Monday 20 March 2023

സുകീർതറാണി (തമിഴ്)- കവിതകൾ: പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ


1. ആട്ടിൻകുട്ടിയുടെ രോമം- 


ഇന്നലെ രാത്രി

എന്റെ ഹൃദയം

ആട്ടിൻകുട്ടിയുടെ രോമം പോലെ

ഏറെ പതുപതുത്തിരുന്നു

ഊറിക്കൂടുന്ന കണ്ണുനീർ

ഇനിയൊരിക്കലും തുളുമ്പുകയില്ല

എൻെറ ഇരിപ്പിടത്തിൽ

കാട്ടുവളളി പടർന്നാലെന്ത്

വെട്ടിനീക്കിയാൽ മതിയല്ലോ

വഴിവിളക്കിൻ ചോട്ടിലിരുന്നാണ്

ഇതുമെഴുതുന്നത്

കാൽനടക്കാർ എന്നെ

കടന്നുപോകുന്നുണ്ട്

കൈയളവ് മണ്ണില്ലാത്ത മുറ്റത്ത്

ഏതു ചെടി വളർത്താനാണ്

പൂച്ചകളും ചിറകരിയപ്പെടാത്ത കിളികളും

എൻെറ വീടിനെ വലംവെക്കുന്നു

കുളം നന്നാക്കാൻ പോയ അമ്മ

എപ്പോൾ വരുമെന്നറിയില്ല

അപ്പൻ മരിച്ചിട്ട് ഏറെ നാളായി

വീണുപോയവരുടെ വരുംകാലം

ഞാൻ വായിച്ചുകേൾപ്പിക്കും

ഇടുങ്ങിയ ഓടയിൽ പെട്ടുപോയ

എലിയെ ഞാൻ പുറത്തെടുക്കുന്നു

എൻെറ കൈയിൽ കടിച്ചിട്ട്

അതോടിപ്പോകുന്നു

എന്നിരുന്നാലുമെഴുതും എഴുതിക്കൊണ്ടിരിക്കുന്നു

തിരക്കുളള റോഡരികിൽ

മൂത്രമൊഴിച്ചുകൊണ്ട്

തിരിഞ്ഞുനോക്കുന്നു ഒരാൾ

പൂച്ചന്തയിൽ കൊഴിഞ്ഞ പൂക്കൾ

ശേഖരിച്ച്

അവിടെ വിതറുകയാണ് ഞാൻ

ഇന്നു രാത്രി ഞാൻ

ആട്ടിൻകുട്ടിയുടെ രോമമല്ല


2. അച്ഛന്റെ പരിക്ക്


മൂന്നാംതരത്തിൽ 

പഠിപ്പ് നിർത്തിയ അച്ഛൻ

അപ്പൂപ്പനെ പേടിച്ച്

പുളിമരത്തിന്റെ

ചാഞ്ഞ കൊമ്പിലുറങ്ങുമ്പോൾ

വഴുതിവീണ്

തുടയെല്ല് പൊട്ടിയത്രേ

നാലാംതരത്തിലെ

കാൽക്കൊല്ലപ്പരീക്ഷയിൽ

എന്റെ ചട്ടമടർന്ന സ്ലേറ്റിൽ

ചോക്കുകൊണ്ടെഴുതിക്കിട്ടിയ

നൂറുമാർക്കിൽ നിന്ന്

രണ്ടുമുട്ടകളുമുടച്ച്

തുടയിൽ പുരട്ടി

മുറുക്കിക്കെട്ടിക്കൊടുത്തു

അന്നേ പൊറുത്തുള്ളൂ

അച്ഛന്റെ പരിക്ക്


3. പറച്ചി


ചത്ത പശുവിന്റെ തോലുരിക്കുമ്പോൾ

കാ‍ക്കകളെയാട്ടി ഞാൻ കാവൽ നിൽക്കും.

ഊരുതെണ്ടി കാത്തുകാത്തുനിന്ന് വാങ്ങിയ ചോറ്

ചുടുചോറെന്ന പോലെ വാരിയുണ്ണും.

തെരുവിൽ തപ്പും തൂക്കി

അച്ഛൻ എതിരെ വരുമ്പോൾ

മുഖം മറച്ച് കടന്നു കളയും.

അച്ഛന്റെ തൊഴിലും വരുമാനവും പറയാൻ കഴിയാതെ

അദ്ധ്യാപകനിൽ നിന്ന് തല്ലുവാങ്ങും.

പിൻബെഞ്ചിലിരുന്ന് ആരുമറിയാതെ 

കൂട്ടുകാരികളില്ലാത്ത ഞാൻ കരയും.

ഇപ്പോഴാകട്ടെ ആരെങ്കിലും ചോദിച്ചാൽ

പളുങ്കുമണി പോലെ പറയാറുണ്ട്

പറച്ചിയാണ് ഞാനെന്ന്.


4. എന്റെയുടൽ


കുറ്റിക്കാടുകളുടെ മലയിൽ

പെരുകുന്നൊരു നദി

കരയിലെ പാൽമരച്ചില്ലകൾ

നീർപ്പരപ്പിനെ വളഞ്ഞുതൊടുന്നു.

ഇഞ്ചിമണമാർന്ന പഴങ്ങൾ

നേർത്ത തോലഴിഞ്ഞ്

വിത്തുകളെ പുറന്തള്ളുന്നു.

പാറകളിൽ പള്ളം തീർത്ത്

മുനകളിൽത്തെന്നി

വെള്ളം വീഴുന്നരുവിയായ്.

കുത്തിയൊഴുകും നീർത്താരയിൽ

ചോരപുരണ്ട വായ നനയ്ക്കുന്നു

വേട്ടയാടിത്തീർന്ന പുലി

താഴേക്കിറങ്ങുമ്പോൾ

തീമലയുടെ പിളർവായിൽ നിന്ന്

ചിതറുന്നു ചെഞ്ചാരം

മാനമിരുട്ടി ചുഴലിക്കാറ്റ്

മണ്ണിനെയിളക്കുന്നു.

തണുത്ത രാവിനറുതിയിൽ

ചൂടലിയിക്കുന്ന പ്രകൃതി

എന്നുടലായി ശയിക്കുന്നു.

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...