Friday 17 March 2023

ലിദിയ ദിംകോവ്സ്ക, മാസിഡോണിയ: 1. കറ്റാർവാഴ 2. യാത്ര (മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)



ലിഡിയ ദിംകോവ്സ്ക (മാസിഡോണിയ)

കവി, നോവലിസ്റ്റ്, പരിഭാഷക. 1971ൽ മാസിഡോണിയയിലെ സ്കോപ്ജെയിൽ ജനിച്ചു. ഇപ്പോൾ സ്ലൊവേനിയയിലെ ലുബ്ലാനയിൽ താമസം. ആറ് കവിതാസമാഹാരങ്ങൾ, മൂന്ന് നോവലുകൾ എന്നിവ കൂടാതെ മൂന്ന് ആന്തോളജികളുടെ എഡിറ്ററുമായി. പതിനഞ്ചിലധികം ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കവിസമ്മേളനങ്ങളിൽ പങ്കെടുത്തു. 2017 മുതൽ സ്ലൊവേനിയയിലെ വിലെൻസിയ ഇന്റർനാഷനൽ സാഹിത്യ പുരസ്കാരത്തിന്റെ വിധിനിർണ്ണയ സമിതി അദ്ധ്യക്ഷയുമാണ്. 


1. ALOE VERA, LIDIJA DIMKOVSKA, MACEDONIA

കറ്റാർ വാഴ - ലിദിയ ദിമ്കോവ്സ്ക - മാസിഡോണിയ


ചത്തവന്റെ ഉണങ്ങിയ മോന്തയിൽ ഞങ്ങൾ

മോയിസ്ചറൈസിങ് ക്രീം പുരട്ടി

ശവപ്പെട്ടിക്കു മുന്നിൽ അവന്റെ ശേഷക്കാരി

കുമ്പിട്ടു പ്രാർത്ഥിച്ചു

കറ്റാർവാഴേ വരിക

അമ്മാച്ചന്റെ കവിൾ തുടുപ്പിക്കുക

ബദാംതൈലമേ ചുണ്ടുകളിൽ

ഇക്കിളിച്ചിരി പടർത്തൂ

ആഴക്കിനാവിൽ നിന്നതയാളെയുണർത്തും

കറ്റാർവാഴ അദ്ഭുതങ്ങൾ കാട്ടുമെന്ന്

ഒരയൽവാസി

എന്റെ തൊലി കണ്ടോ

കുഞ്ഞുങ്ങളുടേതു പോലെ

അമ്പതുകഴിഞ്ഞെന്നു തോന്നുമോ എന്നവൾ

അവളെ കേട്ടുനിന്ന് ഞങ്ങളേവരും

ഒന്നു മറന്നു

ജീവനുള്ളൊരാളുടെ മുഖത്ത്

കുഴമ്പട ഏഴുമിനിട്ടിരിക്കണമെങ്കിൽ

ചത്തവന്റേതിന് മൂന്നുമിനിട്ട്

അനന്തരോത്തീടെ പ്രാർത്ഥന നിലച്ചതും

മുഖക്കുഴമ്പട്ടി പൊട്ടി

ടാക്സിഡ്രൈവറെ മുഖമില്ലാതടക്കിയിട്ടും

അകമേ നവശീതളം

പോരുംവഴിക്ക് താലംനിറയെ

ചോന്നുതുടുത്ത ആപ്പിളുമായി

മേലങ്കിയിട്ടൊരുത്തി

ആപ്പിളുകളുടെയെണ്ണത്തിനൊക്കും

ആന്തരികസത്യങ്ങൾ എടുത്തോളൂ

നവദമ്പതികളേ നേരല്ലേ

പുനർനവീകരിച്ചതല്ലാത്ത രാഗവായ്പിന്റെ

ഒരു നടവരമ്പത്താദ്യമായ് പ്രണയിച്ചവരിലല്ലേ

ഈ ലോകത്ത് അതിജീവനാധാരം എന്നവൾ

അവൾക്ക് പിരാന്തെന്ന് അവൻ നിനയ്ക്കെ

ആവുന്നത്രയുറക്കെ മണവാട്ടി വിളിച്ചുകൂവി

നോക്ക് എന്നിട്ടു നീ

ആയിരംവട്ടമെന്നെ കൈവിട്ടു

ഹെയർഡ്രൈയറിൻ കീഴിൽ

ആയുഷ്കാലം ചെലവിട്ടൊരുക്കിയ

കേശാലങ്കാരത്തിന്റെ പവിത്രബന്ധം

എന്നിട്ടവൾ വിടർത്തി

പങ്കെടുത്തു മടങ്ങുന്ന ചാവടിയന്തിരത്തിൽ

ഒരു ഓസോൺസുഷിരഗന്ധം അവൾ മണത്തു

ചത്തവൻ സ്വന്തം കീശയിൽ കൈയിട്ടു

ഐൻസ്റ്റീന്റെ ലോകത്ത് പിന്നൊരുകാലത്തും

അവനത് പുറത്തെടുത്തില്ല

കറ്റാർവാഴേ അതെന്തായിരുന്നു

ശവമടക്കോ വിവാഹമോ

ആര് ആരെ പരിണയിച്ചു

ആര് ആരെ കുഴിച്ചിട്ടു


2. THE JOURNEY, LIDIJA DIMKOVSKA

യാത്ര- ലിദിയ ദിംകോവ്സ്ക

(മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)


