മാനുവൽ ഡി ഫ്രെയിറ്റ (പോർച്ചുഗൽ) 1972
1990 മുതൽ ലിസ്ബണിൽ താമസിക്കുന്നു. പതിനെട്ടോളം കൃതികൾ, കവിതാസംബന്ധിയായി നിരവധി ലേഖനങ്ങൾ, പരിഭാഷകൾ എന്നിവയുടെ കർത്താവ്. ലിസ്ബൺ പബ്ലിഷിങ് ഹൌസ് എന്ന പ്രസാധനശാലയുടെ ഉടമയാണ്. ടെലഹഡോസ് ഡി വിഡ്രൊ എന്ന സാഹിത്യമാസികയുടെ പത്രാധിപരാണ്. നവസാമൂഹ്യവിമർശനത്തിന്റെ ദർശനങ്ങൾ ഉള്ളവയാണ് അദ്ദേഹത്തിന്റെ കവിതകൾ. സമകാലീന പോർച്ചുഗീസ് കവിതയിലെ ഏറ്റവും ശ്ര്ദ്ധേയരായ കവികളിൽ ഒരാളാണ് മാനുവൽ ഡി ഫ്രെയിറ്റ.
1.
ALL STRIPPED DOWN
MANUEL DE FREITAS, Portugal
എല്ലാമുരിഞ്ഞ്
(മാനുവേൽ ഡി ഫ്രെയ്റ്റ, പോർച്ചുഗൽ)
മുതുക്കൻ
കഷണ്ടി
വകയ്ക്കു കൊള്ളാത്തവൻ
ഭോഗത്തിന്
തന്നെ സഹിക്കാനാവതുള്ള
ആളെത്തിരയുന്നു
ഒപ്പം വിശ്വസിക്കണം (വല്ലപ്പോഴും)
ഉയിർത്തെഴുന്നേൽപ്പിൽ
വായിച്ചിട്ടേയില്ല പുസ്തകങ്ങൾ
ഏറെ തുപ്പും
കൂർക്കം വലിക്കും
ഏറ്റവും ഗൗരവമായ കാര്യം
ഒറ്റയ്ക്ക് ചാവരുത്
2.
BECHEROVSKA
Manuel Defreitas, Portugal
ഔഷധമദ്യം
മാനുവെൽ ഡി ഫ്രെയിറ്റസ്
അവിശ്വസനീയമാം വിധം
കറുത്ത മുടിയും
എപ്പോഴും പുഞ്ചിരിച്ച മുഖവും
ഉയരവുമുള്ള നോർവേക്കാരി
ശരിക്കും ദു:ഖിതനായ എന്നോട്
അങ്ങനെയാവരുതെന്ന്
അപേക്ഷിച്ചവൾ
‘നിങ്ങളെന്തു ചെയ്യുന്നു‘ എന്ന്
എന്നോട് ചോദിക്കുന്നതിനു മുൻപ്
എന്റെ അവസാനത്തെ പെഗ്ഗിന്
പണം കൊടുത്തതും
അവളാണെന്ന് തോന്നുന്നു
മരണത്തെക്കുറിച്ചെഴുതുന്നത്
കൃത്യമായും ഒരു തൊഴിലല്ല
പക്ഷേ എന്റെ മറുപടിയായി
എന്റെ കർമ്മമെന്തെന്ന്
ഒരു നാപ്കിൻ കടലാസിലോ മറ്റോ
അവൾക്കുവേണ്ടി മാതം
ചുരൂക്കിപ്പറഞ്ഞത്
അതായിരുന്നു
ഞാൻ കുത്തിക്കുറിച്ചത്
അവൾക്ക് മനസ്സിലായോ എന്ന്
എനിക്കൊരിക്കലും അറിയില്ല
അവൾ എന്റെ പുസ്തകങ്ങൾ
വാങ്ങിയിട്ടുണ്ടോ എന്നും
ആ രാത്രിയിൽ
എന്റെ പൊട്ട ഫ്രെഞ്ച് ഭാഷയിൽ
ഞാൻ പറയാനുദ്ദേശിച്ചതെന്തെന്ന്
കേട്ടുവോ എന്നതും
നിരാശാജനകമായ നഷ്ടമായി
ഏറെക്കുറേ ഓരോ കവിതയും ഇതു തന്നെ
മാപ്പർഹിക്കാത്ത ഒരുതരം പറച്ചിൽ
നമ്മുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം
അത്രയേറെ അടുപ്പമുണ്ടായ
ഒരു ശരീരത്തെ
സ്പർശിക്കുന്നതേയില്ല
മിന്നിമായുന്ന ഒരു പേരുപോലുമത്
അവശേഷിപ്പിക്കുന്നുമില്ല
3.
