Friday 17 March 2023

അഭിമുഖം: ലിദിയ ദിംകൊവ്സ്ക, കവി, മാസിഡോണിയ: തയാറാക്കിയത്: ശിവകുമാർ അമ്പലപ്പുഴ

ലിഡിയ ദിംകോവ്സ്ക- മാസിഡോണിയൻ കവി

അഭിമുഖം: തയാറാക്കിയത്: ശിവകുമാർ അമ്പലപ്പുഴ

ലിഡിയ ദിംകോവ്സ്ക, 1971ൽ മാസിഡോണിയയിൽ ജനനം. ഇപ്പോൾ സ്ലൊവേനിയ യിൽ താമസം. മാസിഡോണിയൻ ഭാഷയിൽ കവിതകളും നോവലുകളും എഴുതുന്നു. ഇരുപതിൽപ്പരം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാസിഡോണിയൻ പുരസ്കാരങ്ങൾ കൂടാതെ ഹ്യൂബർട്ട് ബുർദ(ജർമ്മനി), പൊയസിസ്, ട്യൂഡോർ എന്നീ റുമാനിയൻ പുരസ്കാരങ്ങൾ, 2016ലെ യൂറോപ്യൻ പൊയട്രി പ്രൈസ്, കപ്പ് ഓഫ് ഇമ്മോർട്ടലിറ്റി (സ്ലൊവേനിയ), ‘എ സ്പെയർ ലൈഫ്’ എന്ന നോവലിന് യൂറോപ്യൻ യൂണിയൻ പുരസ്കാരം എന്നിവ നേടി.

1. രണ്ടാം ലോകയുദ്ധാനന്തരകാല മാസിഡോണിയൻ സാഹിത്യത്തിന്റെ തുടക്കം കൊകൊ റേസിനിൽ നിന്നായിരുന്നു. റേസിൻ, കൊനെസ്കി, നെഡെൽകോവ്സ്കി തുടങ്ങിയവർ പ്രചോദനം ആയിട്ടുണ്ടോ? ദേശീയസ്വത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?

ദേശീയത വ്യക്തിപരവും ഒപ്പം കൂട്ടായ അവകാശം, സ്വത്വം, അംഗീകാരം എന്നിവയുമാണ്. സ്വതന്ത്രമാകുന്നതിനു മുമ്പും മാസിഡോണിയൻ ഭാഷ മാതൃഭാഷയായി ഉൾക്കൊണ്ടിരുന്നവരാണ് മാസിഡോണിയക്കാർ. 1991ൽ യുഗോസ്ലാവിയയിൽ നിന്ന് സ്വാതന്ത്ര്യവും 2018ൽ വടക്കൻ മാസിഡോ ണിയ എന്ന ദേശീയതയും കൈവന്നു. റേസിനും കൊനെൻസ്കിയും വ്യക്തിസ്വത്വത്തിന് പിന്തുണ നൽകിയത് പൌരാണിക മാസിഡോണിയൻ അല്ല, വടക്കൻ മാസിഡോണിയ എന്ന സ്ലാവിയൻ സങ്കൽപ്പത്തിൽ ആയി രുന്നു. ആ അവബോധത്തിൽ ഞാൻ മാസിഡോണിയനിൽ എഴുതുന്നു. സാർവ്വജനീനതയുടെ ഭാഗമായ ദേശീയതയ്ക്ക് വേണ്ടി ഞാൻ നില കൊള്ളുന്നു. മനുഷ്യർ വീടും നാടും വിട്ട് സഞ്ചാരികളായും കുടിയേറ്റക്കാ രായും അഭയാർത്ഥികളായും മാറുന്ന കാലത്ത് ദേശീയമായ സാഹിത്യം, സംസ്കാരം, ശുദ്ധസ്വത്വം എന്നിവയ്ക്ക് അർത്ഥമില്ല. എല്ലാമുൾക്കൊള്ളുന്ന അതിരുകളില്ലാത്ത ആഗിരണത്തിന്റെയും അന്തർദ്ദേശീയമായ സാഹിത്യ ത്തിന്റെയും കാലമാണിത്.

