Friday 17 March 2023

അഭിമുഖം: എൻ.ജി.ഉണ്ണിക്കൃഷ്ണൻ: തയാറാക്കിയത്: ശിവകുമാർ അമ്പലപ്പുഴ




 1.

ആർ. രാമചന്ദ്രൻ, ആറ്റൂർ, കെജിയെസ്, കെ.എ.ജയശീലൻ, പി.എ.നാസിമുദ്ദീൻ, എൻ.ജി.ഉണ്ണിക്കൃഷ്ണൻ എന്ന് എന്റെ വേറിട്ട വായന. പ്രതികരിക്കാമോ?

മേൽപ്പറഞ്ഞ ഒരു ഗ്രൂപ്പിൽ എന്നെ ചേർത്തിട്ട് പ്രതികരിക്കാമോ എന്നു ചോദിച്ചാൽ എന്തു പറയാൻ. നന്നായി കവിതയെഴുതാൻ ആഗ്രഹിക്കുന്നു. അത്രയേയുള്ളൂ. ആർ.രാമചന്ദ്രന്റെ, ദാർശനികതയെ പുൽകുന്ന ഏകാന്തവിഷാദഛവി എനിക്കില്ല. ആറ്റൂർകവിതയുടെ ന്യൂനോക്തി എനിക്കിഷ്ടമാണ്. എന്റെ കവിതയും ന്യൂനോക്തിയാണ്. കവിതയുടെ ആ രീതിയാണ് എനിക്കിഷ്ടം. കെ.എ.ജയശീലന്റെ കവിത എനിക്ക് വളരെ ഇഷ്ടം. എന്റെ ക്ലാസ്സുകളിൽ ഞാൻ ആ കവിതകൾ ആവശ്യം പോലെ ചൊല്ലാറുണ്ടായിരുന്നു (‘ഉപ്പ്‘, ‘പിരിമുടി പെൺകുട്ടി‘ തുടങ്ങിയവ).  ഏറ്റവും പുതിയ കവിത എപ്പോഴും കെജിഎസ്സിൽ നിന്നും. കവിത വേറെ ഒരു ലോകത്തിലേക്ക് കത്തിപ്പടരും. ‘കേശായനം‘ എന്ന ഒരു കവിതയുണ്ട്. ശംഖുമുഖത്തിരുന്ന് ഭൂമിയിൽ ആണ്ട സീതയുടെ മുടി തിരയുന്നു മണലിൽ, ഭൂമിയിൽ ഇനിയെപ്പോഴോ താഴ്ന്നുപോയേക്കാവുന്ന ഒരുവൾ. കിട്ടിയ മുടി സീതയുടേതാവില്ല. ‘വാട്ടറി‘ൻ ഷൂട്ടിനു കളഞ്ഞ ശബ്ന ആസ്മിയുടേതാകാം എന്നാണ് കവിത.  റേയ്ഞ്ച് കണ്ടോ? 

എന്റെ കുറെ കവിതകൾ ‘സമകാലീന കവിത‘യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കെജിഎസ്. പി.രാമനെ, കെ.എ.ജയശീലനെ, നാസിമുദ്ദീനെയും വായിക്കുന്നതും ‘സമകാലീന കവിത‘യിൽ. അയ്യപ്പപ്പണിക്കർ, കെ.സച്ചിദാനന്ദൻ, കെജിഎസ്., ഇങ്ങിനെയൊരു ഗ്രൂപ്പിൽ എന്റെ കവിതയുടെ രീതി കൊണ്ട് ഞാൻ പെടുമെന്ന് എനിക്ക് തോന്നുന്നില്ല. കെ.എ.ജയശീലന്റെ കൂട്ടത്തിൽ എന്നെ പെടുത്തി വേറെ ചിലരും പറയാറുണ്ട്. നാസിമുദ്ദീൻ- നല്ല കവിത. പുള്ളിയുടെ കവിതയുടെ കൂട്ടത്തിലും ഞാൻ പെടുമെന്ന് തോന്നുന്നില്ല. ഓരോ കവിയുടെയും രചനയുടെ‘ ഗുട്ടൻസ്‘ പഠിക്കേണ്ടതുണ്ടല്ലോ (അതിൽ നിന്നൊക്കെ ഒഴിവായി കിട്ടാൻ തന്നെ). പിന്നെ, ഏത് ഗ്രൂപ്പിൽ എന്നതല്ല കാര്യം. ആഗ്രഹിക്കുന്ന രീതിയിൽ എഴുതുവാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രശ്നം.

