Friday 17 March 2023

അഭിമുഖം: പീറ്റർ സെമൊലിക്, സ്ലൊവേന്യ: തയാറാക്കിയത്: ശിവകുമാർ അമ്പലപ്പുഴ







പീറ്റർ സെമൊലിക് സ്ലൊവേനിയൻ കവി, പരിഭാഷകൻ. നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജെങ്കോ അവാർഡ്, പ്രെസെരെൻ ഫൌണ്ടേഷൻ അവാർഡ്, വിലെൻസിയ ക്രിസ്റ്റൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി. ആദ്യ സ്ലൊവേനിയൻ ഓൺലൈൻ കവിതാമാസിക ‘പൊയെസിസ്’ന്റെ സ്ഥാപക പത്രാധിപരുമാണ്.


1.

‘ഒരു കവിത ഒന്നാമതായി അതിന്റെ രചയിതാവിനെ തന്നെ വിസ്മയിപ്പിക്കുന്നതാകണം’ എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. ഒന്ന് വിവരിക്കാമോ?

കവിത ഒരു വിരുതാണ്, സംസ്കാരമാണ്. ഭാഷയും എഴുത്തും പോലെ സ്വായത്തമാക്കുന്ന ഒന്ന്. കവിയുടെ ആഴത്തിലുള്ള അബോധ അടരുകളുടെ ആശയപ്രകാശനവും ആണത്. ഈ തന്ത്രത്തിന്റെയും കവിയുടെ പരമാവധി ആത്മാർത്ഥതയുടെയും സംയോജനം. അതായത് വായനക്കാരനെ സ്പർശിക്കയും വിസ്മയിപ്പിക്കയും, കഴിയുമെങ്കിൽ അവനിൽ ചലനങ്ങൾ സൃഷ്ടിക്കയും ചെയ്യുന്നതാവണം. എന്റെ കവിതയുടെ ആദ്യവായനക്കാരൻ ഞാൻ തന്നെയാകയാൽ അതാദ്യം എന്നെത്തന്നെ വിസ്മയിപ്പിക്കുന്നതാകണം. ഒരു കവിതയിൽ എനിക്കറിയാവുന്നത് മാത്രം പറയുകയും, ബോധതലത്തിൽ എനിക്കറിയാത്തത് പറയാതിരിക്കയുമാണ് ചെയ്തിരിക്കുന്നതെങ്കിൽ, അതായത് അത് നിലവിലുള്ള അവസ്ഥയുടെ ഒരു ശരിവെയ്ക്കൽ മാത്രമാണ് എങ്കിൽ അതെന്നെ ആകർഷിക്കുന്നില്ല. ഞാനത് പ്രസിദ്ധീകരിക്കയുമില്ല. എനിക്ക് കവിത സംസ്കാരത്തിനും അപ്പുറത്തേക്കുള്ള അറിയാത്ത ലോകങ്ങളിലേക്കുള്ള ഒരു യാത്രയാണ്. 

2..

ഒരു കവിയെന്ന നിലയിൽ താങ്കൾ എന്തിനെങ്കിലും മുൻ തൂക്കം നൽകാറുണ്ടോ?

