മലയാളകവിതയുടെ പഴയ താളുകൾ, പരിഭാഷകൾ- ലോകകവിത-ഭാരതീയകവിത, അഭിമുഖങ്ങൾ, കുറിപ്പുകൾ, ശിവകുമാർ അമ്പലപ്പുഴയുടെ കവിതകൾ
Thursday, 16 March 2023
പൂർവ്വസൂരികൾ: ചീരാമകവി
പൂർവ്വസൂരികൾ: ചീരാമകവി
ചീരാമകവി- “പ്രഥമപ്രണാമം“
സംഗീതം സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മരുഭൂമിയിലെ പാട്ടില്‍ കാറ്റിന്റെ താളം. മരതകപ്പച്ചയില്‍ ഇടയന്റെ ഈണം. പട്ടിണിയില്‍ നിന്ന് പടപ്പാട്ട്. അടിച്ചമര്ത്തപ്പെടുന്നവന് വിടുതലിന്റെ വീരഗാഥ പാടും. സംഗീതത്തില്‍ നിന്ന് കവിതയും, കവിതയില്‍ നിന്ന് സംസ്കാരവും വേറിടുന്നില്ല; വേരിടുന്നു.
(രാമചരിതത്തില്‍ നിന്ന്- ഈ കവിയുടെയും കവിതയുടെയും കാലം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വിവിധ നിഗമനങ്ങള്‍ നിലവിലുണ്ട്. അത് ചരിത്രത്തിന് വിടാം. വായനക്കാരന് കവിത.)
കാനനങ്കളിലരന്‍ കളിറുമായ്, കരിണിയായ്
കാര്നെടും കണ്ണുമ, തമ്മില്‍ വിളയാടി നടന്റ-
ന്റാനനം വടിവുള്ളാനവടിവായവതരി-
ത്താതിയേ! നല്ല വിനായകനെന്മൊരമലനേ!
നാനിതൊന്റു തുനിയിന്റതിനെന്‍ മാനതമെന്തും
നാളതാര്‍ തന്നില്‍ നിരന്തരമിരുന്തരുള്‍ തെളി-
ന്തൂനമറ്ററിവെനക്കു വന്തുതിക്കും വണ്ണമേ-
യൂഴിയേഴിലും നിറൈന്ത മറൈഞാന പൊരുളേ!
--------------------------------------
--------------------------------------
താരിണങ്കിന തഴൈക്കുഴല്‍ മലര്‍ത്തയ്യല്‍ മുലൈ-
താവളത്തിലിളകൊള്ളുമരവിന്ത നയനാ!
ആരണങ്കളിലെങ്കും പരമയോഗികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ!
മാരി വന്തതൊരു മാമലൈയെടുത്തു തടൈയും
മായനേ,യരചനായ് നിചിചരാതിപതിയെ
പോരില്‍ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാന്
പോകിപോകചയനാ! കവിയെനക്കരുള്‍ ചെയ്യേ!
അരുവൈ പാതിയുരുവായ പരനേ! ചരണതാ-
രകകുരുന്തു കൊടു തന്തതം നിനൈന്തുകൊള്വവര്-
ക്കരിയ വന്‍പിറവിയാം തുയരറുത്തു കളൈവോ-
രചുരനാചകരനേ! വിചയന്‍ വില്‍ത്തടിയിനാല്‍
തിരുവുടമ്പുടൈയുമാററൈന്തവന്റപിമതം
തെളുതെളുപ്പില്‍ വിളയിത്തു തെളിയിത്ത ചിവനേ!
അരചനാകി മതുചൂതനനിരാവണനെ വെ-
ന്റമയെനക്കു പുകഴ്വാന് വഴിവരം തന്റരുളേ.
വഴിയെനക്കു പിഴൈയാതവണ്ണമുറ്റരുള് ചെയ്യെന്
മനകുരുന്തിലിളകൊണ്ടു, പുനല്‍ കൊണ്ടു വടിവാ-
ണ്ടെഴിന്റ കൊണ്ടല്‍ പതറും നെറ്റി തഴൈത്ത കുഴലീ!
ഇളമതിക്കു തുയര് പൊങ്കി വിളങ്കിന്റനുതലി!
ചുഴലനിന്റകിലലോകര് വണങ്കിന്റ കുഴലീ!
തുകില്‍ പുലിത്തൊലി കൊള്ളിന്റരനുതല്ക്കണ്ണിണ പെ-
ട്ടഴിവുപട്ട മലര്വില്ലിയെയനങ്കനനെയ-
വ്വളവു തോറ്റിന പെരുപ്പമുള്ള വെര്പ്പിന് മകളേ!
