുടെ അതിശയം

കടൽ ഞങ്ങളുടെ അറിവ്

കടൽ ഞങ്ങളുടെ ആശാൻ

കടൽ ഞങ്ങളുടെ ആഭരണം

കടൽ ഞങ്ങളുടെ യാത്ര

കടൽ ഞങ്ങളുടെ സംസ്കാരം

കടൽ ഞങ്ങളുടെ നിധി

കടൽ ഞങ്ങളുടെ കുലം

കടൽ ഞങ്ങളുടെ കൂട്ടാളി

കടൽ ഞങ്ങളുടെ സ്വന്തം

കടൽ ഞങ്ങളുടെ സ്വത്ത്

കടൽ ഞങ്ങളുടെ തൊട്ടിൽ

കടൽ ഞങ്ങളുടെ അമ്മമടിത്തട്ട്

കടൽ ഞങ്ങളുടെ താരാട്ട്

കടൽ ഞങ്ങളുടെ കളിപ്പാട്ടം

കടൽ ഞങ്ങളുടെ പച്ചില

കടൽ ഞങ്ങളുടെ പ്രേമം

കടൽ ഞങ്ങളുടെ കാമം

കടൽ ഞങ്ങളുടെ കണ്ണുനീര്

കടൽ ഞങ്ങളുടെ ഉയർച്ച

കടൽ ഞങ്ങളുടെ ഏറ്റുമുട്ടൽ

കടൽ ഞങ്ങളുടെ ചങ്കൂറ്റം

കടൽ ഞങ്ങളുടെ സമ്മാനക്കപ്പ്

കടൽ ഞങ്ങളുടെ ശവപ്പെട്ടി

കടൽ ഞങ്ങളുടെ അഴക്

കടൽ ഞങ്ങളുടെ അക്ഷയപാത്രം

കടൽ ഞങ്ങളുടെ അമ്മ

എന്റമ്മയെ വിൽക്കാൻ നീയാരെടാ?