കവിതയുടെ വിവിധരൂപങ്ങളിൽ എനിക്ക് താത്പര്യമുണ്ട്. പ്രണയം, യാത്ര തുടങ്ങിയവ. ഏറ്റവും പുതിയതായി ഞാൻ വ്യാപൃതനായിട്ടുള്ളത് ‘കണ്ടെത്തൽ കവിത’ (Found Poetry)യിൽ ആണ്. കവിതയിലെ ഏറ്റവും പുതുരൂപങ്ങളിൽ ഒന്നായ ഇതിന്റെ ചില ഉൾക്കാഴ്ചകളും നേട്ടങ്ങളും ഞാൻ ഉപയോഗിച്ചിട്ടുണ്ട്. കവിതാബാഹ്യമായ വിഷയഭാഗങ്ങൾ (പത്രം, ശാസ്ത്രലേഖനങ്ങൾ) ഉൾപ്പെടുത്തി ആശയാവിഷ്കാരത്തിന്റെ മേഖല വികസിപ്പിക്കുമ്പോൾ ആ കവിതകൾ രൂപത്തിലും പ്രമേയത്തിലും വിസ്മയാവഹമായ ദിശകളിലേക്ക് തുറക്കപ്പെടുന്നതായി അനുഭവമുണ്ട്. എന്നിരുന്നാലും ഫൌണ്ട് പൊയട്രിയുടെ കണ്ടെത്തലുകൾ എന്റെ കവിതയിൽ ഉൾപ്പെടുത്തിയ ശേഷം ചില ചോദ്യങ്ങളും ഉയർന്നുവന്നു. കവിതയുടെ കർത്തൃത്വം, രചയിതാവ്, കാവ്യ-കാവ്യബാഹ്യ ഭാഷകളുടെ ബന്ധം തുടങ്ങി പല ചോദ്യങ്ങളും സ്വയം ഉന്നയിക്കേണ്ടിവന്നു,   

3.

വർത്തമാനകാല ലോകത്ത് കവിതയുടെ പങ്കെന്താണ്?

കവിതയുടെ ഉറവിടം സമൂഹത്തിലല്ല എന്ന് ഫ്രഞ്ച് ആന്ത്രൊപോളജിസ്റ്റ് പോൾ വെയ്ൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. സമൂഹത്തിനും സംസ്കാരത്തിനും അപ്പുറം, മനുഷ്യനിൽ ഭാഷയുണ്ടാകുന്നതിനും മുമ്പുള്ള ഒരു ഇടത്തിലും കാലത്തിലും, മനുഷ്യനും ലോകവും ഒന്നായിരുന്നപ്പോഴാണ് അതിന്റെ ഉറവിടം. ആ രൂപങ്ങളും പ്രമേയങ്ങളും അവയുടെ ശബ്ദങ്ങളും താളങ്ങളുമായി നമ്മെ ആ കാലഘട്ടത്തിലെ ആ ഇടത്തേയ്ക്ക് കൊണ്ടുപോകുക എന്നതാണ് കവിതയുടെ കേന്ദ്രീകൃത പങ്ക്. ഇങ്ങനെ ഒന്നോ രണ്ടോ നിമിഷത്തേയ്ക്ക് നമ്മുടെ നശ്വരതയെ മറികടന്ന് അനശ്വരതയെ സ്പർശിക്കാൻ നമുക്ക് കഴിയും. ഈ പങ്കിന് മാറ്റമില്ലെങ്കിലും, ഒരു കാലയളവിൽ ഒരു പ്രത്യേകസമൂഹത്തിലും സംസ്കാരത്തിലും   ഇതുമാത്രമല്ല കവിതയുടെ പങ്ക്.  ചരിത്രം (ചരിതസ്മരണകൾ), മതം (മതപരമായ കവിത) തുടങ്ങി കവിതയുടെ വേഷങ്ങൾ പലതാണ്. പടിഞ്ഞാറ്‌ ഇന്ന് അരികുവത്കരിയ്ക്കപ്പെട്ട ഒരു വിനോദോപാധി മാത്രമാണ് കവിത. എന്നിട്ടും അതിന്റെ സ്വഭാവമനുസരിച്ച് അത്തരമൊരു പങ്കിനെ മറികടന്ന് മാനവികമായ ചില മൌലികചോദ്യങ്ങൾക്ക് അത് ഉത്തരം നൽകുന്നു.  അതുകൊണ്ട് പടിഞ്ഞാറിന്റെ ചില ഭാഗങ്ങളിൽ കവിതയുടെ ഉയിർത്തെഴുന്നേൽപ്പ് അനുഭവപ്പെടുന്നു. കൂടുതൽ ആളുകൾ കവിത വായിക്കുകയും എഴുതുകയും അതിനെ കുറിച്ച് ചിന്തിക്കയും ചെയ്യുന്നു. അതൊരുപക്ഷേ ആധുനികലോകം സൃഷ്ടിച്ച ഉത്കണ്ഠകളെ ലഘൂകരിക്കാൻ വേണ്ടി മാത്രമാവാം. എന്നാൽ അത് വായിക്കുന്നതിലൂടെ അതിന്റെ മറ്റ് മാനങ്ങളിലും വായിക്കപ്പെടുന്നു. പെട്ടെന്ന് ചലനമുണ്ടാക്കുന്നില്ല   കവിത. പതുക്കെയാണ് അതിന്റെ പ്രവർത്തനം.  ആ കവിതകൾ വായിക്കാതിരുന്നെങ്കിൽ അറിയാൻ കഴിയാതെ പോകുമായിരുന്ന ലോകത്തിന്റെ ദർശനങ്ങളിലേക്ക് അത് മെല്ലെ നമ്മുടെ കണ്ണുതുറപ്പിക്കുന്നു. ആധുനികസമൂഹങ്ങളിൽ കവിതയ്ക്ക് സുപ്രധാനമായ ഒരു പങ്കുണ്ടെന്ന് ഞാൻ കരുതുന്നു. അത് സാന്ത്വനം പകരുന്നതിനൊപ്പം അറിയാത്തവയിലേക്കുള്ള വഴിയും കാട്ടിത്തരുന്നു.