---------------------------------------
---------------------------------------
മേത നല്‍കുക കവീന്തിരരില്‍ മുമ്പുടയ വാ-
ന്മീകിയും,പിന്ന വിയാതനുമെനക്കതികമായ്
വേതവിത്തു നല്ലകത്തിയനൊരോ പതങ്കളെ
വേര് തിഴിക്കിന തമിഴ്ക്കവി പടൈത്ത മുനിയും
ഓതൈയില്ത്തുയിലുമണ്ണല് വിണ്ണാളര് പുകഴവേ,-
യൂഴിയില്‍ തെയരതന് തനയനായവതരി-
ത്താതികാലമുള്ളരുംതൊഴില്കള് ചെയ്തവ കഴി-
ന്താഴിമാനിനിയെ മീണ്ട വഴി കൂറുമതിനായ്
ആഴിമാതിനെ നിചാചരവരന്‍ കവര്ന്തുകൊ-
ണ്ടാടിമാതങ്കള്‍ വരും മുന്നം മറൈന്ത വഴിയേ
ഊഴിമീതു നടന്റന്റു കവിമന്നനുറൈവാ-
യോടി നാടുകെനവേയരികള്‍ നാലുതിചൈയും
കീഴുമേലും വിനവിന്റളവില്‍ വായുതനയന്
കേടിലാതമതിയൊടു തിരൈയാഴി കടന്ത-
മാഴനീള്മിഴിയെ മൈതിലിയെ നേടിയോരിരാ-
മാല് പുനൈന്തമയുരൈപ്പതിനരിപ്പമ്മെങ്കളാല്.
---------------------------------------
---------------------------------------
പൂർവ്വസൂരികൾ: നിരണത്ത് രാമപ്പണിക്കർ
നിരണത്ത് രാമപ്പണിക്കര്
ശ്രുംഗാരശ്ലോകങ്ങളില് നിന്നും സന്ദേശഗാനങ്ങളില് നിന്നും വഴിമാറി, പിന്നീട് വന്നവര്‍ക്ക് നൂതനമായ ദിശ കാട്ടിക്കൊടുത്ത കണ്ണശ്ശരാമായണകര്ത്താവിനെ ആധുനികമലയാളത്തിന്റെ ആദ്യശില്പ്പി എന്നു വിശേഷിപ്പിക്കാം.കണ്ണശ്ശരാമായണം- ബാലകാണ്ഡം
ആരാലും ചിന്തിച്ചറിവാന്
അരുതാകിയ പരമാനന്ദാ ജയ
നാരായണ കരുണാകര ജയജയ
നളിനദളായത ലോചനനേ ജയ
താരാര്‍മകള്‍ മണവാളാ ജയജയ
ധരണീവല്ലഭ സകലേശാ ജയ
വാരാകരമതില് നിന്നൊരു മീനായ്
മറകളെ മീണ്ട മഹാപുരുഷാ ജയ
ജയ കൂര്മ്മാക്രുതിയായ് മന്ദരഗിരി
ചെമ്മേ മുതുകിലെടുത്തവനേ ജയ
ഭയകര സൂകര വിഗ്രഹമായേ
പണ്ടവനിയെയുമുയിര്ത്തവനേ ജയ
നയമറിയാത ഹിരണ്യനെ വെല്വാന്
നരസിംഹാക്രുതിയായവനേ ജയ
ജയമെങ്ങള്ക്കുണ്ടാവാന് കുറളായ്
ചെന്നസുരേന്ദ്രനെ വെന്നവനേ ജയ
വെന്നി മികുത്തിരുപത്തൊരു തുടമുടി
വേന്തരെയറുതി പെടുത്തവനേ ജയ
എന്നുമൊരത്തല് വരാതേ കാപ്പാന്
എങ്ങളെ, നീയല്ലാലാരുള്ളോര്?
ഇന്നുമനത്തുലകത്തിനു താപ-
മിയററ്റുമരക്കര്കുലത്തെ മുടിച്ചേ
നന്നി നമുക്കുണ്ടാക്കുക,യെന്നു
നമസ്കാരത്തൊടു ദേവകള്‍ നിന്നാര്.
കണ്ണശ്ശരാമായണം- യുദ്ധകാണ്ഡം- രാമന് ഹനുമാനെ അഭിനന്ദിക്കുന്ന സന്ദറ്ഭം
“ഏവരിവണ്ണമിയറ്റി മുടിപ്പവ-
രേതോരു കാര്യവുമനിലസുതാ! പുന-
രാമവനാഴി കടപ്പാന് നീയേ;
അരുണാനുജ പവനന്മാരെപ്പോല്
ആവതുമല്ല സുരാസുര ജാതികള്‍
ആമവരാരുമിലങ്കയിലേവം
പൂവതിനും പുക്കാരുയിരോടെ
പോരുമതിന്നുമുടെന് കപിവീരാ!
