Friday 17 March 2023

പീറ്റർ സെമോലിക്, സ്ലൊവേന്യ: 1. അച്ഛൻ 2. മഴുവും കുരുക്കും 3. വീടില്ലാത്ത കവി കാമുകിക്കെഴുതുന്നത് (പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ








പീറ്റർ സെമൊലിക് (സ്ലൊവേനിയ)

1967ൽ ജനിച്ചു. മികച്ച പരിഭാഷകനുമാണ്. അദ്ദേഹത്തിന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ജെങ്കോ അവാർഡ്, പ്രെസെരെൻ പുരസ്കാരം, വിലെൻസിയ ക്രിസ്റ്റൽ അവാർഡ് എന്നിവ സ്വന്തമാക്കി. സ്ലൊവേനിയൻ ഓൺലൈൻ പൊയട്രി മാഗസീൻ ‘പൊയസിസ്’ന്റെ എഡിറ്റർ ആണ്.


1.

അച്ഛൻ:  പീറ്റർ സെമൊലിക്:  സ്ലൊവേനിയ

FATHER- PETER SEMOLIC- SLOVENIA


അച്ഛാ

പോയ രാവിൽ കിനാവിൽ

ഞാനങ്ങയെ കണ്ടു

ഒരു മാനായി പുൽമേട്ടിനരികെ

പേരുചൊല്ലി വിളിച്ചു

അച്ഛാ എന്ന്

മലനീരുറവയെ തൊട്ട് രണ്ടീറൻപൂക്കളായ്

എന്റെ കണ്ണുകളങ്ങയെ നോക്കി

അവയിലടിഞ്ഞ മഞ്ഞ്

മാൻനാക്കിന്റെ ചൂടിൽ

ഒപ്പിയുണക്കാൻ ഞാൻ ക്ഷണിച്ചു

പുൽക്കാടായ മേട്ടിൽ

മറ്റേതോ ലോകത്തെന്ന പോൽ

മറ്റേതോ കിനാവിലെന്ന പോൽ

അച്ഛൻ നിന്നു

ആരുടേതുമല്ലാത്ത

സ്വപ്നത്തിന്റെ വെൺമേഘത്തിലേക്ക്

കൊമ്പുകളുലച്ച്

അച്ഛൻ മറഞ്ഞു


2.

HATCHET AND THE KNOT

മഴുവും കുരുക്കും- പീറ്റർ സെമൊലിക്, സ്ലൊവേനിയ

(പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ)


അച്ഛാ 

മുഴുവൻ ഓർമ്മകളോടെ ചാരമോടെ

ഉണർവ്വിൽ കണ്ടുമുട്ടാൻ

നമുക്ക് നേരമായി


താങ്കളെന്നെ വേഗം തിരിച്ചറിയും

അതേ കണ്ണ് താടി

അങ്ങയുടെ വിധി അടയാളപ്പെടുത്തിയ

എന്റെ ചർമ്മം


അച്ഛാ

ഒരഴിയാക്കുരുക്കിൽ കടത്തിയ

ഒരു മഴുവിന്റെ അസ്തിത്വം നമ്മൾ

അംഗീകരിക്കേണ്ടുന്ന സമയമായി


ഒരു ദിവ്യാദ്ഭുതം ചോദിക്കുന്നില്ല

വായ്ത്തല തേയ്ക്കാൻ ആവശ്യപ്പെടുന്നില്ല

എന്നെന്നേക്കുമായി നമ്മുടെ ചൂള

തണുത്തിരിക്കുമെന്ന വസ്തുത

ഞാൻ സമ്മതിക്കുന്നു

ചെറിയൊരു കാര്യം അങ്ങ് സമ്മതിക്കണം

വളർച്ചയുടെ നിയമങ്ങൾ

നാം പാലിച്ചില്ല


തണുപ്പായിരുന്നെന്ന ഒഴികഴിവ്

ഞാൻ സ്വീകരിക്കുന്നു

പിടി നമ്മുടെ കയ്യിൽ വിറകൊണ്ടത്

അതിനാലായിരുന്നല്ലോ


അച്ഛാ

അത്രമാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ


താങ്കളെപ്പോഴും പറയുമ്പോലെ

കിളികൾ മരങ്ങളിലെ

വെറും സന്ദർശകരാണെന്നും

ഇലകളെ അരിക്കുന്നത്

കാറ്റിന്റെ സ്വന്തം കാര്യമെന്നും

എനിക്കറിയാം

പക്ഷേ ഞാനിങ്ങനെയാണ്


എന്റെ ചടച്ച ചെറുപ്പം

ഓർമ്മകളുടെ ചിതയിലേക്ക്

എങ്ങനെ വലിച്ചെറിയാനാവും

അതിൽ ഉരുക്കിന്റെ നിശ്ശബ്ദത

ഒളിച്ചിരിപ്പുണ്ടെങ്കിലോ


അതിന്റെയസ്തിത്വം

ഉൾക്കൊള്ളുന്നതിലൂടെ അച്ഛാ

താങ്കൾക്ക് സുഖമരണവും

ജീവിതമെനിക്കേറെ

ഭാരമില്ലാത്തതുമാവും


3.

HOMELESS POET WRITING TO HIS LOVE (PETER SEMOLIC, SLOVENIA)

വീടില്ലാത്ത കവി കാമുകിക്കെഴുതുന്നത്

പീറ്റർ സെമൊലിക്, സ്ലൊവേനിയ

(പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ)


വാക്കുകൾ കൊണ്ട്

ഒരു വീടുണ്ടാക്കും ഞാൻ

നാമപദങ്ങൾ ഇഷ്ടികകൾ

ക്രിയകൾ വാതിൽപ്പലകകൾ

വിശേഷണങ്ങൾ പൂക്കളെന്ന പോൽ

ജനൽപ്പടികൾ അലങ്കരിക്കും


പ്രണയത്തിന്റെ മേലാപ്പിൻ കീഴെ

സമഗ്ര നിശ്ശബ്ദതയിൽ

കിടക്കും നമ്മൾ


അങ്ങേയറ്റം അഴകുറ്റതാവും

നമ്മുടെ വീടെങ്കിലും

നമ്മുടെ വാക്കുകളുടെ പെരുപ്പത്താൽ

തകരാവുന്നത്ര ദുർബ്ബലവും


സംസാരിക്കയാണെങ്കിൽത്തന്നെ

കണ്ണിൽക്കാണുന്ന വസ്തുക്കളെ

കുറിച്ച് മാത്രം

കാരണം ഓരോ ക്രിയയും

അടിത്തറയിളക്കിയേക്കാം

തകർത്തേക്കാം


അതിനാലോമനേ

നമ്മുടെ വീട്ടിൽ

സുന്ദരമായ നാളെയ്ക്കായ്

മിണ്ടാതിരിക്ക നാം


No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...