2. നിന്ദിതരക്തം


ശ്രീകോവിലിനിരുളിൽ നിൽപ്പൂ

ഞങ്ങളുടെ അർദ്ധനാരീശ്വരി

ശ്വാസം മുട്ടിക്കുന്ന ഏപ്രിൽചൂടിൽ

അടച്ച് തഴുതിട്ട കൽത്തുറുങ്കിൽ

കഴയ്ക്കുമൊറ്റക്കാലിൽ നില്പാണ്


ഉടയുമണ്ഡങ്ങൾ യോനിയിൽ

പശിമയായിറ്റുമസ്വാസ്ഥ്യത്തിൽ

പുളയും ശക്തിയോട് ചോദിക്കയായ്

ഒറ്റവലംകടക്കണ്ണേറാൽ ശിവൻ


രക്തത്തിൻ ഗന്ധരൂക്ഷത

സഹിയാഞ്ഞൊരുപാതിയൂർന്നുപോം

കണ്ഠനാഗത്തെ മറുപാതിയാൽ

പിടിച്ചെടുത്ത് നിണം തുടച്ച്

വലിച്ചുദൂരേയ്ക്കെറിയുന്നവൾ


അമിതമായ് രക്തം സ്രവിക്കയാൽ

അധികപരവശയർത്ഥിച്ചു

അകലെ മാറുക ശങ്കരാ

തരികെനിക്ക് തെല്ലാശ്വാസം

അമ്പരന്നർദ്ധമെയ്യനോതി

അരയുടലുമായ് മൂന്നുനാൾ

കഴിവതെങ്ങനെ ഞാൻ സഖീ

അരുതുടമ്പടിലംഘനം

ഇല്ലഞാൻ നീയെഴാതെന്നോതി

സതിയെയണച്ചുപിടിച്ചവൻ


കാലകത്തിശ്ശയിക്കാനെൻ

ഉടലുമാത്രമായുറങ്ങണം

പറിച്ചെറിഞ്ഞു ശിവനേയവൾ

ഒഴിഞ്ഞ പീഢത്തിലൊറ്റയ്ക്ക്

അമർന്നിരുന്നു പരമേശ്വരി


ചുറ്റമ്പലത്തിൻ നടപ്പാതയിൽ

ഉടനീളം പതിഞ്ഞുകണ്ടത്രേ

ഒറ്റക്കാലടി രക്തമുദ്രകൾ

എഡിസൺ പുഞ്ചിരിക്കുന്നു (തമിഴ്)- പെരു. വിഷ്ണുകുമാർ


എഡിസൺ പുഞ്ചിരിക്കുന്നു 
(തമിഴ്)-  പെരു. വിഷ്ണുകുമാർ

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


നടുരാത്രിയിൽ

ഉറക്കം നഷ്ടപ്പെട്ട്

തട്ടിത്തടഞ്ഞ്

ചുവരിൽ പരതി

മുറിയിലെ ലൈറ്റിടാൻ

ശ്രമിക്കുന്നയാളുടെ മനസ്സിൽ

ഇരുട്ടിൽത്തൂങ്ങുന്ന

ഒരു പ്രകാശപേടകം മാത്രം

അന്നേരം ശരിതെറ്റുകൾ ചികയേണ്ടതില്ല

ഇത്തരത്തിലുള്ള വിഷമഘട്ടങ്ങളിലൊക്കെയും

പോനാൽ പോകട്ടുമെന്ന്

തെറ്റായ സ്വിച്ചിട്ടാലും

പ്രകാശം പരക്കും

അതാണ് ഏറ്റവും 

ദയാവായ്പുള്ള വിളക്ക്


സുകീർതറാണി (തമിഴ്)- കവിതകൾ: പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ


