ആരൊക്കെയോ വരുന്നു
യാഴിശൈ പച്ചോന്തി
പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ
കോച്ചുന്ന മഞ്ഞിലും കിടുങ്ങുന്ന കുളിരിലും
കുടൽ വിശന്നുകരിഞ്ഞത്
ആരും കണ്ടില്ല
പെരുമഴയിൽ കുതിർന്നതും
കൊടുങ്കാറ്റിൽ ചാഞ്ഞതും
ആരും കണ്ടില്ല
ചോരുന്ന കുടിലിൽ മാനമിടിഞ്ഞതും
പിഞ്ഞിയ ഉടുതുണിയിൽ വെയിലിറങ്ങിവന്നതും
ആരും കണ്ടില്ല
വീണടിഞ്ഞ മരത്തെ വെട്ടിക്കീറി
വിറകായെരിച്ചതും
തെറിച്ച കടലിലലഞ്ഞതും
ആരും കണ്ടില്ല
കുരുവിയെപ്പോലെ ചേർത്തുവെച്ച്
ഒരുതുണ്ടു മണ്ണുവാങ്ങി
അതിലൊരേയൊരു കൂടുകെട്ടി
അതിൻെറ അളവെടുക്കാനും
ഇടിച്ചുനിരത്താനും
വരുന്നുണ്ടാരൊക്കെയോ
ആരൊക്കെയോ വരുന്നു
No comments:
Post a Comment