പുറത്തേയ്ക്കിറങ്ങിയതും

സമയം നിന്നെ ചവിട്ടിമെതിച്ചു

അതിരിനപ്പുറത്തെ തീവണ്ടിയിൽ

ആരോ ഇട്ടെറിഞ്ഞുപോയ ഒരു

മനുഷ്യാവകാശ ലഘുലേഖ ചുരുട്ടി

കണ്ടക്ടർ സീറ്റുകൾ തുടച്ചു

മറ്റ് യാത്രക്കാരുടെ ജാലകങ്ങളിൽ 

മഴ വന്നലച്ചില്ല

മെട്രോസ്റ്റേഷന്റെ പുറത്തേയ്ക്കുള്ള കവാടത്തിൽ

നിനക്കെപ്പോഴും മഴ പെയ്യുന്നതു പോലെ

നിന്റേതിൽ മാത്രം മഴത്തുള്ളികൾ

കല്ലുകൾ പോലെ പതിച്ചു

എസ്കലേറ്ററുകളിൽ പതിച്ച

പ്ലാസ്റ്റിക് സഞ്ചികളിൽ നിന്ന്

അനാഥക്കുട്ടികൾ പശ മണക്കുന്നു

നിന്റെ ആത്മാവിന് വിറയ്ക്കുന്നുണ്ട്

പുറത്തേയ്ക്കെടുക്കുന്നതിനു മുമ്പ്

കാലിയാക്കപ്പെട്ട അലമാര പോലെ

നിന്റെയുടൽ വാപൊളിച്ചു

രാത്രി പകൽബോധത്തിന്റെ

ബോധമില്ലായ്മയായി 

തുലഞ്ഞ കുടിയന്റെ പോലെ 

താടിനീട്ടിയലയുന്ന പത്തൊമ്പതാം നൂറ്റാണ്ടും

പട്ടണത്തിലെ ബാർബർഷോപ്പിൽ

മുടിവെട്ടി ഷേവ് ചെയ്ത് ഇരുപതാം നൂറ്റാണ്ടും

ഇവർക്കിടയിൽ ഭ്രാന്തുപിടിച്ചോടുന്ന

ഇരുപത്തൊന്നാം നൂറ്റാണ്ടും

തുണ്ടുതുണ്ടായി നിന്റെ സ്വപ്നം

നിലയ്ക്കാതെ നീണ്ടു

ആദ്യനഗരത്തിൽ കാത്തിരിക്കുന്നു

പൊളിറ്റ്കൊവ്സ്കായ ക്ലബ്ബ്

രണ്ടാമതിൽ ജോയ്സ് ഐറിഷ് പബ്

മൂന്നാമത്തേതിൽ

‘ഇന്ന് ഡോക്ടർ റോബർട്ടോയുടെ ശവമടക്ക്’

എന്ന നോട്ടീസ് പതിച്ച

നനുത്ത കർട്ടനുകളുള്ള വെളുത്ത വീടുകൾ

നരകത്തിന്റെ ബാൽക്കണികളിൽ

വെളുത്ത അടിവസ്ത്രങ്ങൾ തൂങ്ങുന്നു

കഴുകിയ തലച്ചോറുകൾ തൂക്കാൻ

അയകളും ആണികളും

പണ്ടേ തീർന്നുപോയ

സ്വർഗ്ഗത്തിന്റെ മുഖപ്പുകൾ

അയല്പക്കമൂലകളിലെ അമ്മൂമ്മമാർ

ഒരിക്കൽപ്പോലുമിപ്പോൾ കൈനീട്ടുന്നില്ല

നാട്ടുകാരന്റെ കൊച്ചുമുറിയിലെ മേശമേൽ

ദാസ് ക്യാപ്പിറ്റലിന്റെ രണ്ട് വോല്യങ്ങളും

കക്കൂസിന്റെ ഒരു താക്കോലും

തട്ടുവിളക്കിൽ നിന്ന് ഞാന്ന്

ഒരു കുടുക്ക്

എല്ലാം ശരിയാകുന്ന നാൾ

നീയുമിവിടെയൊരു പോസ്റ്റ്മാനാകും

വലിയൊരു താക്കോൽ വളയത്തിൽ നിന്ന്

ഒരു താക്കോലെടുത്ത്

നഗരത്തിലെ സെമിത്തേരി തുറക്കും

മരിച്ചുപോയ സ്ത്രീകൾക്ക് അവരുടെ

മരിച്ചുപോയ ഭർത്താക്കന്മാരുടെ

കത്തുകൾ വായിച്ചുകൊടുക്കും

കറുത്ത നീളൻ കോട്ടുകളണിഞ്ഞ്

അയലത്തെ കുട്ടികൾ നിന്നെ പൊതിയും

അതിനു ശേഷമാരും

നിന്നെ തീരെ ഓർക്കുകയേ ഇല്ല

നീയിവിടെ ഉണ്ടാ‍യിരുന്നെന്നോ

മറ്റെങ്ങോ ജനിച്ചതാണ് നീയെന്നോ





No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...