2. നിങ്ങളുടെ രാജ്യത്തിന്റെ സ്ട്രുഗാ കാവ്യോത്സവം, റേസിൻ സംഗമങ്ങൾ തുടങ്ങിയ കൂടിച്ചേരലുകളെക്കുറിച്ച് പറയാമോ?

സമകാലിക സാഹിത്യത്തിന്റെ ചലനാത്മക സമാഹാരങ്ങളാണവ. കവിക ളുമായിട്ട് നേരിട്ട് സംവദിക്കുന്നു. വ്യത്യസ്ത കാവ്യസങ്കേതങ്ങൾ കലരുന്നു. യഥാർത്ഥ ഇടത്തിലും കാലത്തിലും വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത കവികളെ സന്ധിക്കുന്ന അനുഭവം.

നിങ്ങളുടെ കവി, കെ.സച്ചിദാനന്ദനെ നേരിട്ടറിഞ്ഞതും ഇതുപോലൊരു അവസരത്തിലാണ്. ഞാനും കൂടി സംഘാടകയായിരുന്ന വിലെൻസിയ ഫെസ്റ്റിവലിലും ഹെഡെല്ലിനിലും ഒന്നിച്ചുണ്ടായിരുന്നു. സ്ലൊവേനിയൻ പരിഭാഷയിൽ വായിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കവിതകൾ ഇഷ്ടമാണ്.

3. പ്രക്ഷുബ്ദ്ധമായ ഒരു ചരിത്രം മാസിഡോണിയയ്ക്കുണ്ട്. പല അനുഭവ ങ്ങൾ താങ്കളുടെ എഴുത്തിലുണ്ട്. താങ്കൾ ചരിത്രത്തെ ആശ്രയിക്കു ന്നുണ്ടോ? സാഹിത്യത്തിൽ ചരിത്രത്തിന് പങ്കുണ്ടോ?

എല്ലാ ചരിത്രങ്ങൾക്കും സാഹിത്യത്തിൽ അതിന്റേതായ പങ്കുണ്ട്. ഈ കവിത അതിന് ഉത്തരമാണ്.