ആതുരനായഴുമെന്നയുമെന്നുടെ
ആരുയിരാകിയ ജാനകി തന്നെയും
ഏതമിലാ മമ സൂര്യകുലത്തെയും
ഇഹ നശിയാതേ കാത്തവനേ നീ,
നീതിയിനാലിതു ചെയ്ക നിമിത്തം
നിരുപമ സുഗ്രീവാദികളാമിവര്
ഖേദമൊഴിഞ്ഞതി സന്തോഷിച്ചാര്‍
കേവലമുണ്ടായിതു തവ പുകഴും.
പുകഴൊടു വീര്യബലാദികളുള്ളവര്
ഭുവനമനത്തിലുമാര് നിന്നൈപ്പോല്?
അഖിലഗുണാകര നീയിച്ചെയ്തതി-
നാമോ പ്രത്യുപകാരം ചെയ്വാന്?
സുഖമിതിലേറ്റമിനിക്കില്ലെ”ന്റേ
ചൊല്ലിയ ശ്രീരാമന് തിരുവടി താന്‍
അകമലിവോടു ഹനൂമാനെപ്പുനര്
അരികില്‍ വിളിച്ചാശ്ലേഷം ചെയ്താന്‍.
കണ്ണശ്ശരാമായണം- കിഷ്കിന്ധാകാണ്ഡം- സീതാവിരഹ സന്ദര്‍ഭം
മഴയുടെ പ്രകൃതിദ്രുശ്യങ്ങള്. രാമന് അനുജനോട്....
ഏറിയ വര്ഷമയം കണ്ണീര് വാര്-
ത്തീടിന കാറ്റാം ദീര്ഘശ്വാസമൊ-
ടീടിയലാ ലാവണ്യത്തോടു-
മിരുന്നിടിനാദമെന്നുമ്മുറയോടും
വേറതിശോകത്തോടേ കൂടി വി-
ലാപിക്കുന്നതു പോലാകാശം
മാറിലയാത വികാരമിയന്നു
മയങ്ങിയ വാറിതു കാണ് സൌമിത്രേ!
---------------------------------
അതു കാണ്, കതിരോനെപ്പൂജിപ്പാ-
നാകാശേ കരയേറുമതിന്നായ്
മതിമാനാം വിധിയന്‍ നിര്‍മ്മിച്ച
മഹാസോപാന പരമ്പര പോലേ
നിതരാം മേഘകുലങ്ങള് പരന്നന
ദിനകരപൂജയ്ക്കെന്ന കണക്കേ
ഇതുകാലം മരുതോടേ പാലക-
ളിത നിന്നന പുഷ്പങ്ങള്‍ ചുമന്നേ.
കണ്ണശ്ശരാമായണം- ആരണ്യകാണ്ഡം- ഹേമന്ത വര്‍ണ്ണന
ശക്തി വെയില്ക്കു കുറഞ്ഞിതു വര്‍ഷ
സമം പൊഴിയും പനിപോരിലറപ്പാല്
അത്തല്‍ മികം ചേവകര്‍ പോല്‍ നീരി-
ലറക്കിന്റന ജലപക്ഷികള്‍ പോലും
നിത്യസുഖം പെറ്റാല്‍ മറ്റുള്ള നി-
മേഷ സുഖാഭാസേഷു നരാണാം
സക്തി വിടും പോല്‍ വിട്ടിതു ശീതള
ധാരാഗ്രുഹവാസാദി സുഖാശാ.
കണ്ണശ്ശരാമായണം- സുന്ദരകാണ്ഡം- അശോകവനിയില്‍ സീത
ഇടരൊടു കണ്ട നിശാചരനായക-
നിവനണയിന്നവനെന്നറിവുറ്റേ
തുടയിണ കൊണ്ടുദരത്തെ മറച്ചേ
ശോഭ മികും കരതാരിണയാലേ
തല മുല മൂടിയുഴറ്റൊടതീവ
തളര്‍ന്നു ചുരുങ്ങിയധോമുഖിയായേ
ചുടുചുട നെടുതായ് വീര്ത്തഴുതവനീ-
സുതയാകിയ വൈദേഹിയിരുന്നാള്.
പൂർവ്വസൂരികൾ: ചെറുശ്ശേരി
ചെറുശ്ശേരി- ‘ഗാഥയുടെ കൃഷ്ണവർണ്ണം‘
കാലഗണനയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് പണ്ഡിതമതം. ഒരൊറ്റ കൃതി തന്നെ ഗാഥ എന്ന പാട്ടുകാവ്യപ്രസ്ഥാനമായി മാറിയ ചരിത്രം. അന്ന് നിലവിലുണ്ടായിരുന്ന മറ്റ് പ്രസ്ഥാനങ്ങളിലെ നല്ല അംശങ്ങള്‍ സമന്വയിപ്പിച്ച തെളിഞ്ഞ ഭാഷ.
അക്രൂരന് അമ്പാടിയില്‍.....