4.

സംസ്കാരങ്ങൾ തമ്മിലുള്ള വിനിമയത്തിന് കവിത ഒരു സുപ്രധാന ഉപകരണം ആകുമോ?

ഞാനങ്ങനെ വിശ്വസിക്കുന്നു. കവിത ഭാഷയുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്നു. ചില കവികൾക്കാകട്ടെ കവിത ഏറെക്കുറെ ഭാഷ തന്നെയുമാണ്. നാമുൾപ്പെടുന്ന സമൂഹവുമായും വ്യക്തികളെന്ന നിലയിലും അത് വളരെ അടുത്തുനിൽക്കുന്നു. ഏത് സമൂഹത്തിൽ നിന്നാണോ ഉണ്ടായത് അതിൽ മാത്രം ഒതുങ്ങുന്നതും, ആ സമൂഹത്തിൽ ഉള്ളവർക്ക് മാത്രം മനസ്സിലാകുന്നതുമാണ് ഒരു കവിത എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. വാസ്തവത്തിൽ അങ്ങനെയല്ല. ഒരിൻഡ്യൻ ഭാഷയിൽ എഴുതപ്പെട്ട ഒരു കവിത സ്ലൊവേനിയൻ ഭാഷയിൽ എഴുതപ്പെട്ട ഒരു കവിത പോലെ എന്നെ സ്പർശിക്കുന്നതായിരിക്കും. ഇൻഡ്യയിൽ എഴുതപ്പെട്ട കവിത അത് ഉദ്ഭവിച്ച സമൂഹത്തെ കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചയും എനിക്ക് നൽകുന്നു. അത്തരത്തിൽ ഒരു കവിത നൽകുന്ന ഒരുൾക്കാഴ്ച ഒരു പത്രലേഖനത്തിലോ ശാസ്ത്രചർച്ചയിലോ നിന്ന് ലഭിക്കുന്നില്ല. അതിനാൽ കവിതാപരിഭാഷകൾ അത്രയേറെ പ്രാധാന്യം അർഹിക്കുന്നതും വിലപ്പെട്ടതുമാണ്. തീർച്ചയായും മൊഴിമാറ്റത്തിൽ ചിലത് നഷ്ടമാകുന്നുണ്ട്. പക്ഷേ അതിലേറെ അവശേഷിക്കയും ചെയ്യുന്നു. ആ ശിഷ്ടമാകുന്നത് സാംസ്കാരിക വിനിമയത്തിൽ സുപ്രധാന പങ്ക് വഹിക്കയും ചെയ്യുന്നു.

6.

നാഗരിക ജീവിതവുമായുള്ള കവിതയുടെ ബന്ധത്തെ കുറിച്ചുള്ള താങ്കളുടെ അന്വേഷണത്തിൽ ഏറ്റവും രസകരമായ കണ്ടെത്തലുകൾ എന്തൊക്കെയാണ്?

ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. വീടിനു പിന്നിൽ ഒരു കാട്. മുന്നിലൊരു ചതുപ്പ്. പ്രകൃതിയിലെ കാഴ്ചകൾ എന്നിൽ ആഴത്തിൽ പതിയ്ക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയെ ആഘോഷിക്കയും കവിതയുൾപ്പെടെ കാല്പനിക സാഹിത്യം വായിക്കപ്പെടുകയും ചെയ്ത ഒരു പാരമ്പര്യ സ്ലൊവേനിയൻ കുടുംബമായിരുന്നു എന്റേത്.  എന്റെ ആദ്യകാല കവിതകളിൽ പ്രകൃതിബിംബങ്ങൾ നിറഞ്ഞിരുന്നു. ഒക്ടോവിയോ പാസ് പറഞ്ഞതുപോലെ കവിതയിലെ വാക്കുകൾ വെറും വാക്കുകൾ മാത്രമല്ല, വസ്തുക്കളും കൂടിയാണ്. ‘മേശ’ ഒരേസമയം ഒരു വാക്കും വസ്തുവും ആകുന്നതുപോലെ. നാഗരികജീവിതത്തിലെ വാക്കുകൾ, അന്യമായി തോന്നിയിരുന്നതിനാൽ, കവിതയിൽ ഉപയോഗിക്കാൻ എനിക്ക് കുറേ കാലം വേണ്ടിവന്നു. ആദ്യമായി ‘കാർ’ എന്ന വാക്ക് എഴുതിയപ്പോൾ ഒരു പ്രത്യേക കാല്പനിക പാരമ്പര്യത്തിൽ നിന്ന് ഒരു വിടുതൽ അനുഭവപ്പെട്ടു. എന്റെ കവിതകളിൽ ഭൂരിഭാഗവും തികച്ചും നാഗരികമാണ്. നഗരത്തെയും നഗരജീവിതത്തെയും കുറിച്ചാണവ സംസാരിക്കുന്നത്. എന്റെ ജീവിതവും ഏറെയും സ്ലൊവേനിയൻ തലസ്ഥാനമായ ലുബ്ലാന, കോപർ, പാരീസ് തുടങ്ങിയ നഗരങ്ങളിൽ ആയിരുന്നു. നഗരം അതിന്റെ സവിശേഷതകളിലൂടെ പുതിയ പ്രമേയങ്ങളും ബിംബങ്ങളും തന്നു. വ്യത്യസ്ത ശബ്ദങ്ങളും പറച്ചിൽ രീതികളും ഉൾപ്പെടുത്താൻ അവസരം ഒരുക്കിത്തന്നു. അതിൽ പുതുമയൊന്നും ഇല്ലെങ്കിലും, എനിക്കത് തികച്ചും പുതിയതായിരുന്നു. കാറ്റിരമ്പുന്ന ആത്മാവിൽ നിന്ന്, തന്നിൽ നിന്ന് മാത്രം എഴുതുന്ന കാല്പനിക ബുദ്ധിജീവി എന്നതിനപ്പുറം,  ഒരു കവി എന്തായിരിക്കണം എന്ന എന്റെ അവബോധത്തെ പല വിധത്തിൽ തിരുത്തുകയും ചെയ്തു.

7.  

കുറെ കാലത്തേക്ക് ‘കവിയുടെ റോൾ കളിക്കാൻ’ താത്പര്യമില്ല എന്ന് തീരുമാനിക്കാനുണ്ടായ കാരണമെന്താണ്? 

