ഒഴിഞ്ഞുപോക്ക്
ഫ്രാങ്ക് ബായെസ് (ഡൊമിനിക്കൻ റിപ്പബ്ലിക്ക്)
മൊഴിമാറ്റം : ശിവകുമാർ അമ്പലപ്പുഴ
എല്ലാവീടുകളും കാലിയാക്കുംവരെ
അവർ കാത്തുനിന്നു
എല്ലാം പെറുക്കിയടുക്കി
ചാക്കിലാക്കാൻ.
മേഘങ്ങൾ ചന്ദ്രൻ നക്ഷത്രങ്ങൾ
ഫോൺകമ്പികൾ
അവയിലിരുന്ന പ്രാവുകൾ
ചട്ടിയും കലവും
പക്ഷികൾ ആന്റിനകൾ
ഒക്കെയുമെടുത്തു.
ഉഷ്ണമേഖലയുടെ പ്രകൃതിയെ
അപ്പാടെ ചുരുട്ടിയെടുത്തു.
ഒരു കാൻവാസെന്ന പോലെ
അഴിച്ചുമടക്കിയൊരു
സർക്കസ് കൂടാരം പോലെ.
മറ്റൊരു നഗരമെത്തിയാൽ
പൊടിക്കാറ്റടിക്കുന്ന
ഒരു വിജനഭൂമിയിൽ
കുത്തിപ്പൊക്കിനിവർത്താവുന്ന
ഏതോ ഒന്നുപോലെ.
അത് ന്യൂയോർക്കിലോ
ബാർസലോണയിലോ ആവാം.
No comments:
Post a Comment