ആഴിനേര്‍വര്‍ണ്ണന്റെ ചേവടിത്താരിണ
പൂഴിയില്ക്കാണായി പൂകുന്നേരം
തേരില്‍ നിന്നന്നേരം പാരിലിറങ്ങീട്ടു
പാരാതെ കുമ്പിട്ടു കൂപ്പി നിന്നാന്
ആഴം പൂണ്ടീടുന്നോരാമോദം തന്നാലേ
പൂഴിയില്‍ വീണു പുരണ്ടാന്‍ ചെമ്മേ
പിന്നെയെഴുന്നേറ്റു ധന്യമായുള്ളോരു
നന്ദന്റെ മന്ദിരം തന്നെക്കണ്ടാന്‍
കാലി കറന്നുള്ളോരൊച്ചയുണ്ടെങ്ങുമേ
ബാലന്മാര് കോലുന്ന ലീലകളും
ഒന്നിനോടൊന്നു കലറ്ന്നു കളിക്കുന്ന
കന്നും കിടാക്കളുമുണ്ടെങ്ങുമേ
കാളകള്‍ തങ്ങളില്‍ കുത്തിക്കുതര്‍ന്നിട്ടു
ധൂളിയെഴുന്നുമുണ്ടോരോ ദിക്കില്‍
ധേനുക്കളെച്ചെന്നു ചാലെക്കറപ്പാനായ്
ചേണുറ്റ പാല്ക്കുഴ ചേര്‍ത്തു കയ്യില്‍
ചാലേ മുറുക്കിന കാഞ്ചിയുമായുള്ള
നീലവിലോചനമാരുണ്ടെങ്ങും
ഗോക്കളെപ്പേര്‍ ചൊല്ലി നീളെ വിളിക്കയും
പാല്ക്കുഴ താവെന്നു ചൊല്ലുകയും
ചേല്‍ക്കണ്ണിമാരുടെ വാക്കുകളിങ്ങനെ
കേള്‍ക്കായി വന്നുതേ പാര്‍ക്കുംതോറും.
---------------------------------
പുനസ്സമാഗമം
അമ്പാടി ഓര്‍മ്മയായി. കണ്ണന് ദ്വാരകയില്‍. കാണണമെന്ന് യശോദയ്ക്കും ആഗ്രഹം. സൂര്യഗ്രഹണം കഴിഞ്ഞുള്ള തീര്‍ത്ഥസ്നാനത്തിന് ഭാര്‍ഗ്ഗവ തീര്‍ത്ഥത്തില്‍ ഒത്തുചേര്‍ന്ന വേള. കൂടിക്കാഴ്ച.
കോപിച്ചു പണ്ടു താന്‍ കോലുമായ് ചെല്ലുമ്പോള്‍
വേപിച്ചു മാറുന്ന മേനി തന്നെ
ചാലെപ്പിടിച്ചങ്ങു പൂണ്ടുനിന്നീടിനാള്‍
ബാലനായുള്ള നാളെന്ന പോലെ
“പാരിച്ചു നിന്നുള്ള പാഴമ ചെയ്കയാല്‍
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
തിണ്ണം വലിച്ചുമുറുക്കി ഞാന്‍ നില്ക്കയാല്
ഉണ്ണിപ്പൂമേനിയില്‍ പുണ്ണില്ലല്ലീ?“
എന്നങ്ങുചൊല്ലിത്തലോടിത്തുടങ്ങിനാള്‍
നന്ദനന്‍ തന്നുടെ മേനി തന്നെ.
എന്മടി തന്നില്‍ ഞാന്‍ നന്നായി വച്ചുകൊ-
ണ്ടെന്മകന്‍ വാഴ്കെന്നു ചൊല്ലും നേരം
എന്മുഖം നോക്കീട്ടു പുഞ്ചിരി തൂകുന്ന
നന്മുഖം കാണട്ടെയെന്നു ചൊല്ലി
അമ്മുഖം തന്നെ മുകര്‍ന്നു തുടങ്ങിനാള്‍
അമ്മയായുള്ള യശോദയപ്പോള്‍
നന്മധു തൂകിവന്നെന്മടി തന്നിലായ്
നന്മുലയുണ്ടു ചിരിക്കുന്നേരം
തിണ്ണമെന്മാറിലണച്ചു നിന്നീടുന്നോ-
രുണ്ണിക്കൈ കാണട്ടെയെന്നു ചൊല്ലി
മെല്ലെന്നടുത്തു പുണര്‍ന്നു നിന്നീടിനാള്‍
പല്ലവം വെല്ലുന്ന പാണി തന്നെ
എന്നുടെ ചേലയില്‍ ചേറു തേച്ചീടിനോ-
രുണ്ണിക്കാല്‍ കാണട്ടെയെന്നു ചൊല്ലി
സമ്മോദം പൂണ്ടു മുകര്‍ന്നു നിന്നീടിനാള്‍
തന്മകന്തന്നുടെ പാദങ്ങളെ.