ചരിത്രം

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


മരിച്ചവർ വർഷങ്ങൾ ജീവിക്കുന്നു

ജീവിച്ചിരിക്കുന്നവർ മുമ്പേ മരിച്ചവരാകുന്നു

മൃതരാഷ്ട്രങ്ങൾ ദശാബ്ദങ്ങൾ ജീവിക്കുന്നു

നിലവിലുള്ളവ മരിച്ച ദശാബ്ദങ്ങളിലും


നിർജ്ജീവ മാനവികതകൾ സജീവമാകുന്ന ശതാബ്ദങ്ങൾ

തത്സമയ മാനവികതകൾ മൃതശതാബ്ദങ്ങളിലും

ഓരോ കാലത്തിനും അനാവശ്യ ചരിത്രങ്ങൾ

ഓരോ ചരിത്രത്തിനും അനാവശ്യ കാലങ്ങൾ

ഉള്ളടക്കങ്ങൾക്കും സംഗ്രഹങ്ങൾക്കും

പ്രമാണങ്ങൾക്കും ഇടയിൽ ചരിത്രം

ജീവിതത്തെയും മരണത്തെയും കുറിക്കുന്ന

ഒരു കടലാസ് മാത്രമാകുന്നു

സമ്മേളനങ്ങൾക്ക് ശേഷം അവ

വ്യവഹാരങ്ങളിൽ രേഖപ്പെടുത്തപ്പെടുന്നു

പിന്നീടൊരിക്കലും ആരാലും വായിക്കപ്പെടാതെ 

ബാൾക്കനിൽ ഞങ്ങൾ ചരിത്രത്തെ ചുമക്കുന്നു. ചരിത്രത്തിൽ ജീവി ക്കുന്നു, മരിക്കുന്നു. ചരിത്രം രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്റെ നോവലിൽ സോഷ്യലിസ്റ്റ് യുഗോസ്ലാവിയൻ ചരിത്രവും വിഘട നവും യുദ്ധവും പരിവർത്തനവും വരുന്നുണ്ട്. പുതിയ നോവൽ ‘നോൻ ഇ’യിൽ യുഗോസ്ലാവിയയിലെ രണ്ടാംലോകയുദ്ധത്തെ കുറിച്ചുള്ള അന്വേഷണങ്ങളുണ്ട്. കഥകളിൽ, കവിതകളിൽ ക്രൊയേഷ്യ യുടെ ചരിത്രപരാമർശമുണ്ട്. പുതിയ ചരിത്രം മെനയലല്ല സാഹിത്യം. അതിൽ നിന്നൊരു പുതിയ കഥയുണ്ടാകുകയാണ് വേണ്ടത്. അതിൽ ചരിത്രവും ഉണ്ടാകാം.

4. പാരമ്പര്യവും ആധുനികതയും തമ്മിൽ, ആവിഷ്കാരത്തിന്റെ വ്യത്യസ്ത കലാരൂപങ്ങളും കാവ്യസങ്കേതങ്ങളുടെ കലയും തമ്മിൽ ഒരു സംവാദമാണ് സമകാലിക മാസിഡോണിയൻ കവിത എന്ന് തോന്നുന്നു     താങ്കളുടെ അഭിപ്രായം?

കാവ്യചിത്രങ്ങൾ, ഭാവാർത്ഥങ്ങൾ, സംഗീതം, അമൂർത്തീകരണം, അതി ഭൌതിക ചോദ്യങ്ങൾ എന്നിവ എന്റെ ആദ്യകൃതികളിൽ ഉണ്ടായി രുന്നു. യഥാർത്ഥ ചരിത്ര-സാമൂഹ്യ-സാംസ്കാരിക സംഭവങ്ങളുടെ പരോക്ഷസൂചനകളും, നാഗരിക പുരാവൃത്ത അടയാളങ്ങളും, ദൈനംദിന ജീവിതാവിഷ്കാരങ്ങളുമാണ് വഴിയെന്ന് പിന്നീട് തിരിച്ച റിഞ്ഞു. എന്റെ എഴുത്തുകളെ സ്വാധീനിച്ചിട്ടുള്ളത് ഇതുവരെയുള്ള ജീവിതം തന്നെയാണ്. എന്റെ സ്വത്വാന്വേഷണം, ദേശാടനങ്ങൾ, ഒറ്റപ്പെട ലുകൾ, ദേശമില്ലായ്മ എന്നിവയൊക്കെ ചേർന്ന വർഷങ്ങൾ.

5. വാക്കുകളും ചിത്രങ്ങളും സമന്വയിപ്പിച്ചുള്ള കവിതയെക്കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാടുകൾ?

ഈ രീതി പുതിയ കവികളിൽ പ്രത്യക്ഷമായി കടന്നുവരാറുണ്ട്. അത് ഗുണമോ ദോഷമോ എന്നറിയില്ല. വാക്കുകൾ കൊണ്ട് വിവരണാത്മക ബിംബങ്ങളിലൂടെ കവിത മെനയുന്നതാണ് ഇഷ്ടം. ദൃശ്യാത്മകവും ചലനാ ത്മകവും ആകണം കവിതകൾ. വാക്കുകൾക്കും ബിംബങ്ങൾക്കും വേണ്ടി മാത്രം, മർമ്മബിന്ദുവോ അനുഭവമോ സന്ദർഭമോ, ആ കവിതയോട് ഐക്യപ്പെടുന്ന വൈകാരിക അടിസ്ഥാനമോ ഇല്ലാത്ത കവിത പൊള്ള യാണ്. യഥാർത്ഥമെങ്കിലും ഏതാണ്ട് മുഴുവനും അയഥാർത്ഥമായ ലോകത്ത് ജീവിക്കുന്ന നമ്മൾ എഴുതുമ്പോൾ, സാഹിത്യമെന്ന മറ്റൊരു യഥാർത്ഥലോകത്ത് ആദ്യം പറഞ്ഞ യഥാർത്ഥലോകത്തെ പുന:സൃഷ്ടിക്കുക യാണ് ചെയ്യേണ്ടതായിട്ടുള്ളത്.

