Friday 17 March 2023

കാവ്യബോധങ്ങൾ മാറുമ്പോൾ

 പട്ടാമ്പി കവിതയുടെ കാർണിവലിൽ യുവകവിതാസെഷനിൽ നിന്ന്:

(എം.ആർ.വിഷ്ണുപ്രസാദ്, സുനിലൻ കായലരികത്ത്, രാഹുൽ ഗോവിന്ദ്, സുബിൻ അമ്പിത്തറയിൽ, അനീഷ് പാറമ്പുഴ എന്നിവർക്കൊപ്പം).

തന്റെ ഉടലിനും ഉയിരിനും പുറത്തുള്ളതെല്ലാം ലോകമാണെന്ന് തിരിച്ചറിഞ്ഞ് ആ ലോകത്തെ ചുരുക്കി നമ്മിലേക്ക് അടുപ്പിക്കുന്നതെന്തോ അതാണു കവിത. വേറൊരർത്ഥത്തിൽ ഒരു വ്യക്തി തന്റെ അനുഭവമായി സ്വാംശീകരിച്ചെടുക്കുന്നത് അയാളുടെ ലോകം. സത്യം വെളിപ്പെടുത്തുന്നതെന്തും കവിത തന്നെ. അതിനാൽ തന്നെ അത് അതിരുകളില്ലാത്തത് ആകുന്നു. ഏതു ഭാഷയിലും കവിത ഒന്നു തന്നെ.

ആഘോഷിക്കപ്പെടുന്ന കവിയുടെ രചനകൾ മേന്മയുടെ ലേബലിൽ അല്ലെങ്കിലും നേരം നോക്കി വിറ്റഴിക്കുന്നു വർത്തമാനകാലത്തെ പ്രസാധനവും പ്രസിദ്ധീകരണവും. പെട്ടെന്ന് പൊട്ടിമുളച്ചതും കാവ്യഗുണമില്ലെങ്കിലും മറ്റ് ഘടകങ്ങളുടെ ബലത്തിൽ താത്കാലിക തിളക്കമുള്ളതിനെയും കച്ചവടപ്പെടുത്തുന്നത് നയം. എന്നാൽ യഥാർത്ഥകവിത സുലഭമായ ഒരു വിപണിച്ചരക്കായിരിക്കണമെന്നില്ല.

യുദ്ധത്തെയോ സ്ത്രീത്വത്തെയോ വർണ്ണവിവേചനത്തെയോ കുറിച്ചെഴുതിയ കവിത വായിക്കപ്പെടുന്നത് ആ സംഭവമോ സന്ദർഭമോ മുൻ നിർത്തി മാത്രമല്ല. മറിച്ച് അതെഴുതിയ വ്യക്തിയുടെ മാനസിക പ്രതികരണമായോ മാനുഷിക വികാരമായോ ആകുന്നു. ആ കവിതയിലെ കവിത അയാളുടെ തന്നെ ആവശ്യവും സ്വന്തം ഇഷ്ടാനിഷ്ടങ്ങളുമാകുന്നു. വർണ്ണവ്യത്യാസങ്ങൾക്കുമപ്പുറം കവിത നരവംശശാസ്ത്രം തന്നെയാകുന്നു.

വെബ്സൈറ്റുകൾ, ബ്ലോഗുകൾ, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ തുറന്ന പുതുവഴിയിലൂടെ കടന്നുവന്ന കവിതകൾ. ഈ ഇടങ്ങളിൽ കവിതയുടെ ശീർഷകത്തിൽ എണ്ണമറ്റ രചനകൾ പ്രത്യക്ഷപ്പെടുന്നു. ഇടനിലയായി അച്ചടിയാനുകാലികങ്ങളോ പ്രസാധകരോ ഇല്ലാതെ എല്ലാവരും സ്വയം പ്രസാധനത്തിന്റെ സ്വാതന്ത്ര്യം കൈയാളുന്നു.