പൂർവ്വസൂരികൾ: പുനം നമ്പൂതിരി
പുനം നമ്പൂതിരി
ചമ്പു; ഗദ്യവും പദ്യവും കൂടിച്ചേരുന്ന കാവ്യഭാഷാപ്രബന്ധം. ഗദ്യവും താളനിബദ്ധം. ആദ്യകാലചമ്പുക്കള് ഉണ്ണിയച്ചി-ഉണ്ണിയാടി ചരിതങ്ങള്‍. പുനം നമ്പൂതിരിയുടെ രാമായണം, അദ്ദേഹത്തിന്റേത് എന്നു പറയപ്പെടുന്ന ഭാരതം, മഴമംഗലത്തിന്റെ നൈഷധം എന്നീ ചമ്പൂകൃതികള്‍ ഏറെ പ്രമുഖം. പ്രൌഢസൌന്ദര്യം, പാട്ടിന്റെ സരളമാധുര്യം. ഇരുപതോളം പ്രബന്ധങ്ങളായി രാമായണം ചമ്പു.
ഉദ്യാനപ്രവേശം- സീതയെ വശത്താക്കുവാന്‍ ഉദ്യാനത്തിലെത്തുന്ന രാവണന്.
സീതേ, കാണ്, പൂര്‍ണ്ണചന്ദ്രം തെളിവിനൊടു വപു-
ഷ്മന്ത,മീവണ്ണമുണ്ടോ
നാഥേ, രാമാന്തികേ പണ്ടൊരു ദിനമതു ചൊ-
ല്ലോമലേ, നീ യഥാര്‍ത്ഥം
ജാതാനന്ദം കടക്കണ് മമ വപുഷി വഴ-
ങ്ങീടു, മന്ദസ്മിതത്തിന്
മാധുര്യം കൊണ്ടടക്കീടയി സുമുഖി, മലര്-
ച്ചെഞ്ചരച്ചൂടിദാനീം
പണ്ടാദൌ രാമനമ്പോടയി ബത പഴവി-
ല്ലും ഞെരിച്ചാശു നിന്നെ-
ക്കൊണ്ടോടിപ്പോയ്ക്കഴിഞ്ഞാനധിക്മരിശമാ-
യീ മനോരമ്യശീലേ
വണ്ടാര്‍പൂവേണി തക്കം പരിചൊടു പലനാള്‍
പാര്ത്ത്രുന്നേനിദാനിം
കണ്ടേനിത്രെടമെന്നാലിനി മമ ശരണം
നിന് പദം തമ്പിരാട്ടീ
വക്ത്രാംഭോജം മറച്ചീടരുതു കരതലം
കൊണ്ടൂ, കണ്ടോര് പഴിക്കും
മുത്തോലും കൊങ്ക രണ്ടും കമനി, തൊടുകിലോ
പേടിയായ്കോമലേ നീ
പുത്തന്‍ പൂന്തേന്‍ പൊഴിഞ്ഞ മധുരഗിരാ-
ചാരുമാമാശ്വസിപ്പി-
ച്ചുദ്യല്സ്നേഹം പുണര്ന്നീട,ഖിലചലദൃശാം
മൌലിമാണിക്യമാലേ
കറ്റക്കാര്കൂന്തല് നീക്കിത്തിരുമിഴി മുനകൊ-
ണ്ടൊന്നു നോക്കായ്കിലിപ്പോള്
ചുറ്റും നില്ക്കുന്ന മൈക്കണ്ണികള്‍ പഴി പറയും
നിര്‍ണ്ണയം പുണ്യശീലേ
മുറ്റും നീയെന്നി മുറ്റിപ്പുതുമധുമൊഴിമാ-
രാരിവണ്ണം വെടിഞ്ഞോ-
രൂറ്റത്തൊടിത്ര നാളും? കുളി കുറിയിടെഴു-
ന്നീല്ക്ക പോകോമലേ നാം
ത്രൈലോക്യശ്രീ കളിക്കും കളിനിലമബലേ
മാറിടം മാമകീനം
കേളസ്മിന് കാമകോലാഹല വിരതിവിധൌ
വിശ്രമിക്കാമശങ്കം
മേലേ മേലേ വിശേഷം പലവുമനുഭവി-
പ്പിപ്പതിന്നോര്ക്കിലെന്നെ-
പ്പോലേ മറ്റാരിദാനീമുലകില്! വിരുതെനി-
ക്കെന്നതോര്ത്തീടെടോ നീ
ഒന്നങ്ങോര്ക്കേണമിപ്പോളയി സുമുഖി വൃഥാ
രാവണന് കൊന്നു പച്ചേ
തിന്നുമ്പോലെന്നു കണ്ടോര് പറയു,മതുകണ-
ക്കാക്കൊലാ വല്ലഭേ നീ
എന്നും ബോധം വരാ ഞാന്‍ പറകിലതു നിന-
ക്കൊന്നു നോക്കീടു മെല്ലെ-
ന്നെന്നെക്കാമിച്ചിതല്ലോ വിചരതി വിബുധ-
സ്ത്രീജനം പാര്‍ശ്വഭാഗേ
സ്വര്ഗ്ഗസ്ത്രീവര്ഗ്ഗമല്ലോ തവ വിളിപണി ചെ-
യ്യുന്നതെന്നെപ്പുണര്ന്നാല്
മിക്കപ്പോഴും തലോടും ചരണസരസിജം
പൂര്ണ്ണപീയൂഷധാമാ
മൈക്കണ്ണാര്മൌലി മണ്ഡോദരി കരകമലം
താങ്ങുവാനോര്ത്തുകാണുള്-
പ്പുക്കേ കാണാവിതോരോ രസസരണി മഹി-
മാരമാണിക്യമാലേ!
