എനിക്കിനിയും സമയമുണ്ട്
പാർതവ് നദേരി (അഫ്ഗാനിസ്താൻ)
പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ
എനിക്കിനിയും സമയമുണ്ട്
പാതിരാ കഴിഞ്ഞിരിക്കുന്നു
പ്രാർത്ഥനയ്ക്കായുണരണം
നേരിന്റെ കണ്ണാടികളെന്നോ
പൊടിയടിഞ്ഞുമൂടിയിരിക്കുന്നു
ഉണരണം ഇനിയുമുണ്ട് സമയം
സമയരഥച്ചാടുകൾ ജീവിതച്ചെരിവിലൂടെ
ഉരുളുന്നതിനൊപ്പവും
വീഞ്ഞോ വെള്ളമോ പാത്രത്തിലെന്ന്
തിരിച്ചറിയാനിപ്പോഴും കൈയ്ക്കാവതുണ്ട്
നാളെയൊരുപക്ഷേ
എന്നെയുന്നം വെക്കുന്ന വിഷശരങ്ങൾ
ഞെട്ടിപ്പറക്കാനൊരുങ്ങുന്ന
രണ്ട് പുള്ളിപ്പക്ഷികളെയെന്നപോൽ
എന്റെ കണ്ണുകളെ വേട്ടയാടിയേക്കാം
നാളെയൊരുപക്ഷേ
എന്റെ മടങ്ങിവരവും കാത്തിരുന്ന്
എന്റെ മക്കൾ വൃദ്ധരായേക്കാം
No comments:
Post a Comment