നിസ്സാർ തൌഫീക്ക് ഖബ്ബാനി (സിറിയ)
1923-1998
സിറിയയുടെ ദേശീയകവി എന്നറിയപ്പെടുന്നു. തുടക്കത്തിലെ കാല്പനിക കവിതകളിൽ നിന്ന് രാഷ്ട്രീയകവിതകളിലേക്ക് ചുവട് മാറ്റിയ കവി. ലളിതമെങ്കിലും ശക്തമായ ആ ഭാഷ മദ്ധ്യപൂർവ്വദേശങ്ങളിലും ആഫ്രിക്കയിലും ഏറെ വായിക്കപ്പെട്ടു. ഈജിപ്റ്റ്, തുർക്കി, ലെബനൻ, ബ്രിട്ടൻ, ചൈന, സ്പെയിൻ എന്നിവിടങ്ങളിലെ സിറിയൻ എംബസികളിൽ സേവനമനുഷ്ഠിച്ച നയതന്ത്രജ്ഞനും ആയിരുന്നു അദ്ദേഹം. തുടക്കത്തിലെ ക്ലാസ്സിക് രീതിയിൽ നിന്ന് ദൈനംദിന സിറിയൻ സംഭാഷണഭാഷയിലേക്ക് പിന്നീട് അദ്ദേഹത്തിന്റെ എഴുത്തുരീതി മാറി. സ്വന്തം താത്പര്യത്തിന് വിപരീതമായി ഇഷ്ടമില്ലാത്ത ഒരു പുരുഷനെ വിവാഹം കഴിക്കേണ്ടിവന്ന സഹോദരിയുടെ ആത്മഹത്യ അദ്ദേഹത്തെ വല്ലാതെ ഉലച്ചു. പാരമ്പര്യ മുസ്ലിംസമൂഹത്തിലെ സ്ത്രീകളുടെ അനുഭവങ്ങളെ അദ്ദേഹം നിരവധി കവിതകൾക്ക് വിഷയമാക്കി. പുരുഷാധിപത്യത്തെ അദ്ദേഹം എതിർത്തു. മയക്കുമരുന്നിൽ മുഴുകിയ ദുർബ്ബലമായ അറബിസമൂഹത്തെ നിശിതമായി വിമർശിക്കുന്ന രചനകൾ നിർവ്വഹിച്ചു. പിൽക്കാലത്ത് ഖബ്ബാനി എഴുതിയ കവിതകളിൽ ഏറിയ പങ്കും സ്ത്രീവീക്ഷണകോണിൽ നിന്നുള്ളവയും സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവയും ആയിരുന്നു. ഇരുപതിലധികം കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
നിസ്സാര്‍ തൌഫീക്ക് ഖബ്ബാനി: സിറിയ (1923-1998)
ഭാഷ
ഒരു കാമുകനെങ്ങനെ ഉപയോഗിക്കും
പഴകിപ്പിഞ്ഞിയ വാക്കുകള്‍
കാമുകനു വേണ്ടി ദാഹിക്കുന്ന ഒരുവള്‍
ഭാഷാപണ്ഡിതന്‍റെയോ വ്യാകരണവിദഗ്ദ്ധന്‍റെയോ കൂടെക്കിടക്കണമെന്നുണ്ടോ
എന്റെ പെണ്ണിനോട്
ഞാനൊന്നും ഉരിയാടിയില്ല
പ്രണയത്തിന്‍റെ വിശേഷണങ്ങള്‍ പെട്ടിയിലാക്കി
എല്ലാ ഭാഷകളിള്‍ നിന്നും രക്ഷപ്പെട്ട്
പലായനം ചെയ്തു
വേനലിൽ
തീരത്ത് വേനല്‍ കായുമ്പോള്‍
നിന്നെയോര്‍ക്കും
കടലിനോട് നിന്നെക്കുറിച്ച്
ഞാന്‍ പറഞ്ഞുവെങ്കില്‍
തീരങ്ങളുപേക്ഷിച്ച്
ചിപ്പികളും മീനുകളുമിട്ടെറിഞ്ഞ്
അതെന്നോടൊപ്പം പോരും
ഓരോ ചുംബനവും
നീണ്ട വിരഹം കഴിഞ്ഞ്
നിന്നെയുമ്മവെക്കുമ്പോള്‍
ചുവന്ന എഴുത്തുപെട്ടിയിലേക്ക്
തിരക്കിട്ടെഴുതിയ പ്രണയലേഖനം
ഇടുകയാണ് എന്നു തോന്നും
തിരിയും വെട്ടവും
വെട്ടം റാന്തലിനെക്കാള്‍ മുഖ്യം
നോട്ടുബുക്കിനെക്കാള്‍ കവിതയും
ചുണ്ടുകളെക്കാള്‍ ചുംബനവും മുഖ്യം
എന്നെയും നിന്നെയുംകാള്‍ പ്രധാനം
ഞാന് നിനക്കയച്ച കത്തുകള്‍
നിന്‍റെയഴകും എന്‍റെ ഭ്രാന്തും
ലോകമറിയുവാന്‍
അവ മാത്രമാണ് ആധാരം
No comments:
Post a Comment