...........................................................
...........................................................
രാക്ഷസേശ്വര, നിനക്കു ഹിതം നീ-
യോര്‍ക്ക കഷ്ട,മിതതീവ വിശേഷാല്‍
മാര്‍ഗ്ഗമായ് ചില പതിവ്രതമാരെ-
ക്കാല്ക്കലിട്ടു പിലയാട്ടുക യോഗ്യം
ഭീമാ രാക്ഷസജാതി നീ പുനരതില്‍-
പ്പോന്നും പിറന്നിങ്ങനെ
കാമഭ്രാന്തു പിടിച്ചു മൂവുലകിലും
ഗത്വാ കുലസ്ത്രീകുലം
സാമര്ത്ഥ്യേന പിടിച്ചുപൂണ്ടഖിലമാ-
ട്ടിക്കൊണ്ടുപോരുന്നതിന്
പേര് മറ്റൊ,ന്നിവിടം നശിക്കുമധുനാ
നിര്‍ണ്ണീത,മോര്ത്തീടെടോ...
പൂർവ്വസൂരികൾ: തുഞ്ചത്ത് എഴുത്തച്ഛൻ
തുഞ്ചത്ത് എഴുത്തച്ഛൻ
( എന്റെ മനസ്സില്‍ ഒളിമായാതെ നില്ക്കുന്ന വരികളാണ് ‘പൂര്‍വ്വസൂരികള്‍ക്ക് പ്രണാമം’ എന്ന തലക്കെട്ടില്‍ എടുത്തുചേര്‍ക്കുന്നത്. അതിബൃഹത്തായ ‘രാമായണകാവ്യ’ത്തില്‍ നിന്ന് എന്റെ മനസ്സിലെ കാവ്യസങ്കല്‍പ്പങ്ങളോട് ഏറ്റവും അടുത്തുനില്ക്കുന്ന ഭാഗം ഉദ്ധരിച്ചിരിക്കുന്നു എന്നു മാത്രം.)
രാമായണം- കിഷ്കിന്ധാകാണ്ഡം
സുഗ്രീവസഖ്യത്തിനായി ബാലിയെ മഹേന്ദ്രാസ്ത്രമെയ്ത് രാമന് കൊല്ലുന്നു. തന്നെക്കൂടി വധിക്കുവാന്‍ ബാലിപത്നി, താര രാമനോട് ആവശ്യപ്പെടുന്നു. അവളുടെ ദു:ഖശമനത്തിന് രാമന്റെ തത്വോപദേശം.
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോലെ വീഴുന്ന കണ്ണുനീരും വാര്‍ത്തു
ദു:ഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരം:
“എന്തിനെനിക്കിനിപ്പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ
ഭര്‍ത്താവു തന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാന്‍.”
....................................................
.....................................................
“ബാണമെയ്തെന്നെയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ
എന്നെപ്പതിയോടു കൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും
ആര്യനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജ ദു:ഖം രഘുപതേ?
വ്യഗ്രവും തീര്‍ത്തു രുമയുമായ് വാഴ്ക നീ
സുഗ്രീവ, രാജ്യഭോഗങ്ങളോടും ചിരം.”
ഇത്ഥം പറഞ്ഞുകരയുന്ന താരയോ-
ടുത്തരമായരുള്‍ചെയ്തു രഘുവരന്:
“എന്തിനു ശോകം വൃഥാ തവ? കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ?
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്മാംസരക്താസ്ഥി കൊണ്ടെടോ
നിശ്ചേഷ്ടകാഷ്ടതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന് നിരാമയന്.
ഇല്ല ജനനവും മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നില്ക്കയുമില്ല നടക്കയുമില്ല കേള്
ദു:ഖവിഷയവുമല്ലതു കേവലം
സ്ത്രീപുരുഷ ക്ലീബഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സര്‍വ്വഗന്‍ ജീവനേകന്‍ പരനദ്വയ-
നവ്യയനാകാശതുല്യനലേപകന്‍
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്ത്വമോര്‍ത്തെന്തു ദു:ഖത്തിന്നു കാരണം?”
