ഫർസാനെ ഖുജണ്ടി (താജികിസ്താൻ)
ഇനൊയറ്റ് ഹൊജിയെവ എന്ന് യഥാർത്ഥനാമം. 1964ൽ താജികിസ്താനിലെ ഉൾനാടൻ പ്രവിശ്യയായ ഖുജണ്ടിയിൽ ജനിച്ചു. ഫാർസി, താജിക് എന്നീ പേർഷ്യൻ ഭാഷകളിൽ ഏറ്റവുമധികം വായനക്കാരുള്ള കവിയാണ്. ഇറാനിലും അഫ്ഘാനിസ്താനിലും പ്രശസ്തയാണ്. സമകാലിക താജിക് കവികളിൽ ഏറ്റവും മുന്നിലുള്ള എഴുത്തുകാരിയാണ്. പതിഞ്ഞ കളിയും ചിരിയും ചിന്തയും നിറഞ്ഞ എഴുത്തുരീതിക്ക് സമ്പന്നമായ പേർഷ്യൻ സാഹിത്യ പാരമ്പര്യത്തിന്റെ കരുത്തുമുണ്ട്.
പുല്ലാങ്കുഴലൂത്തുകാരൻ
പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ
യഥാർത്ഥത്തിലെവിടെയാണ് ചന്ത
എനിക്കൊരു കൺനിറയെ
കരുണ വാങ്ങണം
എന്റെയാത്മാവിനെ അലങ്കരിക്കണം
ആഗ്രഹങ്ങളുടെ നഗരത്തിൽ നിന്ന്
തുളളിക്കുതിക്കുന്ന നിറക്കൂട്ടുകളുമായി
ഒരു വ്യാപാരി വരാറുണ്ട്
പക്ഷെ ഖൊജെൻഡിയിലെ ഈ ചന്തയിൽ
ചുളിഞ്ഞ മുഖങ്ങൾ
ചുട്ട വാക്കുകൾ
എനിക്കു വേണ്ടത് ടാബ്രിസിലെ
മധുരപലഹാരങ്ങളുടെ തണുപ്പ്
യഥാർത്ഥത്തിലെവിടെയാണ് ചന്ത
പുല്ലാങ്കുഴലൂത്തുകാരൻ പറയുന്നു
കുത്തുവാക്കുകൾക്ക് പാകമായ
കാതുകളുമായി വരിക
വെട്ടം ഇരുട്ടിലേക്ക് ഉരുവിടുന്ന
പ്രാർത്ഥന കേൾക്കുക
വിളറിവെളുത്ത അപമാനത്തിലേക്ക്
മിഴി തുറന്ന്
സത്യത്തിന്റെ ചാരുത കാണുക
യഥാർത്ഥത്തിലെവിടെയാണ് ചന്ത
മുത്തുകളില്ല
പഴയ തുട്ടുകൾ മാത്രമുളള തൊപ്പിയിലേക്ക്
എന്റെ മനസ്സിനെയാവാഹിക്കുന്ന
പുല്ലാങ്കുഴലൂത്തുകാരൻ അവിടെയുണ്ട്
കണ്ണുനീർത്തുളളിയിലെ
രത്നമാണല്ലോ ഞാൻ
പോയേ തീരൂ
No comments:
Post a Comment