മൂന്ന് കാരണങ്ങളുണ്ട്: വീട്ടിൽ കവിതകൾ വായിക്കുമായിരുന്നെങ്കിലും, ബുദ്ധിപരമായ ജോലിയെ അഭിനന്ദിക്കാത്ത ഒരു തൊഴിലാളി കുടുംബത്തിലാണ് വളർന്നത്. കവിതയെഴുതി നേരം കളഞ്ഞിരുന്നെങ്കിൽ മറ്റുള്ളവരോടും എന്നോട് തന്നെയും വീണ്ടും വീണ്ടും ക്ഷമാപണം ചെയ്യേണ്ടിവരുമായിരുന്നു. പതിനേഴു വയസ്സിൽ ഞാൻ സ്ലൊവേനിയൻ കവിതാരംഗത്ത് കടന്നിരുന്നു. കവികൾ പ്രബുദ്ധരാണ് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഒരു ജീവിതരീതി എന്നതിലുപരി, സ്വാർത്ഥതയോടെയും കച്ചവടമനസ്ഥിതിയോടെയും എഴുതുന്ന പല കവികളും ഒരു ആഘാതമായി പിന്നോട്ടടിപ്പിച്ചു. അത്തരമൊരു വേദിയുടെ ഭാഗമാകാൻ താത്പര്യമുണ്ടായില്ല. ഇന്നും അങ്ങനെ തന്നെ. കവിതയെയും കവിയെയും വേർതിരിച്ചറിയുവാനും, സാമൂഹ്യലാഭത്തിനായി മാത്രം കവിതയെ അപമാനിക്കുന്നവരുടെ തിരസ്കാരം (സ്ലൊവേനിയയിൽ അവർ ഇപ്പോഴുമുണ്ട്), ഞാൻ കവിതയെഴുതാതിരിക്കുന്നതിന് ഒരു കാരണമാകരുതെന്നും മനസ്സിലാക്കുവാനും കുറേ സമയമെടുത്തു. വല്ലപ്പോഴും മാത്രം എഴുതുന്ന കവികളിൽ ഒരാളാണ് ഞാൻ. വർഷങ്ങളോളം എഴുതാതിരുന്നിട്ടുണ്ട്. ആദ്യമായി ആ ശൂന്യത സംഭവിച്ചപ്പോൾ ഇനിയൊരിക്കലും കവിതയെഴുതില്ലെന്ന് തോന്നി. എന്റെ തന്നെ കാഴ്ചപ്പാടിൽ പ്രാഥമികമായി ഞാനൊരു മനുഷ്യജീവിയാണ്.  കവിതയുൾപ്പെടെ മറ്റെല്ലാം പിന്നെ വരുന്നതാണ്. കവിത എന്റെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെങ്കിലും, ജീവിതമാണ് കാര്യം.

8.

താങ്കളുടെ രാജ്യത്ത് കമ്മ്യൂണിസത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് ഒരു പരിവർത്തനമുണ്ടായി. അത് കവിതയെ ബാധിക്കുമോ? 

ഈ പരിവർത്തനത്തിലും സ്ലൊവേനിയയുടെ സ്വാതന്ത്ര്യപ്രക്രിയയിലും കവികൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ കമ്മ്യൂണിസ്റ്റ് ഭരണകൂടം വീഴുകയും സ്ലൊവേനിയ സ്വതന്ത്രമാകുകയും ചെയ്തയുടൻ, കവികളെ ഇനി ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും ബിസിനസ്സുകാരും വ്യക്തമാക്കി. 

