Friday 17 March 2023

അഭിമുഖം: ശിവകുമാർ അമ്പലപ്പുഴ: നിർവ്വഹിച്ചത്: സുജീഷ്, കവി

 Interview: By Sujeesh


1.

കവിതയിൽ ഏറ്റവും പ്രധാനമെന്നു താങ്കൾ കരുതുന്നത് എന്തിനെയാണ്?

വായനക്കാരൻ മറ്റേതോ ലോകത്തിരുന്ന് കവിത വായിക്കുന്നു. എന്നുവെച്ച് അയാളുടെ ഭാവുകത്വം കവിയെ ബാധിക്കുന്നുമില്ല.  അതിനാൽ തന്നെ വായിക്കുന്നവന്റെ ഉള്ളിൽ പടരുന്ന കവിത എഴുതണമെങ്കിൽ അത് ആദ്യം എഴുതുന്നവന്റെ തന്നെ ഉള്ളുലച്ചത് ആയിരിക്കണം എന്നതാണ് മുഖ്യം. അല്ലാത്തത് എഴുതരുത്. കവിതയുടെ പൂർണ്ണതയും  പ്രധാനമാണ്. പ്രമേയം, ഭാഷ, ശില്പം, ആവിഷ്കാരം എന്നിവയുടെ വിട്ടുവീഴ്ചയില്ലാത്ത ചേർച്ചയിലാണ് ആ പൂർണ്ണത. വായനയ്ക്ക് വേണ്ടിയോ താത്കാലിക നിലനിൽപ്പിനു വേണ്ടിയോ സ്വന്തം കവിതയോട്  നീതി പുലർത്താതിരിക്കുന്നത് കവിതയോട് തന്നെ ചെയ്യുന്ന തെറ്റാണ്.

2.

ഒരു നല്ല കവിതയെ താങ്കൾ എങ്ങനെയാണ് തിരിച്ചറിയുന്നത്?

അത് എന്നെ സ്പർശിക്കുന്നത് എത്രത്തോളം എന്നത് ഒരു വഴി. ഒരു പെയിന്റിങ്, ഒരു പാട്ട്, ഒരു സിനിമ, ഒരു ആഹാരം ഒക്കെ നമുക്ക് ചിലപ്പോൾ പ്രചോദനം ആകാറുണ്ട്. മുഴുവനായല്ലെങ്കിൽ പോലും അവയിലെ ആസ്വാദ്യതയുടെ ഏതെങ്കിലും ഒരംശം നേരം തെറ്റിയും നമ്മെ പ്രലോഭിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ പ്രകോപനവും. അതിന് സമാനമായത് കണ്ടെത്തുകയോ വീണുകിട്ടുകയോ ആവാം. നമ്മെ ആ സ്പാർക്കിൽ നിലനിർത്തുന്നുവെങ്കിൽ അത് നമ്മുടെ ഇഷ്ടവും കൂടിയാണെന്ന തിരിച്ചറിവാണ് നല്ല കവിത. ഒറ്റയ്ക്കിരുന്ന് വായിക്കുമ്പോൾ അമ്പരപ്പിക്കുന്ന ബിംബങ്ങൾ, അനുകരിക്കാനാവാത്ത ശൈലി, ആരാലും സ്പർശിക്കപ്പെടാത്ത കാവ്യചോദനയും പ്രമേയവും, ജീവിതത്തോട് ഒട്ടി നിൽക്കുന്ന മനസ്സു നീറ്റുന്ന നിരീക്ഷണങ്ങൾ ഇവയൊക്കെ മേൽപ്പറഞ്ഞ പ്രകോപനത്തിൽ ഉൾപ്പെടുത്താം.

3. 

കവിതയുടെ അടിസ്ഥാനസ്വഭാവം കാലംപോകെ മാറുന്നുണ്ടോ, ഇന്നത്തെ കവിത നാളെ കവിതയല്ലെന്നു വരുമോ?