പല ലോകദേശങ്ങളിലും കവിത വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത്രേ. അത് വാസ്തവമെങ്കിൽ കവിതയെഴുതുന്നവരുടെ എണ്ണവും സമാനമായി കുറയേണ്ടതാകുന്നു. മറ്റ് ഭാഷകളെ മാറ്റിനിർത്തിയാൽ മലയാളത്തിൽ കവിത എഴുതുന്നവരുടെ സംഖ്യ കൂടിവരുകയാണെന്ന് പറയാം. സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രത്യക്ഷോദാഹരണങ്ങൾ മാത്രമല്ല, ദിവസംപ്രതി പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളിലും ഏറിയ പങ്കും കവിത തന്നെ. മുഖ്യധാരയിൽ അല്ലാതെ കവിത പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളും ഇന്ന് നിരവധിയുണ്ട്. കവിതയ്ക്ക് മാത്രമായുള്ള പ്രസിദ്ധീകരണങ്ങൾ പോലും ഇന്ന് അപൂർവമല്ലാതായിരിക്കുന്നു.

ഇവയൊക്കെ ഉണ്ടായിട്ടും കവിതയുടെ ലോകത്തേക്ക് പുതിയതായി കടന്നുവരുന്നവർ കൂടുതലും ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. അപരിമിതമായ സ്വാതന്ത്ര്യം തന്നെയാണതിന്റെ മുഖ്യ ആകർഷണം. ഉടനടി വെളിയിടൽ, തൽക്ഷണ പ്രതികരണങ്ങൾ, പ്രസിദ്ധീകരിച്ചുകഴിഞ്ഞും തിരുത്താനോ വേണ്ടിവന്നാൽ തിരിച്ചെടുക്കാനോ ഉള്ള സാദ്ധ്യതകൾ ഇവിടെ മാത്രം ലഭിക്കുന്നു. 

അവനവനുതകുന്ന ഭാഷയും ശൈലിയും ശിൽപ്പവും ഇവിടെ പ്രായോഗികമാകുന്നു. വെട്ടിനീക്കാനോ തിരുത്താനോ നിരാകരിക്കാനോ ഇടയിലൊരു പത്രാധിപനില്ല. ഈ പരമസ്വാതന്ത്ര്യം കവിതയ്ക്ക് ഗുണമോ ദോഷമോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയമേയല്ല. കാരണം അത് കാലം തെളിയിക്കേണ്ടതാകുന്നു എന്നതു തന്നെ.

എന്നിരുന്നാലും ചില നല്ല പ്രവണതകൾക്ക് കൂടി ഈ സ്പേസിൻെറ സാദ്ധ്യതകളിൽ ഇടമുണ്ട്. ആർക്കുമെന്തുമെഴുതി ‘ഇഷ്ടം‘ നേടാവുന്ന കവിതാഗ്രൂപ്പുകൾ, ഓൺലൈൻ ആനുകാലികങ്ങൾ, ‘ഇന്നുവായിച്ചതും ഞാൻ വായിച്ചതും‘ ആയ തിരഞ്ഞെടുപ്പുകൾ തുടങ്ങിയവയൊക്കെ ഉള്ളപ്പോഴും, കവിതയെ വേറൊരു തലത്തിൽ സമീപിക്കയും മേൽപ്പറഞ്ഞവയിൽ നിന്ന് വ്യത്യസ്തമായി, എന്നാൽ സമാനചിത്തരായവരുമായി കവിതയ്ക്കു വേണ്ടി പണിയെടുക്കുകയും ചെയ്യുന്ന കൂട്ടായ്മകളുടെ സാദ്ധ്യതകൾ പ്രത്യാശ തരുന്നുണ്ട്.