.............................................................
“ധന്യേ! രഹസ്യമായുള്ളതു കേള്‍ക്ക നീ
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ് വരും
അത്രനാളേയ്ക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം.
ഓര്‍ക്കില്‍ മിഥ്യാഭൂതമായ സംസാരവും
പാര്‍ക്ക താനേ വിനിവര്‍ത്തിക്കയില്ലെടോ.
നാനാവിഷയങ്ങളെ ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേള്‍ക്ക നീ.
മിഥ്യാഗമം നിജ സ്വപ്നേ യഥാ തഥാ
സത്യമായുള്ളതു കേട്ടാലുമെങ്കിലോ.
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹങ്കൃതിക്കാശു തല്ക്കാര്യമായ്
സംസാരമുണ്ടാമപാര്‍ത്ഥകമായതും
സംസാരമോ രാഗരോഷാദിസങ്കുലം
മാനസം സംസാരകാരണമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തല്‍കൃത ബന്ധം ഭവിക്കുന്നു.
രക്താദിസാന്നിദ്ധ്യമുണ്ടാക കാരണം
ശുദ്ധസ്ഫടികവും തദ്വര്‍ണ്ണമായ് വരും.
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു
മല്‍ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം.
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപ വിജ്ഞാനവും ജായതേ.
കരളില്‍ വിവേകം കൂടാതേ ക-
ണ്ടരനിമിഷം ബത! കളയരുതാരും
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം, നാരായണ ജയ
കാണുന്നൂ ചിലര്‍ പലതുമുപായം
കാണുന്നില്ല മരിക്കുമിതെന്നും
കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ, നാരായണ ജയ
കിമപി വിചാരിച്ചീടുകില്‍ മാനുഷ-
ജന്മനി വേണം മുക്തി വരേണ്ടുകില്‍
കൃമിജന്മത്തിലുമെളുതായ് വരുമീ
വിഷയസുഖം ബത, നാരായണ ജയ
കീഴില്ച്ചെയ്ത ശുഭാശുഭകര്മ്മം
മേലില്‍ സുഖദു:ഖത്തിനു കാരണം
സുഖമൊരു ദു:ഖം കൂടാതേ ക-
ണ്ടൊരുവനുമുണ്ടോ നാരായണ ജയ
കുന്നുകള്‍ പോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാല്‍ യമഭടര്‍, നാരായണ ജയ
കൂപേ വീണുഴലുന്നതു പോലേ
ഗേഹേ വാണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകില്‍ മുനിജന-
വാക്കുകള്‍ പറയാം, നാരായണ ജയ
കെട്ടുകളായതു കര്‍മ്മം, പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ, ദൃഢം
കെട്ടുകളോ ഫലഭുക്ത്യാ തീരും
കേട്ടായിനിയും, നാരായണ ജയ
കേള്‍ക്കണമെളുതായുണ്ടു രഹസ്യം
ദുഷ്കൃതവും നിജ സുകൃതവുമെല്ലാം
കാല്ക്കല് നംസ്കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം, നാരായണ ജയ
കയ്യില്‍ വരുന്നതു കൊണ്ടു ദിനങ്ങള്‍
കഴിക്ക, ഫലം പുനരിച്ഛിക്കൊല്ലാ
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിനു തുച്ഛം, നാരായണ ജയ
കൊടിയ തപസ്സുകള്‍ ചെയ്തോരോ ഫല-
മിച്ഛിച്ചീടുകില്‍ മുക്തി വരാ ദൃഢം
അടിമലര്‍ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവര്‍, നാരായണ ജയ
കോപം കൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോര്‍ക്ക സമസ്തം
സുഖവും ദു:വുമനുഭവകാലം
പോയാല്‍ സമമിഹ, നാരായണ ജയ
കൌതുകമൊന്നിലുമില്ലിനി, മഹതാം
ഭഗവദ്ഭക്തന്മാരൊടു കൂടി
ഭഗവദ്ഗുണ കഥന്‍ശ്രവങ്ങ-
ളൊഴിഞ്ഞൊരു നേരം, നാരായണ ജയ
കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജസായൂജ്യത്തെ
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തുപിറന്നാല്‍, നാരായണ ജയ
ഭൂജന്മാര്‍ജ്ജിത കര്‍മ്മമശേഷം
തിരുമുല്‍ക്കാഴ്ച്ച നിനക്കിഹ വച്ചേന്
ജനിമരണങ്ങളെനിക്കിനി വേണ്ടാ
പരിപാലയമാം, നാരായണ ജയ
...................................................
...................................................