കവിതയുടെ അടിസ്ഥാന സ്വഭാവത്തിന് നിർവ്വചനമൊന്നും ഇല്ല. ഏത് കാലത്തെ കവിതയും കവിത തന്നെ. നമുക്കു ചുറ്റും കാണുന്നതൊന്നും സ്വന്തം മനസ്സിൽ പോലും സൂക്ഷിച്ചുവെക്കാൻ ഇടമില്ലാതായിരിക്കുന്നു. വ്യക്തി സമൂഹത്തിന്റെ ഭാഗമാകാൻ നിർബദ്ധനാകുന്നു. സാമൂഹിക വ്യക്തിത്വത്തിനാണ് ഇന്ന് പ്രസക്തി. ഈ കാലഘട്ടത്തിൽ നാടും വീടും വിട്ടുള്ള വിദ്യാഭ്യാസം, ജോലി, ജീവിതം, സുഖദു:ഖങ്ങൾ, രോഗങ്ങൾ, ശ്ലീലാശ്ലീലങ്ങൾ എന്നിവ കവിയും അനുഭവിക്കുന്നുണ്ട്. കവിത എഴുതുമ്പോഴും അയാളിൽ ഇതൊക്കെയുണ്ട്. വേറെയെവിടെയോ അതേ അവസ്ഥയിൽ ജീവിക്കുന്ന ഏതെങ്കിലും ഒരാൾ അത് വായിച്ച് ഇഷ്ടപ്പെടുമ്പോൾ അതിലെ പ്രമേയവും പ്രയോഗവും പ്രാപഞ്ചികം ആകുന്നു.  ലോകത്ത് എല്ലാ ഇടങ്ങളും ഒരുപോലെ അല്ലല്ലോ. കവിതയ്ക്ക് കാലവും ദേശവും കൽപ്പികാൻ കഴിയില്ല. അതുകൊണ്ട് ഇന്നലത്തെ കവിത ഇന്നത്തെ കവിതയോ, ഇന്നത്തെ കവിത നാളത്തെ കവിതയോ അല്ലാതാകുന്നില്ല.

4. 

കവിതയും കവിയും രാഷ്ട്രീയത്തോടും സാമൂഹികാവസ്ഥകളോടും എങ്ങനെ ബന്ധപ്പെടണമെന്നാണു കരുതുന്നത്? താങ്കളുടെ കവിത എങ്ങനെയാണ് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത്?

സന്ദർഭാനുസരണം മാറിമറിയുന്നതാണ് പ്രത്യക്ഷരാഷ്ട്രീയവും സാമൂഹികാവസ്ഥയും. അടിച്ചമർത്തപ്പെട്ടവന് നീതി തേടുന്നതിൽ സാഹിത്യവും കവിതയും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. വർത്തമാനത്തിൽ അടിച്ചമർത്തപ്പെടുന്നവനും നീതി ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അടിച്ചമർത്തപ്പെടുന്നവന് വേർതിരിവ് കൽപ്പിക്കുക എളുപ്പമല്ല. നിൽക്കാനും ജീവിക്കാനുമുള്ള  മണ്ണാണ് കവിതയെക്കാൾ അവന് ആവശ്യം. അടക്കിപ്പിടിച്ച വേദനകളും പ്രതികരണങ്ങളും ആരുടേതായാലും കവിതയുടെ തുറന്ന വേദിയിലേക്ക് വ്യത്യസ്ത മുഴക്കങ്ങളായി ഉയർന്നുവരണം. ഒറ്റപ്പെട്ട വിലയിരുത്തലുകൾക്ക് അല്ല പ്രസക്തി. സമൂഹത്തിന്റെ അംശമായിരിക്കെത്തന്നെ ചിന്തയിലും കവിതയിലും ബാഹ്യസ്വാധീനങ്ങൾ ഒന്നുമില്ലാതിരിക്കുന്നതാണ് കവിയ്ക്ക് നല്ലത്. സമയം, സംസ്കാരം, വൈകാരികം എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നു എന്റെ നിലപാടുകൾ. അത് ഏതെങ്കിലും ഒരിടത്ത് കുറ്റിയടിച്ച് ഉറപ്പിച്ചിരിക്കുന്നതല്ല. രാഷ്ട്രീയത്തിലുപരി കവിത സാംസ്കാരിക അടയാളം ആകണം. കവിതയിലൂടെയുള്ള എന്റെ പ്രതികരണങ്ങൾ അതിനുള്ള ശ്രമങ്ങളാണ്.

5. 

കവിതയിൽ പാരമ്പര്യവും പുതുമയും ഏതുതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു?