സ്വത്വമോ പ്രതിഭയുടെ മിന്നലോ ഇല്ലാത്ത രചനകളെയും ‘കവി‘കളെയും തിരിച്ചറിഞ്ഞ് അവഗണിക്കാനും നാളത്തെ കവിതയ്ക്ക് ഉതകുന്നവരെ പഴയവരെന്നോ പുതിയവരെന്നോ ഭേദമില്ലാതെ തിരഞ്ഞുപിടിച്ച് കൂടെ നിർത്തി കവിതയുടെ യഥാർത്ഥ തനിമയും പലമയും കണ്ടെത്തുവാനുള്ള പരിശ്രമങ്ങൾ ശ്രദ്ധയർഹിക്കുന്നു. അതും അരിച്ചും കൊഴിച്ചും അവശേഷിക്കുന്ന മങ്കും പതിരുമില്ലാത്തതും, എന്നാൽ തക്കം പാർത്തിരിക്കുന്ന സ്വയം പ്രഖ്യാപിത രക്ഷകരാൽ ‘ഹൈജാക്ക്‘ ചെയ്യപ്പെടാത്തതുമായ ആത്മസമർപ്പിത ഐഡന്റിറ്റി. അനാവശ്യമായ അതിക്രമിച്ചുകടക്കലുകൾ ഐഡന്റിറ്റിയുടെ ധിഷണയിൽ വിലപ്പോവാറുമില്ല. അനാവശ്യമായി ആരെയും പുറത്തുനിർത്താനുമാവില്ല. അതാണല്ലോ, അതുതന്നെയാണല്ലോ ഇന്നിന്റെ കവിതയ്ക്ക് ആവശ്യം. ഘോരഘോരമായ ചർച്ചകളും കൊത്തിക്കീറലുകളുമെല്ലാം നടന്നാലും അർഹമായത് അവിടെ അംഗീകാരം നേടുന്നുമുണ്ട്. കള്ളനാണയങ്ങളെ അർഹതപ്പെട്ടതുപോലെ കമ്മട്ടങ്ങളിലേക്ക് തന്നെ തിരിച്ചയക്കുന്നുമുണ്ട്.

ആൺ-പെൺ എഴുത്തുകൾ, ദലിതെഴുത്ത്, മുമ്പെഴുതിവന്ന കവിത, ഇന്നെഴുതിവരുന്ന കവിത എന്നൊക്കെയുള്ള ചേരിതിരിവുകൾ ഇല്ലാത്ത സുതാര്യമായ ഐഡന്റിറ്റികൾക്ക് ഇനി മലയാളകവിതയിൽ പ്രസക്തിയുണ്ട്. എന്നുമാത്രമല്ല അവയാവും ചിലപ്പോൾ കവിതയുടെ ഭാവിയും.

കവിതയിന്ന് കലഹത്തിന്റെ കാലഘട്ടത്തിലാണ്. കവിയുടെ മനസ്സിന്റെ തന്നെ കലഹം- കൺഫ്യൂഷൻ. അത് തന്നോട് തന്നെയോ പുറത്തേക്കുമോ ആവാം. താരതമ്യങ്ങൾ കവിതയിൽ ആവശ്യമില്ല.

ഇത് സംബന്ധമായി, ചില പുതുതലമുറക്കവികൾ പങ്കിട്ട നുറുങ്ങുകൾ:

എം.ആർ.വിഷ്ണുപ്രസാദ്:

വിവിധ സോഷ്യൽ മീഡിയ ഫോറങ്ങൾ ചേരുന്നയിടം ആയതിനാൽ സങ്കേതകവിതയെന്ന് ഇതിനെ പറയാം. സാങ്കേതികതയുടെ അപാരസാദ്ധ്യതകൾ അവനവന്റെ കൈവിരൽത്തുമ്പിൽ ഉള്ള ഇതിന്, മറ്റുവിഭാഗങ്ങൾക്ക് ഉണ്ടെന്ന് പറയുന്നതുപോലെ ഒരുപിതാവിനെ കൽപ്പിച്ചുകൊടുക്കാൻ കഴിയില്ല.

സുനിലൻ കായലരികത്ത്:

കവിത ഏറ്റവും ആദ്യം അവനവനോടുള്ള ആത്മഭാഷണങ്ങളാണ്. എൻെറ കവിതകൾ എന്നോടു തന്നെയുള്ള പുലമ്പലുകളാണ്.  അത് കൊണ്ട് തന്നെ എനിക്ക് മനസിലാവുന്ന ഭാഷയിലേ അത് എഴുതാൻ കഴിയാറുള്ളു. കട്ടിയുള്ള വാക്കുകളോ ബിംബങ്ങളോ ഉപയോഗിച്ചേക്കാം എന്ന് കരുതിക്കൂട്ടി ഒരു വരി പോലും എഴുതാനാവാത്തതും അത് കൊണ്ടാണ്. ഞാനുപയോഗിക്കുന്നത് എന്റെ നാടിന്റെ സംസാരഭാഷയാണ്.  അത് ഞാൻ പറയാനുദ്ദേശിച്ചത് സംവേദനം ചെയ്യുന്നുണ്ട് എന്ന ആത്മവിശ്വാസം എനിക്കുണ്ട്.