6. സമകാലിക മാസിഡോണിയൻ കവിതയിൽ മാതൃത്വത്തിനും മതലിഖിതങ്ങളിലുള്ള അമ്മമാരുടെ കഷ്ടപ്പാടുകൾക്കും ഒരു ഇടമുണ്ടായത് എങ്ങനെയാണ്?

ബിബ്ലിക്കൽ മാതൃത്വത്തെ കുറിച്ച് ആൺകവികളാണ് കൂടുതലും എഴുതു ന്നത്. പെൺകവികൾക്ക് കുട്ടികളെയും പരിപാലിക്കേണ്ടതുണ്ട്. ആ സമയ വും ആൺകവികൾക്ക് മാതൃവ്യഥയുടെ അമൂർത്തതകൾ എഴുതാം. സമ കാലിക മാസിഡോണിയൻ കവിതയിൽ സാമൂഹ്യപ്രശ്നങ്ങൾ, ദൈനംദിന ജീവിതം, യഥാർത്ഥ മാതൃത്വം എന്നിവ വിന്യസിക്കുന്നവ കൂടുതലും പെൺകവികളുടേതാണ്. ആൺകവികൾ പൊതുവിൽ കവിതയുടെ രക്ഷകരും ഭാവാർത്ഥ രാജകുമാരന്മാരും ആയിട്ടാണ് കരുതപ്പെടുന്നത്.

7. താങ്കൾ റുമേനിയൻ സാഹിത്യത്തിലും ബിരുദമെടുത്തു. പല ദേശാടനങ്ങൾ, ഇപ്പോൾ സ്ലൊവേനിയയിൽ താമസം. ‘ഹിഡൻ ക്യാമറ’ എന്ന പുസ്തകത്തിൽ ഈ ഇടം മാറലുകളുടെ അനുഭവങ്ങളുണ്ട്. കവിതയിൽ ഈ അനുഭവങ്ങളുടെ സ്ഥാനം എവിടെയാണ്?

വ്യത്യസ്തങ്ങളായ പല വഴികൾ കവിതയിലുണ്ട്. പുതിയ പ്രമേയങ്ങൾ, പദപ്രയോഗങ്ങൾ, കാഴ്ചപ്പാടുകൾ. മാസിഡോണിയയിൽ നിന്ന് റുമേനിയ യിലേക്കും പിന്നെ സ്ലൊവേനിയയിലേക്കും പറിച്ചുനടപ്പെട്ടപ്പോൾ, ചോദ്യം ചോദിക്കാതെ സ്വീകരിക്കാൻ ഒന്നും നിസ്സാരമല്ലെന്ന് മനസ്സിലാക്കി. സാഹി ത്യത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രബിന്ദു എന്റെ സ്വത്വമാ ണെന്നും. കൊകൊ റേസിനിന്റെ സംഹിത പോലെ. ‘ലോകമാകമാനവും എന്റെ വീടാണ്.’ പക്ഷേ ചില നേരം തോന്നും, എനിക്ക് വീടേ ഇല്ലെന്നും.

8. താങ്കളുടെ ചില കവിതകൾ ആധുനിക കിഴക്കൻ യൂറോപ്യൻ സമൂഹത്തിന്റെ അയഥാർത്ഥവും ഭ്രമാത്മകവുമായ വിശകലനങ്ങൾ ആണെന്ന് വിലയിരുത്തപ്പെടുന്നു. അത്തരത്തിൽ എഴുതാനുള്ള പ്രചോദനം എന്താണ്?

