Thursday 16 March 2023

കുഞ്ചന്റെ മിഴാവ്

കുഞ്ചന്റെ മിഴാവ്

അമ്പലപ്പുഴ ക്ഷേത്രത്തിൽ പോയിട്ടുണ്ടോ?  പടിഞ്ഞാറെനട വഴി പ്രവേശിക്കൂമ്പോൾ ഇടതുഭാഗത്ത് ചരിത്രസ്മാരകമായ കളത്തട്ട് കാണാം.  കുഞ്ചൻ നമ്പ്യാർ തുള്ളിയതിന്റെ ഖ്യാതിയുമായി നിലകൊള്ളുന്ന ആ തട്ടിൽ അദ്ദേഹം ഉപയോഗിച്ചതായി കരുതപ്പെടുന്ന മിഴാവ് പ്രദർശ്പ്പിച്ചിട്ടുണ്ട്.  കവിയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണത്രേ അതവിടെ വെച്ചിരിക്കുന്നത്.  ഐതിഹ്യകഥയിൽ കേട്ടിട്ടുള്ളത് ചാക്യാരുടെ കൂത്തിന് മിഴാവ് വായിക്കയായിരുന്ന കുഞ്ചൻ ഇടയ്ക്കൊന്ന് മയങ്ങിയതിന് ചാക്യാർ അദ്ദേഹത്തെ അധിക്ഷേപിക്കയും ചെയ്തു എന്നുമാണ്.  ആ അപമാനം മനസ്സുനീറ്റിയ കുഞ്ചൻ ജനകീയഭാഷയിൽ തുള്ളൽക്കഥ രചിച്ച് അവതരിപ്പിക്കയും, കൂത്തിന് കാണികളില്ലാതെയായ ചാക്യാർ രാജാവിനോട് ആവലാതി ബോധിപ്പിക്കയും ചെയ്തു. അതേത്തുടർന്ന് രാജാജ്ഞയാൽ നിരോധിക്കപ്പെട്ട തുള്ളൽ അവിടെ പുനരാരംഭിച്ചത് അടുത്തിടെ മാത്രമാണ്.  


മലയാളത്തിലെ ജനകീയകവി എന്നുദ്ഘോഷിക്കപ്പെടുന്ന കുഞ്ചന് സഹിക്കേണ്ടിവന്ന ക്രൂരമായ അപമാനത്തിന്റെ പ്രതീകമാണല്ലോ ആ മിഴാവ്.   അത്തരമൊരു ‘അവഹേളനസ്മാരകം’ ആദരവിനു പകരം ആവർത്തിച്ച് അപമാനം നല്കുകയാണല്ലോ ചെയ്യുക.   ദണ്ഡിയിലും നൌഖാലിയിലും കാതങ്ങൾ നടന്നുതീർത്ത മഹാത്മാവിന്റെ ചെരുപ്പ് അമൂല്യമായ സ്മാരകമാകുന്നു.  സൗത്ത് ആഫ്രിക്കയിൽ തീവണ്ടിയിൽ നിന്ന് ആ മഹാനുഭാവനെ തൊഴിച്ചുതള്ളി പല്ലുകൊഴിച്ച വെള്ളക്കാരന്റെ ഷൂസ് പ്രദർശിപ്പിച്ചാൽ അത് ഗാന്ധിയെ അവഹേളിക്കലാവും.  

കുഞ്ചൻ ജന്മം നല്കിയ തുള്ളൽ എന്ന കലാരൂപത്തിലും ഒരിടത്തും മിഴാവെന്ന വാദ്യോപകരണത്തിന് ഇടമുണ്ടായിട്ടില്ല.  

No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...