സ്വന്തം തോട് പൊട്ടിച്ച് പുറത്ത് വരാനാവാത്ത പാഴാങ്കക്കവി എന്ന വിശേഷണം വിമർശന ബുദ്ധ്യാ കേൾക്കേണ്ടി വന്നിട്ടുണ്ട്. അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെ പറ്റിയും എഴുതാനാവില്ല. അല്ലെങ്കിൽ അത്രയ്ക്ക് മനസ്സിൽ കൊണ്ട് എഴുതാതെ വയ്യ എന്ന് തോന്നണം. തലച്ചോറു കൊണ്ടും ഹൃദയം കൊണ്ടും കവിതയെഴുതാം.

രണ്ടാമത്തെതാണ് എന്റെ വഴി. ആ അർത്ഥത്തിൽ വായിക്കുന്നവർക്ക് അവരുടേതായ വൈകാരികത കണ്ടെത്താൻ കാരണമാകുന്നുണ്ട് എന്ന് കരുതുന്നു

.സുബിൻ അമ്പിത്തറയിൽ:

കട്ടപ്പനയിലെ കവിതപോലെ മനോഹരമായൊരു ഗ്രാമത്തിലാണ് ജനിച്ചത്. ബാല്യകൗമാരങ്ങളിലെങ്ങും ഒരു കവിതാപുസ്തകത്തിലും എൻറെ വിരലടയാളം പതിഞ്ഞിട്ടില്ല. കാലം ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി ചില പിൻവലിക്കലുകൾ നടത്തിയപ്പോൾ നഷ്ടപരിഹാരമായി കിട്ടിയ ഏകാന്തത്തിൽ എപ്പോഴോ കവിതയുമായി കൂട്ടിമുട്ടി. എപ്പോൾ വേണമെങ്കിലും ചെന്നുപാർത്ത് തിരികെ മടങ്ങാവുന്ന സ്വന്തക്കാരുടെ വീടാണ് കവിത. ഏകാന്തനേരങ്ങളെ, സങ്കടങ്ങളെ, അന്തർമുഖത്വത്തെ  മറികടക്കാൻ കവിതപോലെ മികച്ച മറ്റൊന്നും കിട്ടിയില്ല.

വായിക്കപ്പെടാനിടയുളള ഏത് ഇടവും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ മലയാള കവിതകൾ വലിയ തോതിൽ വായിക്കപ്പെടുന്നുണ്ട്. വായിക്കുന്ന ആളിന് അഭിപ്രായങ്ങൾ കുറിക്കാനും ഇടമുണ്ടാവുന്നു. ഏപ്പോൾ വേണമെങ്കിലും ബാൻ ചെയ്യപ്പെടാവുന്ന ഇൻറർനെറ്റ്  സംവിധാനങ്ങൾ ഉളള ഡിജിറ്റൽ  രാജ്യത്ത് സോഷ്യൽമീഡിയയിൽ മാത്രമായ് കവിതയെഴുതുക ബുദ്ധിയല്ലെന്നും പറയാം.

അനീഷ് പാറമ്പുഴ:

കവിത എഴുതാൻ വേണ്ടി ആരും കവിതയെഴുതുന്നില്ല. എഴുതുന്നത് എനിക്കുവേണ്ടി മാത്രമാണ്. എന്നെ സംതൃപ്തിപ്പെടുത്താൻ. എൻെറ ബോധ്യങ്ങൾ, തിരിച്ചറിവുകളാണ് എൻെറ കവിതകൾ.

ഞാനൊരു രാഷ്ട്രീയ പ്രവർത്തകനും കൂടിയാണ്. എപ്പോഴും ആൾക്കൂട്ടത്തിൻെറ ഇടയിലാണ് രാഷ്ട്രീയക്കാരൻ. അതുകൊണ്ടു തന്നെ എൻെറ എഴുത്തിൽ സ്ത്രീവിരുദ്ധമായതോ ദളിത് വിരുദ്ധമായതോ മനുഷ്യത്വ വിരുദ്ധമായതോ കാണാൻ കഴിയില്ല. അത് ഞാൻ എൻറെ രാഷ്ട്രീയത്തിന് കൊടുക്കുന്ന അംഗീകാരമാണ്. എൻറെ എഴുത്ത് ഒരു ദളിതപക്ഷ എഴുത്താണ്. ആ ദളിതന് നിങ്ങൾക്ക് നിങ്ങളുടേതായ  നിർവ്വചനം നൽകാം. ആരാണ് ദളിതൻ എന്ന് വരെ. 