1. ആട്ടിൻകുട്ടിയുടെ രോമം- 


ഇന്നലെ രാത്രി

എന്റെ ഹൃദയം

ആട്ടിൻകുട്ടിയുടെ രോമം പോലെ

ഏറെ പതുപതുത്തിരുന്നു

ഊറിക്കൂടുന്ന കണ്ണുനീർ

ഇനിയൊരിക്കലും തുളുമ്പുകയില്ല

എൻെറ ഇരിപ്പിടത്തിൽ

കാട്ടുവളളി പടർന്നാലെന്ത്

വെട്ടിനീക്കിയാൽ മതിയല്ലോ

വഴിവിളക്കിൻ ചോട്ടിലിരുന്നാണ്

ഇതുമെഴുതുന്നത്

കാൽനടക്കാർ എന്നെ

കടന്നുപോകുന്നുണ്ട്

കൈയളവ് മണ്ണില്ലാത്ത മുറ്റത്ത്

ഏതു ചെടി വളർത്താനാണ്

പൂച്ചകളും ചിറകരിയപ്പെടാത്ത കിളികളും

എൻെറ വീടിനെ വലംവെക്കുന്നു

കുളം നന്നാക്കാൻ പോയ അമ്മ

എപ്പോൾ വരുമെന്നറിയില്ല

അപ്പൻ മരിച്ചിട്ട് ഏറെ നാളായി

വീണുപോയവരുടെ വരുംകാലം

ഞാൻ വായിച്ചുകേൾപ്പിക്കും

ഇടുങ്ങിയ ഓടയിൽ പെട്ടുപോയ

എലിയെ ഞാൻ പുറത്തെടുക്കുന്നു

എൻെറ കൈയിൽ കടിച്ചിട്ട്

അതോടിപ്പോകുന്നു

എന്നിരുന്നാലുമെഴുതും എഴുതിക്കൊണ്ടിരിക്കുന്നു

തിരക്കുളള റോഡരികിൽ

മൂത്രമൊഴിച്ചുകൊണ്ട്

തിരിഞ്ഞുനോക്കുന്നു ഒരാൾ

പൂച്ചന്തയിൽ കൊഴിഞ്ഞ പൂക്കൾ

ശേഖരിച്ച്

അവിടെ വിതറുകയാണ് ഞാൻ

ഇന്നു രാത്രി ഞാൻ

ആട്ടിൻകുട്ടിയുടെ രോമമല്ല


2. അച്ഛന്റെ പരിക്ക്


മൂന്നാംതരത്തിൽ 

പഠിപ്പ് നിർത്തിയ അച്ഛൻ

അപ്പൂപ്പനെ പേടിച്ച്

പുളിമരത്തിന്റെ

ചാഞ്ഞ കൊമ്പിലുറങ്ങുമ്പോൾ

വഴുതിവീണ്

തുടയെല്ല് പൊട്ടിയത്രേ

നാലാംതരത്തിലെ

കാൽക്കൊല്ലപ്പരീക്ഷയിൽ

എന്റെ ചട്ടമടർന്ന സ്ലേറ്റിൽ

ചോക്കുകൊണ്ടെഴുതിക്കിട്ടിയ

നൂറുമാർക്കിൽ നിന്ന്

രണ്ടുമുട്ടകളുമുടച്ച്

തുടയിൽ പുരട്ടി

മുറുക്കിക്കെട്ടിക്കൊടുത്തു

അന്നേ പൊറുത്തുള്ളൂ

അച്ഛന്റെ പരിക്ക്


3. പറച്ചി


ചത്ത പശുവിന്റെ തോലുരിക്കുമ്പോൾ

കാ‍ക്കകളെയാട്ടി ഞാൻ കാവൽ നിൽക്കും.

ഊരുതെണ്ടി കാത്തുകാത്തുനിന്ന് വാങ്ങിയ ചോറ്

ചുടുചോറെന്ന പോലെ വാരിയുണ്ണും.

തെരുവിൽ തപ്പും തൂക്കി

അച്ഛൻ എതിരെ വരുമ്പോൾ

മുഖം മറച്ച് കടന്നു കളയും.

അച്ഛന്റെ തൊഴിലും വരുമാനവും പറയാൻ കഴിയാതെ

അദ്ധ്യാപകനിൽ നിന്ന് തല്ലുവാങ്ങും.

പിൻബെഞ്ചിലിരുന്ന് ആരുമറിയാതെ 

കൂട്ടുകാരികളില്ലാത്ത ഞാൻ കരയും.

ഇപ്പോഴാകട്ടെ ആരെങ്കിലും ചോദിച്ചാൽ

പളുങ്കുമണി പോലെ പറയാറുണ്ട്

പറച്ചിയാണ് ഞാനെന്ന്.


4. എന്റെയുടൽ


കുറ്റിക്കാടുകളുടെ മലയിൽ

പെരുകുന്നൊരു നദി

കരയിലെ പാൽമരച്ചില്ലകൾ

നീർപ്പരപ്പിനെ വളഞ്ഞുതൊടുന്നു.

ഇഞ്ചിമണമാർന്ന പഴങ്ങൾ

നേർത്ത തോലഴിഞ്ഞ്

വിത്തുകളെ പുറന്തള്ളുന്നു.

പാറകളിൽ പള്ളം തീർത്ത്

മുനകളിൽത്തെന്നി

വെള്ളം വീഴുന്നരുവിയായ്.

കുത്തിയൊഴുകും നീർത്താരയിൽ

ചോരപുരണ്ട വായ നനയ്ക്കുന്നു

വേട്ടയാടിത്തീർന്ന പുലി

താഴേക്കിറങ്ങുമ്പോൾ

തീമലയുടെ പിളർവായിൽ നിന്ന്

ചിതറുന്നു ചെഞ്ചാരം

മാനമിരുട്ടി ചുഴലിക്കാറ്റ്

മണ്ണിനെയിളക്കുന്നു.

തണുത്ത രാവിനറുതിയിൽ

ചൂടലിയിക്കുന്ന പ്രകൃതി

എന്നുടലായി ശയിക്കുന്നു.

കവിൻ മലർ- (തമിഴ്) കവിതകൾ- പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

  

