Monday 20 March 2023

കുഴിമാടത്തിലൊരു കുരിപ്പ് ജസീന്ത കെർകെറ്റ, ജാർഖണ്ഡ്




കുഴിമാടത്തിലൊരു കുരിപ്പ്

ജസീന്ത കെർകെറ്റ, ജാർഖണ്ഡ് (ഒറഓൺ ഗോത്രകവി)

പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


ഗ്രാമത്തിലൊരു

ചെറുചെളിക്കൂമ്പാരത്തിലൊരു

ചെറുമുളക്കുരിപ്പ്

വെറുമൊരു ചെളിക്കൂനയല്ല

അതൊരു കുഴിമാടം

പട്ടിണികൊണ്ട് മരിച്ച

സുഗ്നന്റെയസ്ഥിമാടം

പേടിച്ചൊളിച്ചയിടത്തുനിന്ന് 

മഞ്ഞുതുള്ളികൾ കുതിർത്ത്

ഉയിർപകർന്നപ്പോൾ

പുറത്തുവന്നു കുരിപ്പ് 

അവന്റെ മക്കൾ കണ്ടിട്ടുണ്ട്

എന്നോ തീകെട്ടുപോയ മണ്ണടുപ്പിന്മേലും

ചാണകം മെഴുകിയ തറയിലും 

നെൽവിത്തുകളുടെ കുരിപ്പുകൾ 

പട്ടിണിയുടെ നിസ്സംഗതയിൽ

അവന്റെ വിധവ കാണുന്നത്

പശിയുടെ തീ കരിപിടിപ്പിച്ച

കാലിയായി കമഴ്ത്തിവെച്ച

അരിക്കലമാണ് 

ഇത്തവണ സുഗ്നന്റെ

കെട്ട്യോളും കുട്ടികളും

പട്ടിണികിടന്ന് മരിക്കില്ല 

പകരം സ്വയം ജീവനൊടുക്കും 

അവർക്ക് നന്നായറിയാം

പട്ടിണിമരണം കോലാഹലമോ

വാർത്തയോ ആവില്ല 

മറിച്ച് ആത്മഹത്യ

അവരുടെ ജഡങ്ങൾക്ക്

തലക്കെട്ട് ഉറപ്പാക്കും 

എന്തുകൊണ്ടെന്നും എവിടെയെന്നും

ഉള്ള അന്വേഷണങ്ങൾ

തീപൂട്ടാതെ തണുപ്പടിഞ്ഞ 

മറ്റനേകം വാതിലുകളിലേക്ക്

എത്തിപ്പെട്ടേക്കാം


No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...