Heiliger Tod (Holy Death)
Manuel De Freitas, Portugal
വിശുദ്ധമൃത്യു
മാനുവെൽ ഡി ഫ്രെയിറ്റസ്, പോർച്ചുഗൽ
അത് അത്ര കലാമേന്മയുള്ള
ഒരു ഫോട്ടോ ഒന്നുമല്ല
അങ്ങനെയായിരുന്നെങ്കിൽ ഞാൻ
അതിനെക്കുറിച്ച് പറയില്ലായിരുന്നു
ഒരുമിച്ചൊരു ബൊഗൈൻ വില്ലച്ചുവട്ടിൽ
എന്റെ മുത്തശ്ശന് സമീപം ഞാൻ
നല്ല സന്തോഷത്തിലാണ് അദ്ദേഹവും
പുഞ്ചിരിക്കുന്നുണ്ട് രണ്ടാളും
പഴഞ്ചൻ ഫെൽറ്റ് ഹാറ്റ് ധരിച്ച്
വെറുതേ ഒരു മുത്തശ്ശൻ
അവിടെയിരിക്കുന്നുവെന്ന
ലാളിത്യമാർന്ന പ്രസന്നത
എന്റെ സന്തോഷം
കയ്യിലടുക്കിപ്പിടിച്ചിരിക്കുന്ന
ഒരു പെട്ടിയും
ഒരു തീരുമാനം നിഷ്കളങ്കമായി അനുസരിച്ച്
കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ട
നാസി പട്ടാളക്കാർ ആണതിനുള്ളിൽ
ഇപ്പോഴുമുണ്ടോ കളിക്കോപ്പ് പട്ടാളക്കാർ?
ആ ചിത്രത്തിൽ കാണുന്ന
എന്റെ പ്രായമുള്ള കുട്ടികൾ
ഇക്കാലത്ത് തോക്കുകൾ ചൂണ്ടുന്നു
കൊല്ലുന്നു
ഇടനിലക്കാരാരും ഇല്ലാതെ
അഭിനയമൊന്നുമല്ലാതെ
കളിയ്ക്കയാണെന്ന മൂടുപടവുമില്ലാതെ തന്നെ
എനിക്കറിയില്ല
ഒരു പക്ഷേ അവരായിരിക്കാം ശരി
തീർച്ചയായും കൂടുതൽ ഫലമുണ്ടാക്കുന്നത്
അവർ തന്നെയാണ്
കൊല്ലണമെന്ന് ആഗ്രഹിക്കുന്നതിനു പകരം
അവർ ശരിക്കും കൊല്ലുന്നു
മനുഷ്യത്വമെന്നു വിളിക്കപ്പെടുന്ന
ഈ ചാണകവളത്തിന്റെ ആയുധപ്പുര
മനോഹരമാണെന്നത്
എക്കാലത്തും നാമറിഞ്ഞിരുന്നു
ഫോട്ടോയിലുള്ളവർ ആരുംതന്നെ
ജീവിച്ചിരിക്കുന്നുമില്ല
No comments:
Post a Comment