1. രഹസ്യത്താക്കോൽ


താക്കോൽ കൈമോശം വന്ന

പെൺകുട്ടി

യജമാനൻെറ ശകാരം ഭയന്ന്

കരയാൻ തുടങ്ങി

കനിവുള്ള ഒരു കാറ്റ്

താക്കോൽദ്വാരത്തിലേക്ക് കടന്ന്

പൂട്ടും കതകും തുറന്നു

ഇതെങ്ങനെയീ കതകുതുറന്നെന്ന്

അവൾ അന്തംവിട്ടു നിന്നു

അവൾക്കറിയില്ലല്ലോ

ഒരു താഴെന്നല്ല

സമസ്തപ്രപഞ്ചത്തിനും താക്കോലാണ്

കുട്ടികളുടെ കണ്ണുനീരെന്ന്


2. വിലാസമില്ലാത്തവൾ


എവിടെയുമുണ്ടാകും

ഇന്നലെയവിടെ ഇന്നിവിടെ

നാളെ എവിടെയെങ്കിലും

നാലുചുവരുകളും മേൽക്കൂരയും

എനിക്ക് പറ്റില്ല

അണ കെട്ടാൻ തുനിയുന്നു നീ

പാതാളത്തിലേക്ക് തള്ളുന്നു

മണൽ തിന്നുവളരുന്ന സമുദ്രം

നിധികളുമായി വരുന്നവൾ ഞാൻ

നീയെന്നിൽ കരിഞ്ചായം പൂശുന്നു

കൊടുംശീതക്കാറ്റിനെ എന്നിലേക്ക് തിരിക്കുന്നു

തമസ്സ്, ധ്രുവപ്പറവ, രണ്ടും ഞാൻ തന്നെ

അസത്യങ്ങളെ ഭക്ഷിക്കുന്നു നീ

ഭൂഗർഭത്തിലേക്ക് എന്നെ തള്ളുന്നു 

കിനാക്കളുടെ പണിശാല ഞാൻ

ഗുരുത്വാകർഷണത്തിന് വെല്ലുവിളിയും

ശ്വാസത്തെ കവർന്നെടുക്കുന്നു

ചുടുകാട്ടിൽ തള്ളുന്നു നീ

സമസ്ത ജീവനുകൾക്കും ശ്വാസവായു ഞാൻ

ഈജിപ്ഷ്യൻ പിരമിഡുകളിൽ വസിക്കുന്നു

എന്റെ കീറയുടുപ്പുകളെ അപഹസിച്ച്

തീ തുപ്പുന്നു നീ

കെടുത്താനാവാത്ത തീയാണ് ഞാൻ

നിർവ്വാണം നേടിയവളും

എനിക്ക് മേൽവിലാസമുണ്ടാക്കാൻ ശ്രമിക്കുന്നു നീ

കാടകങ്ങളിൽ വേട്ടയാടി

ഇറച്ചിയും കനികളും കൊണ്ടുവന്ന്

കരിമുകിൽ പിഴിഞ്ഞ് നീരെടുത്ത്

തിളയ്ക്കുന്ന സൂര്യനിൽ വേവിച്ച്

നിലാവും ചാരിയിരുന്ന് തിന്നും കളിച്ചും

വെണ്മേഘപ്പഞ്ഞിക്കിടക്കയിൽ ഉറങ്ങിയെണീറ്റ്

നക്ഷത്രങ്ങൾക്കിടയിൽ ക്ഷീരപഥത്തിൽ കൂത്താടി

ഗ്രഹങ്ങളെക്കൂട്ടിക്കെട്ടി ഊഞ്ഞാലാടവേ

മിന്നൽപ്പിണരിൽ പിടിച്ചിറങ്ങി വീണ്ടും

മണ്ണിൽ വരുന്നവൾ ഞാൻ

ഈ പ്രപഞ്ചത്തെ കൂട്ടിയിണക്കുന്നവൾ

പ്രപഞ്ചമാകെയെൻ വാസസ്ഥലം

എന്റെ കാലത്തെ അടർത്താൻ നോക്കരുത്

ഞാനൊരു നൂറ്റാണ്ട്.