കവിതയുൾപ്പെടെ ബൌദ്ധികമായ എല്ലാ കർമ്മങ്ങളും പരിഹസിക്കപ്പെട്ടു. സമൂഹത്തിന്റെ ശരീരത്തിലെ പരാന്നജീവികളായി കവികൾ മുദ്രകുത്തപ്പെട്ടു. തത്ഫലമായി കവിത പാർശ്വവത്കരിക്കപ്പെട്ടു. തൊണ്ണൂറുകളിൽ ഉടനീളം ഈ പ്രക്രിയ തുടർന്നു. 1997ൽ സ്ലൊവേനിയയിൽ കവിതയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരമായ ജെൻകോ അവാർഡ് എനിക്ക് ലഭിച്ചപ്പോൾ, എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തു. എന്നാലിന്ന് ഒരു പുരസ്കാര ജേതാവ് പത്രത്തിൽ ഒന്നോ രണ്ടോ വരികളിൽ ഒതുങ്ങുന്നു, ദേശീയ ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതേയില്ല.     ഇതൊക്കെയായിട്ടും കവിത നിലനിൽക്കുന്നു, ഞങ്ങൾ കവികൾ നിലനിൽക്കുന്നു. ഇന്ന് കവിത സാവധാനമെങ്കിലും ക്രമാനുഗതമായി, പ്രത്യേകിച്ച് നവമാധ്യമങ്ങളിലൂടെ, പൊതുജീവിതത്തിലേക്ക് മടങ്ങിവന്നു കൊണ്ടിരിക്കുന്നു. ഇരുപത് ലക്ഷം ജനസംഖ്യ മാത്രമുള്ള സ്ലൊവേനിയയിൽ, ഓൺലൈൻ മാസിക ‘പോയെസിസ്’ ന് പ്രതിമാസം പതിനായിരത്തോളം സന്ദർശകരുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.  വായനക്കാരിൽ എത്താൻ കവിത പുതുവഴികൾ കണ്ടെത്തിയിരിക്കുന്നു എന്ന് ദൃശ്യ-അച്ചടി മാധ്യമങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.  കവിത പൊതുജനതയുടേതാണ്. അതിനാൽ പൊതുജീവിതത്തിൽ നിലനിൽക്കേണ്ടതുമാണ്.

9.

വർത്തമാനകാല സ്ലൊവേനിയൻ മുഖ്യധാരാ കവിത, യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാത്ത ‘അനുഭവജ്ഞാനത്തിന്റെ കവിത’ ആണെന്ന് താങ്കളുടെ ഒരു അഭിപ്രായം കണ്ടു. വെല്ലുവിളികൾ നിറഞ്ഞ കവിതയ്ക്ക് വേണ്ടി താങ്കൾ ‘ഫൌണ്ട് പൊയട്രി’യിലേക്ക് നീങ്ങുന്നതായും. അതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

1950 മുതൽ സ്ലൊവേനിയൻ കവിതയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന അത്യന്തം രൂപകപ്രധാനമായ കവിതയോടുള്ള പ്രതികരണം ആയിരുന്നു അത്. മെറ്റഫറിക്കൽ അല്ലാത്ത സ്വഭാവമുള്ളതും, സംസാരഭാഷയോട് അടുപ്പമുള്ളതുമായ ഭാഷയിൽ, കൊച്ചുകൊച്ച് സംഭവങ്ങളും കവിയുടെ വ്യക്തിപരമായ അനുഭവങ്ങളും മുന്നോട്ടുവെച്ചുകൊണ്ട്, എൺപതുകളുടെ അവസാനം തൊണ്ണൂറുകളുടെ തുടക്കത്തിൽ അത്   കടന്നുവന്നു. കുറേ കഴിഞ്ഞപ്പോൾ, ഈ കവിതയും ഔപചാരികവും പ്രവചിക്കാവുന്നതും, തത്ഫലമായി ഇനി യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ പര്യാപ്തമല്ലാത്തതും ആയി. അത്തരം കവിതയുടെ മുന്നണിയിൽ ഞാനും ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾ മുമ്പ് അതിന്റെ പരിമിതികളോടും പൊരുതേണ്ടി വരുന്നതായി തോന്നി. ‘അനുഭവജ്ഞാന കവിത’യെ, അല്ലെങ്കിൽ സ്വന്തം കവിതയുടെ തന്നെ  മേഖലയെ വികസിപ്പിക്കാനും, രസകരവും വൈവിധ്യമുള്ളതും ആക്കാനും, കുറഞ്ഞപക്ഷം എനിക്കെങ്കിലും സഹായകമാകാൻ ‘ഫൌണ്ട് പൊയട്രി’യുടെ ആവിർഭാവത്തിന് കഴിഞ്ഞു. എന്നിരുന്നാലും നിരവധി യുവകവികൾ വ്യത്യസ്തമായ വഴികളിൽ, ഇരുപതാംനൂറ്റാണ്ടിന്റെ ഭാഷാപരമായ കവിതയ്ക്ക് പ്രതികരണമായി ‘അനുഭവജ്ഞാന കവിത’യുടെ അവബോധം നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ ഭാഷാപരമായ കവിതയിലേക്ക് മടങ്ങി. അപ്രകാരം അവരുടെ കവിത പൂർവ്വകാലകവിതയുടെ ആവർത്തനം മാത്രമല്ലാതെ പുതിയ ചിലത് സൃഷ്ടിക്കുന്നു, അതിന്റേതായ വഴിയിൽ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു, അതിനെ വ്യത്യസ്തമായ രീതിയിൽ തിളക്കുന്നു.   ഇത്തരം കവിത വായനാക്കാർക്കിടയിൽ വളരെ ശക്തമായി  പ്രതിദ്ധ്വനിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്.

