ഒരു മഹാഎഴുത്തുകാരൻ
ചാൾസ് ബുകോവ്സ്കി
(മൊഴിമാറ്റം: ശിവകുമാർ അമ്പലപ്പുഴ)
മഹാനായ ഒരെഴുത്തുകാരൻ
ജാലകങ്ങളടച്ച് കിടക്കുകയാണ്
ആരെയും കാണാനിഷ്ടപ്പെടാതെ
ഇനിയൊന്നുമെഴുതാൻ
താത്പര്യമില്ലാതെ
പത്രാധിപന്മാരും പ്രസാധകരും
അന്തം വിട്ടു
ചിലർ പറഞ്ഞു വട്ടാണ്
ചിലർ പറഞ്ഞു വടിയായി
“താത്പര്യപ്പെടുന്നില്ല” എന്ന
മറുപടി മെയിലുകൾ
അയയ്ക്കുന്നത് ഭാര്യയാണ്
ചിലരതിനപ്പുറം അയാളുടെ
വീടിനു പുറത്ത്
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
അഴിച്ചിട്ട വെളിയടകൾ കാണുന്നു
ചിലർ ചെന്ന് മണിയടിക്കുന്നു
മറുപടിയില്ല
മഹാനായ എഴുത്തുകാരൻ
ശല്യപ്പെടുത്തലുകൾ
ഇഷ്ടപ്പെടാത്തതാവുമോ
അകത്ത് ഇല്ലാത്തതാവുമോ
ദൂരെയെങ്ങാൻ പോയതാവുമോ
പക്ഷേ അവർക്കെല്ലാം
സത്യമറിയണം
ആ ശബ്ദം കേൾക്കണം
ഇതിനെല്ലാം ന്യായമായ
ഒരു കാരണം കേൾക്കണം
അയാളുടെ സൃഷ്ടികൾ
ആരുമറിയാതെ
ലേലം ചെയ്യപ്പെടുന്നു
വർഷങ്ങളായി പുതിയ
സൃഷ്ടികളില്ല
എന്നിട്ടും
എന്നിട്ടും ജനത്തിന്
സ്വീകാര്യമാകുന്നില്ല
അയാളുടെ നിശ്ശബ്ദത
അവർക്കറിയണം
അയാൾ മരിച്ചോ
അയാൾക്ക് ഭ്രാന്തായോ
അയാൾക്കൊരു കാരണമുണ്ടെങ്കിൽ
പറയൂ ഞങ്ങളോട്
അവരയാളുടെ വീടിനരികത്തൂടെ
നടക്കുന്നു
കത്തുകളെഴുതുന്നു
മണിയടിക്കുന്നു
അവർക്ക് മനസ്സിലാകുന്നില്ല
അതിനാൽ കാര്യങ്ങളതുപോൽ
വിഴുങ്ങാനും തയാറല്ല
എന്തായാലും
എനിക്കതിഷ്ടമായി
No comments:
Post a Comment