2.

കവിതയെ ഗൗരവതരമായി സമീപിക്കുന്ന എൻ.ജി.ഉണ്ണിക്കൃഷ്ണൻ. എഴുത്ത് കുറവും. എന്തുകൊണ്ട്?

ഒരു ദാർശനികവ്യഥയുമില്ല. എഴുതാൻ പറ്റുന്നില്ല. അത്ര തന്നെ. മടിയാണ് കാരണം എന്ന് എന്നെ ‘പോക്കാ‘റുണ്ട് എനിക്കേറ്റവും പ്രിയപ്പെട്ട ഒരു കവിസുഹൃത്ത്. മടി അത്ര മോശം കാര്യമൊന്നുമല്ല. സിലബസ് വെച്ച് പഠിച്ച് ഇത്രയും തീർക്കണം ഇന്ന്, അല്ലെങ്കിൽ സൈറണ് മുമ്പ് കമ്പനിയിൽ കയറണം എന്ന തരത്തിൽ ഒരു ധൃതിയുമില്ല എനിക്ക്.

മനസ്സ് പുതിയതാവുന്നില്ല എന്ന് ഒരു കാരണമുണ്ടാകാം. അനുഭവത്തിൽ നിന്നല്ലാതെ ഒരുവരി പോലുമെഴുതിയിട്ടില്ല. മൊബൈൽ വിളിച്ചു നിൽക്കുന്ന ഭദ്രകാളിയെക്കുറിച്ച് എന്റെയൊരു വരിയുണ്ട്. ഞാൻ അത് കണ്ടതാണ്. ഒരു മുടിയേറ്റ് തിയേറ്ററിൽ കാളി റേസ് ബൈക്ക് ഓടിച്ച് ദാരികനെ കൊല്ലാൻ വന്നാലും ഓക്കേ.

ഭാവനയെ വെല്ലും യാഥാർഥ്യങ്ങൾ. ഇത്തരം യാഥാർഥ്യങ്ങളുടെ മാരകകേളിയാണ് ഓരോ ദിവസവും. മനസ്സ് ചത്തുപോയില്ല എന്നു വരുത്താൻ അരവിന്ദന്റെ ‘തമ്പി‘ലെ മുൻ കാല താരം ചുണ്ടത്ത് ചുവപ്പിട്ട് വർണ്ണക്കുട നിവർത്തി ഒറ്റക്കമ്പിയിലൂടെ നടന്നതു പോലൊരു കളി എനിക്കാകുന്നില്ല. ചെരുപ്പ്, സൈക്കിൾ... ഏതൊന്നിനെക്കുറിച്ചും അഞ്ചെട്ട് വരികൾ ചമയ്ക്കാൻ കഴിയായ്കയൊന്നുമില്ല. പക്ഷേ അതല്ല.

3.

പുതിയ കവികൾ അന്യഭാഷാ വിവർത്തനങ്ങൾ വരെ വായിക്കുന്നു. എന്നാൽ പലരും പഴയകാല കവിത വായിച്ചിട്ടില്ല. എന്തു തോന്നുന്നു?

പുതിയ കവികൾ പഴയ മലയാളകവിതകൾ വായിക്കുന്നില്ല എന്നു പറഞ്ഞുകൂടാ. താങ്കൾ പുതിയ കവിയല്ലേ. താങ്കൾ വായിച്ചിട്ടില്ലേ. പുതിയ കവികളെ നമ്മൾ അങ്ങനെയൊന്നും കാണരുത്. അവർ ‘കണ്ണശ്ശരാമായണം‘ വായിച്ചിട്ടില്ലായിരിക്കാം. പക്ഷേ അവർക്ക് ‘ബ്ലൂസ്‘ അറിയാം. എഡ് ഷീരാന്റെ പാട്ടിനെക്കുറിച്ച് അറിയാം. അവർ നന്നായി കവിതയെഴുതും, പോരേ? വായനയ്ക്ക് നേരേ അനുപാതം എഴുത്ത് എന്ന് പറഞ്ഞുകൂടാ. അതു വായിച്ചിട്ടുണ്ട്, ഇതു വായിച്ചിട്ടുണ്ട് (പ്രത്യേകിച്ചും പഴയകാല കൃതികൾ) എന്നൊക്കെ പറയുന്നത്, നമ്മൾ ഒരു വൻ പാരമ്പര്യത്തിന്റെ പുള്ളികളാണ് എന്ന് വരുത്തിത്തീർക്കുവാനും ആകാം.