ആഗോളജീവിതം തന്നെ അതാണല്ലോ. ഈ അയാഥാർത്ഥ്യങ്ങൾ എത്ര ത്തോളം വലുതാകുന്നുവോ അത്രത്തോളം തീവ്രവും മികച്ചതും ആഴമു ള്ളതും അസ്തിത്വപരവും ആകുന്നുണ്ട് കവിതയും. റുമാനിയൻ കാലത്ത് എല്ലായ്പ്പോഴും എഴുതുന്ന ഉന്മത്തകവി ആയിരുന്നു ഞാൻ. പരിവർത്തന ങ്ങളിൽ വൃദ്ധിപ്പെട്ട് വരികയായിരുന്ന സ്ലൊവേനിയയിലേക്ക് മാറിയ പ്പോൾ അവിടെ കവിതയ്ക്ക് ഒരു വിഷയവും കണ്ടെത്തിയില്ല. ഓർമ്മക ളാൽ ഞാനെന്റെ കവിതയെ പോഷിപ്പിച്ചു കൊണ്ടിരുന്നു. താമസിയാതെ സ്ലൊവേനിയൻ സമൂഹത്തിന്റെ കറുത്ത വശങ്ങളും പ്രത്യക്ഷമായതോടെ വിരോധാഭാസമെന്നോണം കവിതയ്ക്കുള്ള പദാർത്ഥമായി. ഇപ്പോഴാകട്ടെ എവിടെയായാലും പുറത്തുള്ള ലോകത്തോ ഉള്ളിൽത്തന്നെയോ കവിത കണ്ടെത്താൻ എനിക്ക് കഴിയും. 

9. താങ്കളുടെ രചനകളിൽ സാംസ്കാരികവും ലിംഗപരവുമായ സ്വത്വപ്രതിസന്ധി പ്രതിപാദ്യമാകുന്നുണ്ട്. അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അതേക്കുറിച്ച് താങ്കൾ എത്രത്തോളം ഉത്കണ്ഠാകുലയാണ്?

ആകുലപ്പെടേണ്ടത് ഈ പ്രതിസന്ധിയെ കുറിച്ചല്ല, അതിന്റെ അംഗീകാര ത്തിനു വേണ്ടിയാണ്. ഈ നൂറ്റാണ്ടിലും സ്ത്രീകളുടെയും ഭിന്നലിംഗക്കാരു ടെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങൾക്ക് വേണ്ടി നാം പോരാടേ ണ്ടിയിരിക്കുന്നു. പരിഷ്കാരം, സംസ്കാരം, വിജ്ഞാനം, ബുദ്ധി, അനു ഭവം എന്നിവയുടെ നീണ്ട ചരിത്രമുണ്ട്. എന്നിട്ടും ഗർഭച്ഛിദ്രത്തിന് സ്ത്രീയ്ക്ക് അവകാശമുണ്ടോ ഇല്ലയോ, രണ്ട് പുരുഷന്മാർക്കോ രണ്ട് സ്ത്രീകൾക്കോ ഒന്നിച്ചുറങ്ങാമോ എന്നുതുടങ്ങിയ ചർച്ചകൾ ആണിന്നും. യാഥാസ്ഥിതികമായ അശുഭമനസ്സുകൾ മൂലം, പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ ഒരേ പ്രശ്നങ്ങളിലേക്കും ഒരേ മാനസിക സാംസ്കാരിക രാഷ്ട്രീയ വിലക്കുകളിലേക്കും നമ്മൾ തിരിച്ചെത്തുന്നതിൽ നിരാശയുണ്ട്.

10. മതപരവും പൌരാണികവും ആയ അടയാളങ്ങളെ ആധുനിക സാങ്കേതികതയുമായി ഇണക്കുന്നതും, പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത മേഖലകളിൽ നിന്നുള്ളതുമായ ഭാവാർത്ഥങ്ങളുടെ സമ്മിശ്രണം താങ്കളുടെ കവിതയുടെ മുഖമുദ്രയാണ്. വായനക്കാരന്റെ പ്രതീക്ഷയെ തകിടം മറിക്കുന്ന ഈ ലീലയുടെ രഹസ്യം എന്താണ്?