10.

‘കവിത വ്യക്തിപരമായി എനിക്ക് ലൈംഗികതയുടെ ഒരു ശബ്ദരൂപമാണ്. ഇവിടെ ഞാൻ ജോർജെ ബറ്റായിൽ-ന്റെ അനുയായിയാണ്’ എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട്?

കവിതയുടെ വ്യാഖ്യാനങ്ങളിൽ എനിക്ക് ഏറ്റവും അടുപ്പം മേൽപ്പറഞ്ഞതിനോടാണ്. നമ്മുടെ നശ്വരതയെ മറികടക്കാൻ സഹായിക്കുന്ന കരുത്താണ് ലൈംഗികതയെന്ന് ബറ്റായിൽ നിരീക്ഷിക്കുന്നു. ‘ലൈംഗികത’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ അദ്ദേഹം എഴുതുന്നു: ‘വെവ്വേറെ വസ്തുക്കളുടെ കലർപ്പും കൂടിച്ചേരലും വഴി, ലൈംഗികതയുടെ എല്ലാ രൂപങ്ങളും നയിച്ചു കൊണ്ടുപോകുന്ന അതേ ഇടങ്ങളിലേക്കാണ് കവിതയും കൊണ്ടുപോകുന്നത്. അത് നമ്മെ അനശ്വരതയിലേക്ക് നയിക്കുന്നു, മരണത്തിലേക്ക് നയിക്കുന്നു, മരണത്തിലൂടെ തുടർച്ചയിലേക്കും നയിക്കുന്നു. കവിത അനശ്വരതയാണ്; സൂര്യൻ കടലുമായി പൊരുത്തപ്പെടുന്നതു പോലെ.’  

11.

‘നവലാളിത്യം’ എന്ന ഒരു പുതുപ്രവണതയ്ക്ക് താങ്കൾ തുടക്കമിടുന്നു എന്ന് സ്ലൊവേനിയൻ നിരൂപകർ പറയുന്നു. അത് കവിതയ്ക്ക് ഗുണകരമാകുമെന്ന് കരുതുന്നുണ്ടോ?

അവർ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കറിയില്ല. ആ ലാളിത്യം കൊണ്ടുദ്ദേശിച്ചത്, ഒരുപക്ഷേ ദശാബ്ദങ്ങൾ മുമ്പ് കവിതയിൽ ഞാൻ സംസാരഭാഷ ഉപയോഗിക്കാൻ തുടങ്ങിയതും, വ്യത്യസ്തമായ രൂപകങ്ങളോട് കൂടുതൽ താത്പര്യം കാണിക്കുന്നതും ആയിരിക്കാം. എന്തിനെയെങ്കിലും കുറിച്ച് തികച്ചും  ഒന്നും പറയാത്ത ആ ലേബൽ കേൾക്കാൻ സുഖമുള്ളതാണ്.

12.

നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുന്നതെങ്കിലും വൈകാരികമായി കരുത്തുറ്റ അർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന ബിംബങ്ങളാണ് താങ്കളുടെ കവിതയിൽ. അതെങ്ങനെ സാധിക്കുന്നു?