കവിതയിൽ പുതിയതും പഴയതും എന്നൊന്നില്ല. കാലം അങ്ങിനെ നിർവ്വചിക്കാൻ പറ്റുന്ന ഒന്നല്ല.  ഒരു കവിയുടെ കാലഘട്ടത്തിലുള്ള അവസ്ഥയാണ് അയാളുടെ കവിതയിൽ പുനസൃഷ്ടിക്കപ്പെടുന്നത്. ‘പുതിയത്‘ എന്ന് പറയപ്പെടുന്ന കവിത ജീവിതത്തോട് അടുത്തുനിൽക്കുന്നു എന്ന് പറയാമെങ്കിൽ. ‘പഴയത്‘ എന്ന് പറയപ്പെടുന്നതിലും അങ്ങനെയുള്ളവ ഉണ്ടായിരുന്നു. അതൊക്കെ വൈകാരികതയുടെ പ്രശ്നമാണ്. ഭാഷ എങ്ങനെ അപനിർമ്മിക്കപ്പെടുന്നു എന്നതിനോടും കവിതയുടെ ഭാവി ബന്ധപ്പെട്ടിരിക്കുന്നു. മുമ്പുള്ളവർ കൈകാര്യം ചെയ്യാൻ മടിച്ചിരുന്ന പ്രമേയങ്ങളും മൊഴിയും ഇന്നിന്റെ എഴുത്തിൽ ഇടം പിടിക്കുന്നുണ്ട്. ഇന്നത്തെ കവിത നാളെ ‘പഴയത്‘ ആകുമ്പോഴും ഈ എഴുത്തിന്റെ മഷി മായാതെ നിൽക്കുമെന്ന് പ്രത്യാശിക്കാം. പുതിയതെന്നോ പഴയതെന്നോ ഉള്ള പിൻബലം ഒന്നുമില്ലാതെ, വായിക്കപ്പെടുന്ന കവിതയാണ് യഥാർത്ഥ കവിത. പുറംചട്ട കീറിപ്പോയ ഒരു പുസ്തകത്തിലൂടെ ആയാൽപ്പോലും നാളെയും പുതിയ ആസ്വാദകനിലൂടെ വായിക്കപ്പെടുന്നുവെങ്കിൽ ഈ തരംതിരിവ് നിരർത്ഥകമാണ്. മാത്രവുമല്ല, പഴമയിൽ നമുക്ക് ഇപ്പോൾ അന്യമായ പല വാക്കുകളും മറഞ്ഞുപോയിട്ടുണ്ട്. അവ വീണ്ടെടുക്കുന്നത് കവിതയ്ക്ക് ഗുണകരമായേക്കാം. വാക്കുകൾ ഒരിക്കലും മരിക്കുന്നില്ല.

6. 

കവിതയെക്കുറിച്ചു മറ്റു കവികൾക്കുള്ള ഏത് ധാരണയാണ് താങ്കളെ അലോസരപ്പെടുത്താറുള്ളത്? എങ്ങനെയാണ് അതിനെ നിഷേധിക്കുന്നത്? എങ്ങനെയാണ് അതിനെ തിരുത്താൻ ആഗ്രഹിക്കുന്നത്?

മറ്റു കവികളുടെ ധാരണകൾ എന്നെ അലോസരപ്പെടുത്താറേയില്ല. കവിതയെ ഏതെങ്കിലും ഒരു ചട്ടക്കൂടിനുള്ളിൽ തളച്ചിട്ട് അതുമാത്രമാണ് ‘പുതിയ‘ കവിത എന്ന ശാഠ്യധാരണ എനിക്കില്ല. സ്വന്തം കവിതയിലും യഥാർത്ഥ വായനക്കാരിലും വിശ്വാസമുണ്ടെങ്കിൽ ഒരു ധാരണയെയും നിഷേധിക്കേണ്ടതില്ല. തോൽക്കാനും ജയിക്കാനും കവിതയെഴുത്ത് ഒരു പൊതുപരീക്ഷയല്ല. എഴുത്ത് ഒരു സ്വയം പരീക്ഷണം ആണ്. ഓരോ കവിതയിലും സ്വയം പുതുക്കാനുള്ള പരിശ്രമത്തിലൂടെ  തന്റേതായ ഐഡന്റിറ്റി സൃഷ്ടിക്കുക. കാവ്യസംവാദങ്ങളിലെ അസ്വസ്ഥമനസ്സുകൾക്ക് പിന്നാലെ പോകാതെ സ്വന്തം വഴി തിരഞ്ഞെടുക്കുക. ഞാൻ ചെയ്യുന്ന കാര്യങ്ങളല്ലേ എനിക്ക് പറയാൻ കഴിയൂ. 

