കവിയ്ക്ക് ഒരു ദ്രുതചോദ്യം ലഭ്യമാകുകയും തത്പ്രകാരം കവിത എപ്രകാരം രചിക്കണമെന്നതിന് ഒരു നിർദ്ദേശപട്ടിക ലഭ്യമാകുകയും ചെയ്യുന്ന കവിത
(സാറ ഉറീബെ, മെക്സിക്കോ)
പലിശരഹിത മാസഗഡുക്കളിൽ താങ്കളൊരു കവിത രചിക്കേണ്ടതാണ്. അത് 24 മണിക്കൂറും തുറന്നിരിക്കേണ്ടതാകുന്നു. അതിൽ വൈഫൈ അടങ്ങിയിരിക്കണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെടാൻ തക്കവണ്ണം ആയിരിക്കണം നിർമ്മിതി. ക്രൂരതാരഹിത ചമയങ്ങൾ ആകണം അണിയേണ്ടത്. യാഥാസ്ഥിതികത്വം ഇല്ലാത്തതും കൊഴുപ്പടിയാത്തതുമായ കവിതയാണ് സ്വാഭാവികമായും ഞങ്ങൾ ആഗ്രഹിക്കുന്നത്. മധുരമോ ഇലാസ്തികതയോ ഉത്തേജകങ്ങളോ ഉണ്ടായിരിക്കരുത്.
“അപ്പോൾ തങ്കൾക്ക് വേണ്ടത് കവിതയോ അതോ സോയാമിൽക് ചേർത്ത ചായയോ?“
ഞങ്ങൾക്ക് വേണ്ടതൊരു വാക്കുത്പാദനയന്ത്രമാണ്.
ഏറെ നാട്യങ്ങളില്ലാത്ത ഒരു പാട്ടുപെട്ടി,
ബാറ്ററിയുൾപ്പെടെ ഒരു റിമോട്ട് കൺട്രോൾ കളിപ്പാട്ടം.
അനിർവ്വചനീയതത്വപ്രകാരമുള്ള കവിത.
വർത്തമാനത്തിലുള്ള ഭൂതകാല ഹോമേറിയൻകവിത.
ഒരു അലൗകികസ്ഫോടന കവിത.
Themostpoeticwithoutbeingcatharticpoemeverwritten.com
എന്ന് വിശേഷിപ്പിക്കാവുന്ന വൈവിധ്യമുള്ള കവിത.
ബഹുഭാഷാവഴക്കമുള്ളതും
‘ഇതുപോലെ മറ്റൊരു കവിതയില്ല‘ എന്ന്
ടീഷേർട്ടിൽ ആലേഖനം ചെയ്തതുമായ കവിത.
ഉച്ചത്തിൽ ചൊല്ലാവുന്ന കവിത
സ്വന്തം വഴി കണ്ടുപിടിക്കുന്ന കവിത.
കാലാവധിത്തീയതിയില്ലാത്ത കവിത,
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങൾക്ക് വേണ്ടത്
ഒരു അനസ്തറ്റോളജിസ്റ്റിനെപ്പോലെ
തൊണ്ണൂറ്റിയൊൻപതിൽ നിന്ന് പിന്നിലേക്ക്
പൂജ്യം വരെയെണ്ണുന്ന കവിത.
എന്നുവെച്ചാൽ ശസ്ത്രക്രിയയ്ക്കിടയിൽ
ഉണരാത്ത കവിത.
No comments:
Post a Comment