എന്റെ ആദ്യകാലകവിതകൾ സ്ലൊവേനിയൻ നവ ആധുനിക പാരമ്പര്യത്തിനുള്ളിൽ എഴുതപ്പെട്ടവയാണ്. ഭാഷാപരവും കാറ്റുകടക്കാത്തതും ആയിരുന്നു. അത്തരം കവിതയിൽ എനിക്ക് പ്രധാനമായിട്ടുള്ള വിഷയങ്ങൾ സംയോജിപ്പിക്കുവാൻ കഴിയുന്നില്ല എന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്റേത് മാത്രമായ ഒരു കാവ്യഭാഷ കണ്ടെത്താൻ വർഷങ്ങൾ വേണ്ടിവന്നു. ഒടുവിൽ എൺപതുകളുടെ അന്ത്യത്തിൽ ഞാനത് കണ്ടെത്തുകയോ പരുവപ്പെടുത്തുകയോ ചെയ്തു.  അത് സംസാരഭാഷയോട് വളരെ അടുത്തുനിൽക്കുന്നു. ഉദാഹരണത്തിന് കുട്ടിക്കാലത്തെയോ പ്രണയത്തെയോ കുറിച്ച് ഒരു കവിതയെഴുതാൻ ആ കാവ്യഭാഷ എന്നെ സഹായിച്ചു. മറ്റു കവികളുടെ ഉദാഹരണങ്ങളും, തുടക്കത്തിൽ സീമസ് ഹീനിയുടെയും പിന്നീട് സിഗ്നിയേവ് ഹെർബെർട്ടിന്റെയും ചില അമേരിക്കൻ കവികളുടെയും സ്വാധീനം മുന്നിൽ ഉണ്ടായിരുന്നു. അക്കാലത്ത് ഞാനെഴുതിയിരുന്ന കവിതകൾ ഒറ്റപ്രമേയത്തിൽ കേന്ദ്രീകരിച്ച്,  വ്യത്യസ്ത ബിംബങ്ങളിലൂടെ ആശയപ്രകാശനം നടത്താൻ ശ്രമിക്കുന്നവ ആയിരുന്നു. ആ ബിംബങ്ങൾ കഴിവതും സ്പഷ്ടവും സ്പർശിക്കുന്നതും തെളിമയുള്ളതും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. താങ്കളുടെ ചോദ്യത്തിൽ വളരെ കൃത്യമായി വിവരിച്ചിരിക്കുന്ന രീതിയിൽ ആ ബിംബങ്ങൾ വർത്തിക്കുന്നുണ്ടാവാം.

13.

താങ്കളുടെ സഹകവി ലിഡിയ ദിംകോവ്സ്ക എന്നോട് ഒരു അഭിമുഖത്തിൽ പറഞ്ഞു: ‘അമൂർത്ത-ഭാവാർത്ഥ കവിതകളിൽ അഭിരമിച്ചുപോരുന്ന പല ആൺകവികളെയും അപേക്ഷിച്ച് പെൺകവികൾ കൂടുതൽ ധൈര്യവും മൌലികതയും ഉള്ളവരും,   യാഥാർത്ഥ്യങ്ങൾ, ജീവിതം, സമൂ‍ഹം-സാമ്പത്തികം-മനശ്ശാസ്ത്രം-രാഷ്ട്രീയം എന്നീ പ്രശ്നങ്ങളെ  കുറിച്ച് സ്വതന്ത്രമായെഴുതുന്നവരുമാണ്.’ താങ്കളുടെ പ്രതികരണം?                                                                                       

ലിഡിയ ഉദ്ദേശിക്കുന്നത് മാസിഡോണിയൻ കവിതയോ സ്ലൊവേനിയനോ അതോ പൊതുവായോ എന്ന് എനിക്കറിയില്ല. സ്ലൊവേനിയയുടെ കാര്യത്തിൽ ഞാൻ അവരോട് യോജിക്കുന്നു. കഴിഞ്ഞ പത്തുവർഷങ്ങളിൽ സ്ലൊവേനിയയിലെ ഏറ്റവും മികച്ച കവിതകളിൽ ഏറെയും എഴുതിയത് വനിതകൾ ആയിരുന്നു. ആ കവിതകളിൽ ലിഡിയ പരാമർശിച്ചതു പോലെയുള്ള നിരവധി കവിതകൾ ഉണ്ട്.

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...