4.

നരേറ്റീവ് ശില്പഘടനയോടെ, അല്ലെങ്കിൽ ദൃശ്യപരതയോടെയോ ഒരു തിരക്കഥ പോലെയോ, അതുമല്ലെങ്കിൽ നാടകീയമായി എഴുതുന്ന പുതുകവിതയിലെ ചില പ്രവണതകളെ എങ്ങനെ കാണുന്നു?

മുഴുവൻ പുതുവെഴുത്തും ഞാൻ പഠിച്ചിട്ടൊന്നുമില്ല. അതിന് നരേറ്റീവ് ശില്പഘടനയാണോ ദൃശ്യപരതയാണോ എന്നൊന്നും നോക്കിയിട്ടുമില്ല. ഒരു കവിത എന്റെ മനസ്സിൽ കയറുന്നത് ഇതുകൊണ്ടൊന്നുമല്ല. വാക്കുകളാണ് അത്. നമ്മുടെ കവിപാർലമെന്റിൽ അംഗീകരിക്കപ്പെടുന്ന തരം വാചകഘടനയിൽ ഉണ്ടുറങ്ങും മുമ്പ് പിടിച്ചെടുത്തുവെച്ച ഒരു മിന്നൽ. ചിലരിൽ ഞാനത് കണ്ടിട്ടുണ്ട്. ഒരു ദാക്ഷിണ്യവുമില്ലാതെ അതൊരു സമീപനത്തെ കാണിക്കുന്നു. സമീപനമെന്നാൽ അപ്പോൾ ജീവിക്കുന്ന ഒരു മനസ്സ്. അത് അധികാരത്തിന്റെ ചോറ്റുപട്ടിയാണോ. അതോ ഞാനില്ല എന്നുപറഞ്ഞ് വെട്ടിത്തിരിയുന്ന ഒരു നില്പാണോ? അത്തരം ഒരു നില്പാണ് എനിക്ക് ഉള്ളിൽ കയറുക. താങ്കൾ പറയുന്ന രീതിയിൽ കവിതയെ തരംതിരിച്ച് കാണുന്നത് ഗവേഷകരുടെ ഏർപ്പാടാണ്. അങ്ങനെ കാണുന്നത് തെറ്റുമല്ല. എനിക്ക് അതിൽ കാര്യമില്ല.

5.

മലയാളകവിതയുടെ വർത്തമാനകാല ദിശ എൻ.ജി.ഉണ്ണിക്കൃഷ്നന്റെ കാഴ്ചപ്പാടിൽ?

എന്ത് ദിശ? ഈ മഹാരാജ്യത്തിന് ഗുണപ്പെടുന്ന രീതിയിൽ കവിത വികസിക്കുന്നുണ്ടോ എന്നാണോ ചോദിച്ചത്? അറിഞ്ഞുകൂടേ? അല്ലെങ്കിൽത്തെന്നെ ശിരസ്സിൽ പാരക്കോലു കൊണ്ട് കുത്തിവരച്ച നമ്മളൊക്കെയാണോ അതിന് ഉത്തരം പറയേണ്ടത്? പൊൻ പിറവികൾ ഉരയ്ക്കട്ടും.

6.

മലയാളകവിതയിൽ 90നു മുമ്പും പിമ്പും എന്നൊരു വേർതിരിവ് ആവശ്യമുണ്ടോ? 90നു മുമ്പുള്ളവർ എഴുതി തോറ്റ കവികളാണ് എന്ന ചില ചർച്ചകളും. മറുപടി?

കവിത തൊണ്ണൂറിന് മുമ്പും പിമ്പും എന്നൊക്കെയുള്ള തിരിവുകൾ പഠനത്തിന് വേണ്ടിവന്നേക്കാം. അല്ലാതെ കഥയൊന്നുമില്ല. തൊണ്ണൂറിനു മുമ്പുള്ള കവികൾ എഴുതി തോറ്റവരാണെന്നോ? എവിടെ കേട്ടു ചങ്ങാതീ? തൊണ്ണൂറിനു മുമ്പ് എഴുതി തുടങ്ങിയവരാണ് പി.പി.രാമചന്ദ്രനും ടി.പി.രാജീവനും അന്വർ അലിയും വി.എം ഗിരിജയും അനിത തമ്പിയും മറ്റും. അവർ എവിടെ തോറ്റു എന്നാണ്? ഞാനും 85ൽ എഴുതി തുടങ്ങിയതാണ്. ഞാൻ തോറ്റിട്ടില്ല. പിന്നെ ഇത് ഗുസ്തിയാണോ? ജയിക്കലും തോൽക്കലുമുണ്ടോ? ഒരു ഫോട്ടോഫിനിഷ് വിഷയമുണ്ടോ? കടുപ്പം!