വൃത്തനിരാസവും പൂർവ്വഭാരവും സാമൂഹിക പ്രതിബദ്ധതയും  പോലെ തുടങ്ങിയാലൊടുങ്ങാത്ത ചർച്ചകൾ നിരർത്ഥകമാണ്. ശ്വാസനിസ്വാസങ്ങൾക്ക് ഉള്ളതു പോലെ ഏത് മൊഴിപ്പേച്ചിലും പദ്യത്തിനും ഗദ്യത്തിനും അതിന്റേതായ താളമുണ്ട്. മറ്റൊരാൾ എന്തെഴുതണം, എങ്ങനെയെഴുതണം എന്ന് നിർദ്ദേശിക്കേണ്ടത് നമ്മളല്ല. അന്യഭാഷയിലെ സമകാലികമല്ലാത്ത കവിതകൾ പോലും വായിച്ച് ഇപ്പോഴും ഹരം കൊള്ളുന്ന കവികൾ, മലയാളത്തിലെ പഴയ നല്ല കവിതകളെ വായനയിൽ മാറ്റിനിർത്തേണ്ടതില്ല.

7. 

ഏതുതരം വായനക്കാരോടാണ് താങ്കൾക്കു കൂടുതൽ പ്രിയം? താങ്കളുടെ കവിതയെ അവർ എങ്ങനെ സമീപിക്കണം എന്നാണു അഗ്രഹിക്കുന്നത്?

മുൻ വിധിയോടെയുള്ള സമീപനങ്ങൾ ഉള്ളവർ യഥാർത്ഥ വായനക്കാരല്ല. കവിതയെ ഗൗരവമായി സമീപിക്കുന്ന, കാവ്യസിദ്ധാന്തങ്ങളിൽ കടിച്ചുതൂങ്ങാത്ത  ഏത് വായനക്കാരനെയും എനിക്കിഷ്ടമാണ്. കാവ്യബോധമുള്ള വായനക്കാരൻ, കവിയല്ലെങ്കിലും നിരന്തരവായന കൊണ്ട് കവിതയുടെ എഡിറ്റിങ് വശം കൂടി ശ്രദ്ധിച്ചേക്കാം. അത്തരം വായനക്കാരുടെ പ്രതികരണം വസ്തുനിഷ്ഠമായത് ആണെങ്കിൽ കേൾക്കാൻ തയാറാണ്. കാലത്തിനൊത്തു തന്നെയാണ് ഇതുവരെയുള്ള  എന്റെ കാവ്യസഞ്ചാരം. നാളത്തെ കവിത ഏതുവിധമായിരിക്കണം എന്ന് മാനദണ്ഡം കൽപ്പിക്കാൻ ഒരു ചർച്ചയ്ക്കും കഴിയില്ല. ഇന്നു ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന കവിതയെ ഇന്നിന്റെ പ്രതലത്തിൽ നിന്ന് വായിക്കൂ. അത് പ്രസക്തമെങ്കിൽ നാളെയും വായിക്കപ്പെടും.

8.

കവിതയിൽ കൂടുതലായി എന്തെങ്കിലും ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? എന്താണത്?

കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ മാത്രം  ആഗ്രഹിച്ചിട്ട് കാര്യമില്ല. കവിതയിലെ സിദ്ധാന്തങ്ങളാണ് ഒരു പരിധി വരെ കവിതയെ പിന്നോട്ടടിക്കുന്നത്. പുരോഗമനപരം ആയാൽപ്പോലും സിദ്ധാന്തങ്ങളില്ലാത്ത ഒരു കാവ്യബോധം കവിയിലും വായനക്കാരനിലും ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ലഭ്യമായ പൊതുവേദികളിൽ ഞാനത് പറയാറുമുണ്ട്.