3. ദിക്കുകൾ വഴികൾ


ദിക്കുകൾ നാലെന്ന് അധ്യാപകൻ

സൂര്യനുദിക്കുന്നിടം വെച്ചറിയുന്നു കുട്ടി

നാലുദിക്കും പെരുമ്പറമുഴക്കമെന്ന് പാഠം 

വടക്കുകിഴക്ക് വർഷമഴ

തെക്കുപടിഞ്ഞാറൻ മൺസൂൺ

മധ്യപൂർവ്വ ഏഷ്യൻ രാജ്യങ്ങൾ

വടക്കുകിഴക്ക് ദിശയിൽ നീങ്ങും കാറ്റെന്ന്

ദിക്കുകളെട്ടും മനസ്സിലാക്കിത്തരുന്നു


കണക്കുക്ലാസ്സിൽ കോമ്പസ് വെച്ച്

വൃത്തം വരയ്ക്കുന്നവൾ

നെടുകെയും കുറുകെയും വരകളിടുന്നു

കടലാസിൻ മുകൾപ്പാതിയെ

വടക്കെന്ന് പഠിച്ചത് വെച്ച്

നാല് ദിക്കുകളും കണക്കാക്കുന്നു

വീണ്ടും രണ്ട് രേഖകൾ വരച്ച്

എട്ട് ദിക്കുകളും അടയാളപ്പെടുത്തുന്നു

തെല്ലൊന്ന് ചിന്തിച്ച പെൺകുട്ടി

വീണ്ടും നെടുകേ കുറുകേ

പല വരകൾ വരയ്ക്കുന്നു

അടുത്തടുത്തായ് അസംഖ്യം വരകൾ

വരച്ച് വരച്ച് ഇരിക്കുന്നു

ഒരു വൃത്തത്തിനുള്ളിൽ എത്രയെത്ര വ്യാസങ്ങൾ

ഓരോ ആരക്കാലുകളും ഓരോ ദിശാസൂചി

ഈ രേഖകൾ പോകുന്ന ദിക്കുകളെല്ലാം

പേരിനിയുമിട്ടിട്ടില്ലേയെന്നവൾ 

അധ്യാപകനോട് ചോദിക്കുന്നു

കണക്കുനോട്ടിൽ കുത്തിവരയ്ക്കുന്നോയെന്ന്

ചൂരലുയർത്തുന്നു അധ്യാപകൻ.


4. മെല്ലെമെല്ലെ തുടങ്ങിയ കളി


കടൽക്കരയിൽ

നനവിൽ തിളങ്ങിയ

പനമടലും കൊട്ടത്തേങ്ങയും

പനമടലിനെ ബാറ്റാക്കി

കൊട്ടത്തേങ്ങയെ പന്താക്കി

കടലിലേക്ക് അടിച്ചുവിടാൻ

അവനറിയാം

ഒരു തിര വന്ന്

പന്തിനെ കരയിലേക്കെറിയുമ്പോൾ

വീണ്ടുമൊരടിയിൽ

കാറ്റിനെ മുറിച്ച് ജലപ്പരപ്പിൽ

പറക്കുന്നു കൊട്ടത്തേങ്ങ

കരുത്തൻകരങ്ങളാൽ തിര

വീണ്ടുംവീണ്ടുമതിനെ

കരയിലേക്ക് തിരിച്ചെറിയുന്നു

അല കരയിലേക്കെത്തിക്കുമ്പോഴൊക്കെ

ഒട്ടും പിഴയ്ക്കാതവൻ

മടൽ കൊണ്ടടിക്കുന്നു

അവനും കടലുമായുളള മത്സരത്തിൽ

എങ്ങനെയും ജയിക്കാൻ

ആർത്തുവരുമലകളോട്

കിണഞ്ഞുകളിക്കുന്ന അവനെ

ആരാധനയോടെ നോക്കുന്നു അവൾ

അവനും നിർത്തുന്നില്ല

അലകളും വിടുന്നില്ല

മടങ്ങാൻ തിരക്കുകൂട്ടുന്ന അവളോട്

പന്തിനെ ബൗണ്ടറി കടത്തുന്നതാണ്

ലക്ഷ്യമെന്ന് പറഞ്ഞ് അവൻ

ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടി

ഒരു തുടങ്ങിയവയെല്ലാം : കതിർ ഭാരതി (തമിഴ്)


ഒരു തുടങ്ങിയവയെല്ലാം :  കതിർ ഭാരതി (തമിഴ്)

മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ





കാളവണ്ടി പോകുന്നു

ഇല്ല

വണ്ടിത്താര കൊണ്ടുപോകുന്നു

ഇല്ല

കാളകൾ വലിക്കുന്നു

ഇല്ല

ചക്രങ്ങൾ ഇഴഞ്ഞുരുളുന്നു

ഇല്ല

മാർനുകം താങ്ങിപ്പോകുന്നു

ഇല്ല

റാന്തൽവെട്ടം വഴികാട്ടുന്നു

ഇല്ല

എട്ടുകാലുകളും രണ്ട് ചക്രങ്ങളും ചേർന്നുപോകുന്നു

ഇല്ല

കുടമണിയൊച്ച അലിഞ്ഞുചേരുന്നു

ഇല്ല

സത്യം മുമ്പേ പോകുന്നു

വണ്ടി പിൻതുടരുന്നു

ഇവയെല്ലാറ്റിന്റെയും മടിയിൽ

വണ്ടിക്കാരനുറങ്ങുന്നു

കടങ്കനേരിയൻ (മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)






കടങ്കനേരിയൻ അരിഹരസുതൻ

(മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)


1.