7.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ കവിത അച്ചടിച്ചുവരുന്നത് അംഗീകാരമായിരുന്നു. പുതിയ കാലത്ത് ഏറെ മാറ്റമുണ്ട്. സമാന്തരധാര വളർന്നുകൊണ്ടിരിക്കുന്നു. പ്രതികരണം?

മുഖ്യധാരാമാധ്യമങ്ങളിൽ കവിത അച്ചടിച്ചുവരുന്നത് നല്ലത് തന്നെയാണ്. ആളുകൾ കൂടുതൽ അറിയുന്നത് മോശമല്ല. കലാകൗമുദിയിൽ ഒഴിച്ച് എല്ലാ മാദ്ധ്യമങ്ങളിലും എന്റെ കവിതകൾ വന്നിട്ടുണ്ട്. എന്നാൽ ഇവിടെ കൈതാരത്ത് ഒരാളും എന്നെ അറിയില്ല. പൂക്കളമത്സരത്തിന് ജഡ്ജിയായി പോലും വിളിക്കാറില്ല ഇഷ്ടാ (ഹഹഹ). 

സമാന്തരമാധ്യമങ്ങൾ നല്ലതാണ്. അതിലെഴുതാമല്ലോ. ആളുകൾ വായിക്കുമല്ലോ. മുഖ്യധാരാമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും വീണ്ടും അതിൽ കൊടുക്കാമല്ലോ. നിങ്ങളുടെ സ്ഥലം അല്ലേ, പൂണ്ടൂവിളയാടമല്ലോ. ഒരു പത്രാധിപരെ നമ്പണ്ടല്ലോ. ഞാൻ ഈ സ്പേസിൽ പക്ഷേ കളിക്കാറില്ല.

8.

ഗ്രാമ്യവും മിത്തിക്കലുമായ ഇമേജറികൾ ഉപയോഗിക്കുമ്പോഴും “പുഷ്പങ്ങൾ വറ്റിയ പെണ്ണ്, വിഷയിക്കുക, സന്ധ്യപ്പെരുക്കം, മുളമ്പൊളി“ തുടങ്ങി അഴിച്ചുപണിഭാഷയും താങ്കളുടെ കവിതയിൽ കടന്നുവരുന്നു. പഴയതിന്റെയും പുതിയതിന്റെയും വക്താവാകാനില്ലാത്ത ഒരു നിലപാട്. എന്താണിതിന്റെ പ്രതികരണം? വ്യക്തികളും സംഭവങ്ങളും പോലും -( “കെ.പി.എ.സി. സണ്ണി, കാവാലം ശ്രീകുമാർ“) ഇതുപോലെ പ്രയോഗിക്കപ്പെട്ടും കാണാം.

താങ്കൾ ഇപ്പോൾ ചോദിക്കുന്നത് എന്റെ ‘സെൻ‘ എന്ന കവിതയെ കുറിച്ചാണ്. 98ൽ വന്നത്. വി.കെ.എൻ. കവർചിത്രമുള്ള ഭാഷാപോഷിണിയിൽ. ആ കവിത മുള വളരുന്നതിനെ കുറിച്ചാണ്. മുള സമൂഹത്തിൽ ഉപകാരപ്പെടുന്ന രീതിയെ കുറിച്ചാണ്. മനസ്സ് വളരുന്നതിനെ കുറിച്ചാണ്. മനുഷ്യന്റെ അപൂർണ്ണമായ ഇടപെടൽ കൊണ്ടുകൂടി മാത്രം പൂർണ്ണമാകുന്ന പൂർണ്ണതയെ കുറിച്ചാണ്. അതാണ് എന്റെ രാഷ്ട്രീയം.

 9.

“വാക്കുകൾ ഓർത്തെടുക്കാനുള്ള ശ്രമത്തിൽ ആസ്ത്മ താണ്ടുക“ പോലെയുള്ള നിസ്സാരവത്കരണം ഭാഷയോടും കവിതയോടും തന്നെയുള്ള നിസ്സംഗതയാണെന്ന് അനുമാനിച്ചാൽ?

