Sunday 19 March 2023

ബോറിസ് എ.നൊവാക്, സ്ലൊവേന്യ: പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ



ബോറിസ് എ.നൊവാക് (സ്ലൊവേനിയ)

1953ൽ ബെൽഗ്രേഡിൽ ജനിച്ചു. കവിതകൾ,  നാടകങ്ങൾ, ലേഖനങ്ങൾ എന്നിവ എഴുതുന്നു. മികച്ച പരിഭാഷകനുമാണ്. സ്ലൊവേനിയയിലെ ലുബ്ലാന സർവ്വകലാശാലയിൽ പ്രൊഫസർ ആണ്. ജനാധിപത്യത്തിനും പ്രതികരണ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.മുൻ യുഗോസ്ലാവിയൻ അഭയാർത്ഥികൾക്കും സരജെവോയിലെ എഴുത്തുകാർക്കും മാനുഷികസഹായങ്ങൾ നൽകുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. സ്ലൊവേനിയയിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നയിച്ചുവരുന്നു. ഇരുപതാം നൂറ്റാണ്ടിലെ അതിക്രമങ്ങളെ അധികരിച്ച് 40,000 Verses ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു കൃതിയുടെ രചയിതാവാണ്. Forms of the World’ എന്ന പേരിൽ കവിതാമാതൃകകളെ കുറിച്ചുള്ള ഒരു ഹാൻഡ്ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകൾ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പുരസ്കാരങ്ങൾ: പ്രെസെരെൻ ഫണ്ട്(1984), ജെങ്കോ അവാർഡ്(1995), സോവ്രേ പുരസ്കാരം(1990).


സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ്

ബോറിസ് എ.നൊവാക്, സ്ലൊവേനിയ

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


സ്മാരകങ്ങളുടെ ഓർമ്മത്തിളക്കമല്ല സ്വാതന്ത്ര്യം

രാഷ്ട്രീയക്കാരന്റെ പൊള്ളവാക്കല്ല

അഭിപ്രായമോ നിയമത്തിന്റെ ഘോഷണമോ അല്ല

ഒരു നാമപദത്തിന്റെ അന്തരിച്ച അർത്ഥമല്ല

സ്ലൊവേനിയൻ സാഹിത്യഭാഷാനിഖണ്ടുവിൽ

സ്വാതന്ത്ര്യം ജീവരക്തവും ചിറകും നിലവിളികളുമാണ്

സ്വാതന്ത്ര്യം ടൺ കണക്കിന് കോൺക്രീറ്റിന്റെ ഭൂഗർഭ അറയല്ല

എപ്പോഴും തിളങ്ങുന്ന പിത്തളയുടെ അമേദ്ധ്യച്ചീളല്ല

ബലൂൺ കൺകെട്ടുവിദ്യ പോലെ

ഒരു രക്ഷപ്പെടലല്ല

കുറയുമ്പോഴും സ്വാതന്ത്ര്യം നിയമത്തിനും  മേലെയാണ്

ഒന്നുമല്ലെങ്കിലും സ്വാതന്ത്ര്യം ഒരു കിരീടമാണ്

സ്വാതന്ത്ര്യം ചിരിയും മാറ്റവും സ്വപ്നവുമാണ്

അടിത്തട്ടില്ലാത്ത വർത്തമാനകാലമാണ്

നിരായുധമാക്കാൻ തുനിയുന്ന തിന്മയ്ക്കെതിരെ

സ്വയം നിലനിർത്തുന്ന ശ്വാസവും പ്രകാശവുമാണ്

സ്വാതന്ത്ര്യം മാറ്റിമറിക്കപ്പെടാനാകാത്ത ഒരു കഥയല്ല

ഭരണകൂടം വാഗ്ദാനം ചെയ്യുന്ന ഉറപ്പല്ല

അതിലും വിലപിടിപ്പുള്ള മനോനിലയാണ്

അറിയുന്നതല്ല സ്വാതന്ത്ര്യം

അതൊരറിയാവഴിയാണ്

ഇവിടെ വാതിൽപ്പടിയിൽ സ്വാതന്ത്ര്യം 

നഗ്നവും മുറിവേറ്റതും നശ്വരവുമായ

ഒരു ശബ്ദമാണ്

സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ്

സ്വാതന്ത്ര്യം ഒരു ക്രിയാപദമാണ്


(സ്ലൊവേനിയൻ സർക്കാരിനെതിരെ 2020 മെയ് 29ന് ലുബ്ലാനയിൽ നടന്ന പ്രതിഷേധത്തിൽ കവി വായിച്ചത്)


No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...