ഹരിനാമകീര്‍ത്തനത്തിലെ
ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജനനാ-
ന്ത്യത്തോളം പരമഹാമായ തന്റെ ഗഹി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമ നാരായണായ നമ
അന്‍പേണ്മെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ
അന്‍പത്തൊന്നക്ഷരവുമോരോന്നിതെന്‍ മൊഴിയി-
ലന്‍പോടെ ചേര്ക്ക, ഹരി നാരായണായ നമ
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ, ഹരി നാരായണായ നമ
ഛന്നത്വമാര്‍ന്ന കനല് പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന് മഹിമയാര്‍ക്കും തിരിക്കരുതു
അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രെ തോന്നി, ഹരി നാരായണായ നമ
..................................................................
***********************************
അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും
കലഹം കണ്ടൊരദ്ഭുത രസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലവുമിങ്ങനെ നവനവരസ-
മിടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാസിക
സുമന്ദഹാസവുമധര ശോഭയും.....
..........................................
തുടങ്ങിയ വരികളും നമുക്കു തന്ന മഹാനുഭാവന് പ്രണാമം.
സകലശുകകുലവിമലതിലകിത കളേബരേ
സാരസ്യപീയൂഷസാര സര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ.
കേട്ടാല്‍ മതിവരാത്ത ഭാഷയ്ക്ക് പ്രണാമം!
പൂർവ്വസൂരികൾ: പൂന്താനം
പൂന്താനം
“നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍“ എന്നു തുടങ്ങുന്ന പഞ്ചാക്ഷരകീര്‍ത്തനവും“ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേന്‍“
“അഞ്ജനശ്രീധര ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്”
“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം” എന്നു തുടങ്ങുന്ന സ്തുതികളും
“അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ” എന്ന ആനന്ദനൃത്തവും തന്ന ഭക്തകവി.....
കാലമെന്ന സമയചക്രത്തിന്റെ പ്രയാണത്തിലൂടെ തത്ത്വചിന്തയിലേയ്ക്കും, കര്‍മ്മത്തെയും പിന്നെ ജീവഗതിയെയും കുറിച്ച് പറയുന്ന ജ്ഞാനപ്പാന, ഭാരതദേശത്തിന്റെ മഹിമ സൂചിപ്പിക്കുന്നു. കലിയുഗത്തിന് നമസ്കാരമര്‍പ്പിച്ച്, മനുഷ്യജന്മത്തിന്റെ സുകൃതം വിവരിച്ച്, സംസാരസാഗരത്തിലേയ്ക്ക് കടക്കുന്ന വിസ്മയം.
ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇന്നി നാളെയുമെന്തെന്നറിഞ്ഞീല
ഇന്നിക്കണ്ട തടിയ്ക്കു വിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടങ്ങറിയുന്നതു ചിലര്‍
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പല ജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
ജ്ഞാനത്തിന്നധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ
സാംഖ്യശാസ്ത്രങ്ങള് യോഗശാസ്ത്രങ്ങളും
സംഖ്യയില്ലതു നില്ക്കട്ടെ സര്‍വ്വവും
ചുഴന്നീടുന്ന സംസാരചക്രത്തില്‍
ഉഴന്നീടും നമുക്കറിഞ്ഞീടുവാന്
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു
എളുതായിട്ടു മുക്തി വരുത്തുവാന്‍
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍
കൊഞ്ചിക്കൊണ്ടു വളര്‍ത്തൊരു പൈതലെ
കഞ്ഞിക്കില്ലാഞ്ഞു വില്ക്കുന്നിതു ചിലര്‍
അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും
ഉണ്ണാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍പ്പോലും കാണുന്നില്ലാ ചിലര്‍
സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നൂ ചിലര്‍
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍
കാണ്ക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നില്പ്പൂവെന്നും ചിലര്‍
ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലര്‍
.............................................................
.............................................................
പത്തു കിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കന്നു
വേര്‍വിടാതെ കരേറുന്നു മേല്ക്കുമേല്
സത്തുക്കള്‍ ചെന്നിരന്നാലായര്ത്ഥത്തില്
സ്വല്പമാത്രം കൊടാ ചില ദുഷ്ടര്‍
ചത്തുപോം നേരം വസ്ത്രമതുപോലും
ഒത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും
........................................................
.......................................................
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ...
കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...

-
SivakumarAmbalapuzha: മാലതി മൈത്രിയുടെ കവിതകൾ -(തമിഴ്) പരിഭാഷ: ശിവകുമാർ... : 1. കടൽ ഞങ്ങളുടെ ചിറക്- മാലതി മൈത്രി -(തമിഴ്) കടൽ ഞങ്ങളുടെ ഗർഭപ...
-
കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...
-
സാബു ഷൺമുഖത്തിന്റെ കവിതകൾ (മൊഴിമാറ്റം-ശിവകുമാർ അമ്പലപ്പുഴ) 1 . ഞാനൊരു മേഘത്തിൽ രാത്രി വലയം ചെയ്യുന്നു മൃതി എൻെറ കാൽച്ചുവട്ടിൽ പതുങ്ങുന്നു നീ...