മുകളിൽ നിന്ന് താഴേക്ക്

നദിയുടെ യാത്ര

എതിർദിശയിലേക്ക്

മീനുകളുടെ യാത്ര

ചൂണ്ടയിട്ട് കരയിൽ

കുത്തിയിരിക്കുന്നു ഞാൻ

2.

നദിയും മീനുകളുമായ് കവിത

നിറഞ്ഞുകവിയുന്നു

കാരണമെന്തെന്ന് ചോദിച്ചാൽ

ദൈവത്തെ നിഷേധിക്കുന്നവന്റെ 

രാശി മകരമത്രേയെന്ന്

3. 

അപ്പുറത്തുമില്ല ഇപ്പുറത്തുമില്ല

പിന്നെയേത് വശത്താണ് നിൽപ്പ്

എങ്ങുമേതിലുമെപ്പൊഴും നിൽക്കുന്നു

പടച്ച നിന്റെ കണ്ണുകൾക്കും

കാണാനാവുന്നില്ലേ എന്റീശ്വരാ

കളളിക്കുരുവി : ചോലൈ ശ്രീനിവാസൻ (പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)

കളളിക്കുരുവി   : ചോലൈ ശ്രീനിവാസൻ

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


മഴപെയ്ത് തോർന്നയുടൻ

തേങ്ങ പെറുക്കാൻ തോപ്പിലേക്ക്

ഓടുമായിരുന്നത്രേ മുത്തശ്ശൻ

തേങ്ങകളോടെ തെങ്ങുകളും

ഒരു പേമഴയിൽ വീണത്

അപ്പൻെറ കാലം

പുതുതായ് വെച്ച തൈകൾ

ആറാംവർഷം കൂമ്പിടുന്നു

ഈ പഞ്ഞത്തിൽ

അതിലൊരു ചെന്തെങ്ങ്

കടിഞ്ഞൂൽകുഞ്ഞിനെ

ചാവിന് കൊടുത്ത പോൽ

ഒടുക്കത്തെ മച്ചിങ്ങയും

പൊഴിക്കുന്നു

ആളില്ലാത്തോപ്പിലൂടെ

ദെണ്ണപ്പെട്ട അക്കക്കാക്കുരുവി

കരഞ്ഞു പറക്കും

വാടി വണ്ടുകുത്തിയ കരിക്ക്

ഇളത്തതെന്ന്

കണ്ണുനോക്കി ചെത്തുന്നു

വിൽപ്പനക്കാരൻ

മൂന്നുകണ്ണുകളുളള വശം ചെത്തി

സ്ട്രോ ഇറക്കി

തുളുമ്പാതെ നീട്ടുമ്പോഴും

തുളുമ്പുന്നുണ്ട്

രണ്ടു കണ്ണുകൾ

അനാർ ഇജ്ജത് രഹാന- ശ്രീലങ്ക (തമിഴ്) (മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)







അനാർ ഇജ്ജത് രഹാന- ശ്രീലങ്ക (തമിഴ്)

(മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)


ജനാലയ്ക്കപ്പുറം

ഇരുട്ടിനെ പിളർക്കുന്നു

കൊള്ളിമീനുകൾ

ഇമകളിറുക്കിയടച്ചിട്ടും ചില്ലിൽ തട്ടുമിടിനാദം


പുതപ്പിനുള്ളിലൊളിച്ചു ഞാൻ 

തുറുകൺമീനുകൾ നീന്തുന്നു പുതപ്പിനുളളിലും


പിന്നെ പതിവുപോൽ

വറ്റിത്തുടങ്ങുന്നു വെളളം

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...