സ്ത്രീ
പെർപെച്വൽ എസൈഫുലെ എമെനെക്വം, നൈജീരിയ
പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ
പറയാനാവാത്ത രൂപങ്ങൾ
പടുത്ത പാറയാണ് ഞാൻ
പാറ ഞാനെന്നറിയാത്ത
സൂര്യചന്ദ്രന്മാരുടെ ശക്തിയെ
ലംഘിക്കുന്നു ഞാൻ
വിയർപ്പാറ്റാൻ വരുന്നവർക്ക്
അഭയം നൽകുമ്പോൾ
സൂര്യന് അലോസരം
ചന്ദ്രനില്ലാത്ത രാത്രികളിൽ
ദൂരക്കാഴ്ച കാണാൻ
ആളുകൾ കയറുന്നത്
ചന്ദ്രന് നാണക്കേട്
ചിലർക്ക് ഞാൻ കിടക്ക
ചിലർക്ക് പ്രചോദനം
പൊരുൾ തേടുന്ന ചിലർക്ക്
എന്റെയസ്തിത്വം
അവരുടെ സ്വാസ്ഥ്യം
വെറും പാറയെന്ന് പറഞ്ഞാലും
ആശയറ്റ നേരത്തെന്നെ
മുറുകെപ്പിടിച്ചില്ലെങ്കിൽ
ചെരിവിലേക്ക് പതിച്ചേക്കാം
യുദ്ധകാലത്തെങ്കിൽ
ശത്രുക്കളെച്ചതയ്ക്കുമായുധം
പ്രതിരോധമറ്റുഴലുമ്പോൾ
കശാപ്പുകാരിൽ നിന്നൊളിപ്പിച്ച്
കാക്കുന്ന കാവലാൾ
എടുത്തെറിഞ്ഞാലും കടൽ
വിഴുങ്ങുന്നില്ലെന്നെ ഞാൻ
കടലിനും കിടക്കമെത്ത
പാറ ഞാൻ നിൽപ്പൂ
അടിയുറച്ചചഞ്ചലം
ആപദ്ഘട്ടങ്ങളിൽ കോട്ട
യുദ്ധത്തിൽ പകയുടെ മുഖം
No comments:
Post a Comment