ഹംബർട്ടോ അക്’അബാൽ (ഗ്വാട്ടിമാല) 1952-2019
തന്റെ മാതൃഭാഷയായ ക്’ഇചെ-യിൽ എഴുതുകയും പിന്നീട് സ്പാനിഷിലേക്ക് മൊഴിമാറ്റുകയും ചെയ്യുന്ന കവി. എന്നാൽ ഈ കവിതകൾ മറ്റനേകം ഭാഷകളിലേക്ക് പരിഭാഷപ്പെട്ടതോടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായി. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഏറെ വായിക്കപ്പെടുന്ന കവി. സവിശേഷമായ ചില കാവ്യപ്രയോഗങ്ങളിലൂടെയും പൊതു ചൊല്ലരങ്ങുകളിലൂടെയും പ്രശസ്തനായി. അബ്യയാലയിലെ തനത് സമൂഹത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചു. പൊതുസംസ്കാരത്തിന്റെ ആചാരങ്ങൾക്ക് കീഴടങ്ങാത്ത ഒരു തരം വെല്ലുവിളികളായിരുന്നു കവിതകളിൽ ഏറെയും. “എന്റെ തോന്നലുകളാണ്, ജീവിതമാണ്, കാഴ്ചകളാണ് സ്വതന്ത്രമായി ഞാൻ പറയുന്നത്” എന്ന് അതിന് അദ്ദേഹം അടിവരയുമിട്ടു.
1.
ഇഷ്ടമാണെനിക്ക്
നീളെ പറക്കവേ കിളികൾ
പാടണം കാഷ്ഠിക്കണം
എന്റെ നോട്ടപ്പാടിന്റെ
നൂലറ്റം തീരും വരെ
ഒരു കിളിയായ് പറന്നുപറന്നുപറന്ന്
ചിലരുടെയും ചിലതിന്റെയും മേൽ
ആനന്ദത്തോടെയെനിക്ക് കാഷ്ഠിക്കണം
2.
വഴിയിലെ കല്ല്
വഴിയിലെയൊരു ചെറുകല്ല്
വീണ്ടും വീണ്ടും തൊഴിച്ചുതെറിപ്പിച്ച്
നടക്കവേ എന്നോടുതന്നെ ഞാനിതുരുവിടും
റോഡിലെയൊരു കല്ല് പോലും
ദൈവമെന്നവർ പറയാറുണ്ട്
ആളില്ലാത്തൊരു തെരുവിൽ
തട്ടിത്തെറിപ്പിച്ചുപോകുന്ന
ഒരു കല്ലിനെക്കുറിച്ച്
അസാധാരണമായതൊന്നും
പറയാനില്ലാത്ത ഞാൻ
അവർ പറഞ്ഞത്
എന്നോടുതന്നെ പറയാറുണ്ട്
വിഷയമില്ലാതെ പ്രവൃത്തിയില്ലെന്നതിനാലും
കവിതയ്ക്ക് സമയക്രമമില്ലാത്തതിനാലും
ഈയുച്ചതിരിഞ്ഞ് എന്റെ വിഷയം
കല്ല് തൊഴിച്ചെറ്റുന്നത് മാത്രം
കല്ല് മറ്റൊരു കല്ലിനെ തെറിപ്പിക്കുന്നു
അത് പാടുന്നില്ല പ്രപഞ്ചത്തിൽ നിറയുന്നില്ല
വീട്ടിലേക്കു മടങ്ങവേ
ഏതൊരാൾക്കും പറയാം
അത് ഒന്നുമേയല്ല എന്ന്
No comments:
Post a Comment