കവിത കളയുമോ രാഷ്ട്രീയം കളയുമോ എന്ന് ചോദിച്ചാൽ രാഷ്ട്രീയം കളയാൻ കഴിയും എന്നാണ് ഉത്തരം. മരിച്ചാൽ മാത്രം പോകുന്നതാണ് കവിത. ആക്ടിവിസം കവിതയ്ക്കുള്ളിൽ വരുന്നതാണ്. രാഷ്ട്രീയ പ്രവർത്തനം മറ്റൊന്നും.

രാഹുൽ ഗോവിന്ദ്:

കവിത ഒരുതരം അതിജീവന പ്രക്രിയയാണ്. തികച്ചും സ്വകാര്യമായ ഒരുതരം ആനന്ദം. രണ്ട് സാധാരണ വാക്കുകൾ ചേരുമ്പോൾ ഉണ്ടാകുന്ന വിചിത്ര ആകാശങ്ങൾ ആണ് എന്നും മോഹിപ്പിക്കുന്നത്. ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരാൾക്ക് ഒതുങ്ങിയ ഇടത്തിൽ ചെയ്യാൻ പറ്റുന്ന കല എന്ന നിലയിൽ ഭാഷയുമായുള്ള ഒരു ലീല. ഒരെണ്ണം മറ്റൊന്നിനെപ്പോലെ ആകാതിരിക്കാനുള്ള ശ്രമം കൊണ്ടുവരുന്ന ആകാംക്ഷയും അനിശ്ചിതത്വവും മറ്റൊരു കാരണമാകാം.

(പുതിയ പുതിയ വായനാനുഭവങ്ങൾ നമുക്ക് നൽകാൻ കഴിയുന്ന ഈ കവികൾ പങ്കുവെച്ച വാക്കുകൾക്ക് അനുബന്ധമായി ഇത്രയും കൂടി.

സ്വാനുഭവങ്ങൾ, കേട്ടറിഞ്ഞവ, മോഷ്ടിച്ചവ, ഇവയൊക്കെ മനസ്സിൽ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവനാണ് കവി. കുടഞ്ഞെറിയാൻകഴിയാത്ത ഒരു വാക്ക്. ഒരു കവിത താനേ സംഭവിക്കുകയാണ്. ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാലും മനസ്സിനെ കൊളുത്തിവലിക്കുന്ന ഒരു വാക്കോ വരിയോ. അതിൽ നിന്ന് മുന്നോട്ടോ പിന്നോട്ടോ സഞ്ചരിക്കുന്നു. ഇനിയെഴുതാതിരിക്കാൻ കഴിയില്ലെന്ന ഒരു അവസ്ഥ. അതു പൂർണ്ണമാകുമ്പോഴുണ്ടാകുന്ന വേദനാകരമായ സുഖമാണ് കവിത. കവിത അബോധത്തിൽ സംഭവിക്കുന്നു. കടലാസിൽ അതു പകർത്തുന്നത് ബോധപൂർവ്വമായ പ്രക്രിയ. അവനവനിൽ നിന്ന് വിടുതി നേടുമ്പോൾ പുതിയൊരു കവിത സംഭവിക്കുന്നു. തന്റെ മുൻ കവിതയെ അപനിർമ്മിക്കുന്ന ഒന്ന്. ഒരു വേർതിരിവും കവിയെയോ കവിതയെയോ ബാധിക്കുന്നുമില്ല.

പ്രമേയം, ഘടന, ശില്പം, കാലം എന്നിവയ്ക്ക് അനുസരിച്ച് ഭാഷ മാറുന്നു. മാറിയില്ലെങ്കിലും ഒന്നുമില്ല. തീരുമാനം വായിക്കുന്നവന്റേതാണ്. പ്രാചീനഭാഷയിൽ എഴുതിത്തുടങ്ങിയാൽ പോലും അതുവിട്ട് പൊതുവായ പേച്ചിലേക്ക് അവരും മാറുന്നുണ്ട്. അപ്പോഴും അനുഭവമുതലും തനിമയും സംസ്കാരവും ഇടവും കൈവിടുന്നില്ലെങ്കിൽ അതാണ് ശരിയായ വഴി.)


No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...