എന്റെ കവിതകളിൽ ഏതാണ്ട് മുഴുവനും മലയാളവാക്കുകൾ ആണ്. ഡിക്ഷനിലെ (ബോധപൂർവ്വമല്ലാത്ത) ഈ വ്യത്യസ്ഥത ചൂണ്ടിക്കാണിച്ചത് ഒരു നിരൂപകനാണ്. കഴിയുമെങ്കിൽ “ഈ ഡിക്ഷനിൽ ദീർഘമായ ഒരു വർക്ക് താങ്കൾ ചെയ്യണം“ എന്ന് അദ്ദേഹം പറഞ്ഞത്, മടിയനായ എന്റെ മനസ്സിലുണ്ട്. അത് സാദ്ധ്യമായാലും ഇല്ലെങ്കിലും പുതിയ വാക്കുകളുടെ, ധ്വനികളുടെ അന്വേഷണത്തിന് അതെന്നെ  പ്രകോപിപ്പിക്കുന്നുമുണ്ട്. എനിക്ക് വേണ്ടി ചെയ്യുന്നതാണെങ്കിലും അത് കവിതയ്ക്ക് വേണ്ടിയും കൂടിയാണെന്ന് വിശ്വസിക്കുന്നു.

9. 

വായിക്കാനെഴുതിയ കവിത, അവതരിപ്പിക്കാനുണ്ടാക്കിയ കവിത, ചൊല്ലാൻ ചിട്ടപ്പെടുത്തിയ കവിത - ഏതുതരം കവിതയിൽ പണിയെടുക്കാനാണ് താല്പര്യം? എന്തുകൊണ്ട്?

മേൽപ്പറയുന്ന തരംതിരിവുകളിൽ എഴുതാറില്ല. ഗദ്യത്തിലും അല്ലാതെയും എന്റെ കവിതകളുണ്ട്. വേണ്ടി വരുമ്പോൾ അത് അതേപടി ‘വായിക്കുകയോ ചൊല്ലുകയോ അവതരിപ്പിക്കുകയോ‘ ആണ് ഞാൻ ചെയ്യുന്നത്. വായനക്കാരൻ അതെങ്ങിനെയാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ലല്ലോ. പക്ഷേ ‘പെർഫോർമൻസ് പൊയട്രി‘ക്കായും എന്നെ ക്ഷണിക്കാറുണ്ട്. (അത്യാവശ്യം അഭിനയവും എനിക്ക് വശമാണ്). വാക്കുകൾ, ഘടന(ശില്പം), ആവിഷ്കാരം എന്നിവ ഒരു കവിതയ്ക്കായും ബോധപൂർവ്വം ഞാൻ തിരഞ്ഞെടുക്കാറില്ല. പ്രമേയത്തിന് അനുസരിച്ച് അത് സംഭവിക്കുകയാണ്. അതിനാൽ തന്നെ ഏതെങ്കിലും പ്രത്യേക താത്പര്യം എന്റെ സ്വാതന്ത്ര്യമല്ല.

10. 

വലിയ കവികളെന്നു താങ്കൾ ആരെയാണ് വിശേഷിപ്പിക്കുക?

കവികളിൽ വലിപ്പച്ചെറുപ്പമില്ല. കവിതയെക്കാൾ കവി വാഴ്ത്തപ്പെടുന്നത് കവിയുടെ മരണമാണെന്ന് പറയാം. കവിയെക്കാൾ കവിതയിലാണ്` താത്പര്യം എന്നതിനാൽ ഏത് കവിതയും വായിക്കും. കവിതയ്ക്ക് വേണ്ടി ജീവിച്ച ചുരുക്കം ചില കവികൾ നമുക്കുണ്ടല്ലോ. ചോദ്യത്തിലെ അർത്ഥത്തിൽ അല്ലെങ്കിലും അവരെ ‘വലിയ‘ കവി എന്ന് പരാമർശിക്കാം.

11. 

സമകാലീന മലയാള കവിതയിൽ താങ്കളെ തൃപ്തിപ്പെടുത്തിയ കവിതകൾ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെയാണവ/എങ്ങനെയുള്ള കവിതകളാണവ?

ഞാൻ നേരത്തേ പറഞ്ഞത് പോലെ പ്രചോദനത്തിലുപരി പ്രകോപനം (igniting a spark) സൃഷ്ടിക്കുന്നതാവണം ഈ തൄപ്തിപ്പെടുത്തൽ. മികച്ചതാകുമായിരുന്ന ചില  കവിതകൾ, കവി തന്നെ ചെയ്യേണ്ടിയിരുന്ന എഡിറ്റിങ്ങിന്റെ അലംഭാവത്തിൽ അപൂർണ്ണതയിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്. മറ്റു ചിലത് നല്ലതെങ്കിലും കവിയുടെ തന്നെ ആവർത്തനം ആയിത്തീരുന്നു. ചിലതിൽ ഭാഷയോ ശില്പമോ ആവിഷ്കാരരീതിയോ മാറിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നാം. എന്നിരുന്നാലും തൃപ്തി പകരുന്ന കവിതകൾ  മുമ്പെന്നത്തെക്കാൾ ഇപ്പോൾ ഏറെയുണ്ട്. ഓരോന്നായി പേരെടുത്ത് പറയുന്നില്ല. (കവിത ഓർക്കുമെങ്കിലും കവിതയുടെ തലക്കെട്ട് പലപ്പോഴും ഓർമ്മയിൽ നിൽക്കാറുമില്ല). മേൽപ്പറഞ്ഞവയിൽ ഏറ്റവും പുതിയ കവികളുടെയും അവർക്ക് മുമ്പെഴുതിത്തുടങ്ങി ഇപ്പോഴും കവിതയിൽ സജീവമായി നിൽക്കുന്നവരുടെയും കവിതകൾ ഉൾപ്പെടും.

