യരുശലേമിൽ ജനിച്ചു. ആർസ് പൊയറ്റിക്ക (Ars Poetica) എന്ന സാഹിത്യസംരംഭത്തിന്റെ സ്ഥാപകയും ഡയറക്ടറുമാണ്. അറേബ്യൻ-മുസ്ലിം രാജ്യങ്ങളിൽ വേരുകളും കിഴക്കൻ പശ്ചാത്തലവുമുള്ള മിസ്രാഹി ഇസ്രയേലി എഴുത്തിനായി സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഈ സംരംഭം. ആർട്ട് ഒഫ് പൊയട്രി എന്നാണർത്ഥം.
അദി കെയ്സ്സാറിന്റെ കവിതകൾ രാഷ്ട്രീയം പറയുന്നു. മൂന്ന് കവിതാസമാഹാരങ്ങൾ. ഇസ്രയേലി റൈറ്റേഴ്സ് പ്രൈസ്, ബേൺസ്റ്റെയിൻ ഫൌണ്ടേഷൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്.
1882ൽ യെമനിൽ നിന്ന് ഓട്ടോമൻ പാലസ്തീനിലേക്ക് കുടിയേറിയതാണ് അദി കെയ്സ്സാറിന്റെ കുടുംബം. അമ്മയുടെ കുടുംബത്തോടോപ്പം 1950ൽ ഇസ്രയേലിലേക്കും കുടിയേറി.
എനിക്കറിയില്ല കവിതചൊല്ലേണ്ടതെങ്ങനെയെന്ന്
അദി കെയ്സ്സർ (യിസ്രയേൽ): മൊഴിമാറ്റം- ശിവകുമാർ അമ്പലപ്പുഴ
ഒരു കവിയരങ്ങിന് പോയി
ഒരാൾ നിന്ന്
കനപ്പിച്ച ശബ്ദത്തിൽ കവിതചൊല്ലി
അതിനാൽ ഞാനറിയുന്നു
അയാളുടെ വാക്കുകൾ പ്രധാനപ്പെട്ടവയെന്ന്
പിന്നൊരുവൾ എഴുന്നേറ്റ്
ദൈന്യസ്വരത്തിൽ കവിതചൊല്ലി
അതിനാൽ ഞാനറിയുന്നു
അവളുടെ വാക്കുകൾ ചലനാത്മകമെന്ന്
വേറൊരാളെഴുന്നേറ്റ്
നാടകീയമായി കവിതചൊല്ലി
അതിനാൽ ഞാനറിയുന്നു
കവിതയെങ്ങനെ ചൊല്ലണമെന്ന്
അവനറിയാമെന്നുള്ളത്
അവനറിയാമെന്ന്
എന്നാൽ ഞാനാഗ്രഹിച്ചത്
അവരെന്നെ അവരുടെ അച്ഛനമ്മമാരൊത്ത്
ഒരു കുടുംബവിരുന്നിന് കൊണ്ടുപോകയും
എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടെ
തീൻമേശയിലെ വിരി
മൊത്തം വിഭവങ്ങളോടെ
വലിച്ചുകുടഞ്ഞ് മേലേക്കെറിയുമ്പോലെ
അവർ കവിത ചൊല്ലണമെന്നായിരുന്നു
എന്തുകൊണ്ടെന്നാൽ
കവിതചൊല്ലൽ അതല്ലെന്നാണെങ്കിൽ
പിന്നെയെന്താണെന്നാണ്
തെരുവിനു നടുവിൽ കവച്ചിരുന്ന് തൂറുന്നത്
വരി തെറ്റിക്കുന്നയാളോട് ഒച്ചയുണ്ടാക്കുന്നത്
അടുപ്പിൽ വെച്ച ചട്ടിയിലെ
ആഹാരം കരിച്ചുകളയുന്നത്
സന്തോഷത്തിന്റെ കുഞ്ഞുനിമിഷങ്ങളെ
വേട്ടയാടി നഗരനടുവിൽ കൊന്നൊടുക്കുന്നത്
തോന്നിയപോലൊരു നമ്പർ ഡയൽ ചെയ്ത്
നിങ്ങളുടെ ടാപ്പിൽ വെള്ളം വരുന്നുണ്ടോ
എന്ന് ചോദിക്കുമ്പോൾ ഉണ്ടെന്നു പറഞ്ഞാൽ
പിന്നെ താനെന്താ കരുതിയത്
കൊക്കകോള വരുമെന്നാണോ
എന്ന് ചോദിച്ച് കട്ട് ചെയ്യുന്നത്
നിങ്ങളുടെ ചെടിയിൽ മൂത്രമൊഴിക്കുന്നത്
പല്ലില്ലാത്ത അവസ്ഥയിൽ
വലിച്ചുനീട്ടി പുഞ്ചിരിക്കുന്നത്
മേശപ്പുറത്ത് കൈപ്പത്തി പരത്തിവെക്കാൻ
ആരോടെങ്കിലും പറഞ്ഞിട്ട്
ഒരു കത്തി വലിച്ചൂരി
അയാളുടെ വിരലുകൾക്കിടയിൽ
ഒന്നുരണ്ടുമൂന്നെന്ന്
തുരുതുരാ കുത്തുന്നത്
കാപ്പികുടിക്കാൻ ആളുകളെ
വീട്ടിലേക്ക് ക്ഷണിച്ച്
പാൽ തീർന്നുപോയെന്നു പറഞ്ഞ്
അവരുടെ കാപ്പിയിൽ ഉപ്പ് തൂവുന്നത്
കടക്കൂ പുറത്ത്
എനിക്ക് നിങ്ങളെ അറിയില്ല
എന്ന് പറയുന്നത്
No comments:
Post a Comment