‘ആസ്ത്മ താണ്ടുന്നു...‘ എന്നതിനെ കുറിച്ചും.  ‘ചക്രശ്വാസം വലിക്കുമ്പോൾ വാക്ക് അന്വേഷിച്ച് ആശ്വാസം കണ്ടെത്തിയിരുന്ന‘ എന്റെ അച്ഛനെ കുറിച്ചാണ് ആ കവിത. വലിക്കുന്ന അച്ഛൻ പോക്രാംതവളയുടെ ഒച്ച കേൾപ്പിക്കുന്നത് കേട്ട് ഞാൻ ചിരിച്ചിട്ടുമുണ്ട്. ആ ഒച്ച കേട്ടയുടനേ വിഷംകുടിച്ച മുഖവുമായി ഞാൻ നിന്നില്ല. ആ കഫം തുടച്ചുകൊടുത്തു. പിന്നെ ആ തുണി നനച്ചു. ആസ്ത്മയ്ക്ക് പകരം ശ്വാസം മുട്ട് എന്നുപയോഗിച്ച് പദപരിശുദ്ധി കാക്കാമായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പദങ്ങളുടെ ശിരസ്സിനു ചുറ്റുമുള്ള ആ പ്രകാശവലയം തെരുവിൽ വീണുപോയി. (ഞാൻ എന്റെ കവിതയെക്കുറിച്ച് മൂന്നാല് വാചകം എങ്ങും ഇതേവരെ പറഞ്ഞിട്ടില്ല. ചോദിച്ചത് താങ്കൾ ആയതുകൊണ്ട് മാത്രം.)

10.

ഗൗരവതരമായ രാഷ്ട്രീയ സാംസ്കാരിക നിരീക്ഷണങ്ങൾ കവിതയിൽ കൊണ്ടുവരുമ്പോഴും നിസ്സംഗമായ, എന്നാൽ മനപ്പൂർവ്വമല്ലെന്നു തോന്നാത്തതുമായ നിസ്സാരവത്കരണത്തിന്റെ ഒരു പറച്ചിൽ രീതി താങ്കളുടെ പല കവിതകളിലുമുണ്ട്. അത് വായനക്കാരനെ ചിന്തിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരി. അതാണോ താങ്കളുടെ രാഷ്ട്രീയ/അരാഷ്ട്രീയ കാഴ്ച്ചപ്പാട്?

ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഒരു കൗണ്ടർപോയിന്റ് വില്ലാളി പോലുമല്ല. ജീവൻ വെടിഞ്ഞും ഭാഷ സംരക്ഷിക്കും എന്നൊരു പ്രതിജ്ഞാബദ്ധതയും എനിക്കില്ല. രക്ഷപ്പെടാൻ ഓടും. ഗലീലിയോവിനെപ്പോലെ മാപ്പിരക്കും. അതാണ് എന്റെ രാഷ്ട്രീയം.

ഞാൻ ഒരു വോട്ടുകുത്തിയാണ്. ഞാൻ ജനപക്ഷത്താണ്. അസംഘടിത ജനപക്ഷത്ത്. പറവൂരിലെ ആദികമ്മ്യൂണിസ്റ്റ് വജ്രന്റെ അനന്തരവനാണ് ഞാൻ. പുള്ളി അടിപടലോടെ പൊള്ളുന്നത് കണ്ടാണ് വളർന്നത്. ടയർ കത്തിച്ചുപിടിച്ച് കുത്തിയിരമ്പുന്ന ഒരു ബാൻഡ് വാഗണിൽ ചേരേണ്ട കാര്യം എനിക്കില്ല. എനിക്ക് ഒരു നിയോജക മണ്ഡലവും ഉണ്ടാക്കാനില്ല. ഒരു റസിഡന്റ്സ് അസോസിയേഷന്റെ പോലും ഒരു പുല്ലും ആകേണ്ട. ഞാൻ ‘കുനിഞ്ഞു പ്ലാവില‘ എടുത്തിട്ടുണ്ട്. അതിന് ‘കൊഴുത്ത കഞ്ഞി‘ കുടിച്ചിട്ടുമുണ്ട്. കവിത എനിക്ക് സുഹൃത്തുക്കളെ തന്നു. എൻ.ജി. എന്നൊരാൾ ഉണ്ടെന്നു കരുതുന്ന സുഹൃത്തുക്കൾ. അവരില്ലെങ്കിൽ ഞാൻ ബൗദ്ധികമായി ഒറ്റയ്ക്കാണ്.


No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...