എഴുതുന്നതിന് മുൻ വിധികൾ ഒന്നുമില്ല. അപ്പപ്പോഴുണ്ടാകുന്ന ശകലങ്ങൾ കുറിച്ചിടും. പൂർണ്ണമായി എഴുതുവാനുള്ള സന്ദർഭം വരുമ്പോൾ, രൂപം നൽകി അന്തിമ ചട്ടക്കൂട്ടിലേക്ക് ആവിഷ്കരിക്കയും ചെയ്യും. ആത്മസത്ത യുടെ കണ്ണാടിയാണ് കവിത. എന്നാൽ അതേ ഉൾത്തോന്നലുകൾ ബാഹ്യ സംഭവങ്ങളുടെ പ്രതികരണങ്ങളുമാണ്. ദു;ഖിതയോ ദുർബ്ബലയോ നിസ്സഹാ യയോ ആയിരിക്കുന്ന സമയങ്ങളിൽ ഞാൻ എഴുതാറില്ല. എഴുത്ത് ധീരമായ പ്രവൃത്തിയാണ്. ശക്തിയാണ്, ഊർജ്ജത്തിനു വേണ്ടിയുള്ള അന്വേഷണമാണ്. ഏറ്റവും ദുരന്തപൂർണ്ണമായതിനെ കുറിച്ച് എഴുതുമ്പോൾ പോലും പൂർണ്ണസന്തോഷമുള്ള ആളാണ് ഞാൻ. കാരണം എഴുത്ത് എനിക്ക് ശ്വാസവും ജീവിതവും സന്തുഷ്ടിയുമാ‍ണ്.

11. അഭിലാഷങ്ങളും വിചാരങ്ങളും തോന്നലുകളും പ്രതിഫലിപ്പിക്കാൻ മാസിഡോണിയൻ സംസ്കാരത്തിന്റെയും ദേശീയതയുടെയും ഭാഗമായിരുന്നല്ലോ നാടോടിസാഹിത്യം. അതിന്റെ സാദ്ധ്യതകൾ?

സംസ്കാരത്തിന്റെ ആന്തരികവികാസത്തിന് തടയിടാൻ നിയമങ്ങൾക്ക് കഴിയില്ല. ഇതിഹാസങ്ങൾക്കും പ്രാഗ്രൂപങ്ങൾക്കും ഏത് ദേശീയതയെക്കാളും പഴക്കമുണ്ട്. രാഷ്ട്രീയതീരുമാനങ്ങളെക്കാൾ പഴമ പാട്ടുകൾക്കുണ്ട്. മാസിഡോണിയ ഓട്ടോമാൻ സാമ്രാജ്യത്തിൽ ആയിരിക്കുമ്പോഴാണ് പള്ളികളിൽ മികച്ച പെയിന്റിങ്ങുകൾ ഉണ്ടായത്.

12. ഇപ്പോൾ സ്ലൊവേനിയയിൽ ആണല്ലോ താമസം. മാതൃരാജ്യത്തിലേക്ക് മടങ്ങണമെന്ന് ഒരിക്കൽപ്പോലും തോന്നിയിട്ടില്ലേ?

ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാനിപ്പോഴും എന്റെ രാജ്യത്തേക്ക് മടങ്ങിപ്പോകാറുണ്ട്. എന്റെയൊരു ഭാഗം രാജ്യം വിട്ടെങ്ങും പോയിട്ടില്ല. ഞാനെഴുതുന്നത് മാസിഡോണിയൻ ഭാഷയിൽ മാത്രമാണ്. എന്റെ ഗ്രാമത്തിലെ ബാല്യവും ഓർമ്മകളും വിദ്യാഭ്യാസവുമാണ് എന്റെ രാജ്യം. മാസിഡോണിയൻ, റുമേനിയൻ, സ്ലൊവേനിയൻ ഭാഷകൾക്ക് നടുവിലുള്ള വർത്തമാനകാലത്തെ ഒരു നാടോടിയാണ് ഞാൻ.. കാവ്യാത്മ കമോ ഹിതകരമോ അല്ലാത്ത വിധിയുക്തമായ ഒരു ഭാഗധേയം.  കടന്നു പോന്ന ദേശങ്ങൾക്കൊക്കെയും സ്വന്തമായ വിശ്വപൌരനാണ് എന്നു പറയാം. എപ്പോഴൊക്കെ എവിടെയൊക്കെ പോയാലും അവിടെയൊക്കെ ഞാൻ ജീവിക്കയായിരുന്നു.



 


No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...