12. 

എങ്ങനെയാണ് കവിത താങ്കളുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത്? ഒരാളുടെ ജീവിതത്തിൽ കവിതയ്ക്ക് എന്ത് റോൾ ആണുള്ളത്?

യഥാർത്ഥവും സാങ്കൽപ്പികവുമായ പല സഞ്ചാരങ്ങൾക്കും കവിത വഴിതുറക്കുന്നു. അതിലൂടെ ഞാൻ കണ്ടെത്തിയത് ആയിരിക്കാം എന്റെ കവിതാവഴി. ഒന്നും പഴയത് പോലെയല്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഏറ്റവും നല്ല വഴി. കവിതയെഴുതാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. കവിത എന്റെ കർമ്മമോ കർത്തവ്യമോ ഒന്നുമല്ല. എന്നാൽ സ്വന്തം കവിതയുൾപ്പെടെ, എല്ലാ കവിതയും ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ കവിത എന്നിൽത്തന്നെ ഉണ്ടായിരുന്നതാണ്. ആദ്യത്തെ കവിതയെഴുതിയപ്പോൾ അത് ഞാൻ കണ്ടെത്തി എന്നേയുള്ളൂ. എഴുതാത്തപ്പോഴും അതെന്റെ ഒപ്പമുണ്ട്. തെല്ല് വിഭ്രാന്തി, ഒരുപാട് പ്രണയം, സുഖദു:ഖങ്ങൾ, ബലഹീനതകളും ആസക്തികളും മറച്ചുവെക്കാത്ത ജീവിതം, കവിയെന്നുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ തരുന്നതാണ് കവിത. ഇവയൊക്കെ ആസ്വദിക്കത്തക്കതായി കൂടി മാറ്റുവാൻ കവിതയ്ക്കേ കഴിയൂ. കവിതയിൽ നിന്ന് കവിയ്ക്ക് ആത്യന്തികമായി കിട്ടുന്നത് ഈ കഴിവ് കൂടിയാണ്. ഇതിൽ കൂടുതൽ എന്താണ് കവിത ഒരാളുടെ ജീവിതത്തിൽ ചെയ്യേണ്ടത്? കവിത ഇല്ലാത്ത ലോകം കലുഷമായിരിക്കും.

13. 

സാധാരണഗതിയിൽ ഒരു കവിത എഴുതി പൂർത്തിയാക്കുന്ന പ്രക്രിയ ഒന്ന് വിശദമാക്കാമോ?

അറിഞ്ഞോ അറിയാതെ കടന്നുവരുന്ന ചിലത് മനസ്സിനെ പ്രക്ഷുബ്ധമാക്കാം. അടങ്ങിയാലും ഒരു അബോധ കാഴ്ചയായി എത്ര കാലം വേണമെങ്കിലും മനസ്സിൽ തുടരാം. എപ്പോഴെങ്കിലും പൊന്തിവരുമ്പോൾ വേണമെങ്കിൽ പുറത്താക്കാം. പുറത്താക്കാൻ കഴിയാത്ത ചിലതാണ് ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് അബോധത്തിൽ നിന്ന് ബോധത്തെ ആക്രമിക്കുന്നത്. ഇനിയൊരു ഒഴിഞ്ഞുമാറ്റം അസാദ്ധ്യമെന്ന് ബോദ്ധ്യപ്പെടുത്തുന്ന സുഖകരമായ അസ്വാസ്ഥ്യത്തിന്റെ ചുട്ടുപൊള്ളിക്കൽ. ബോധപൂർവ്വം മനസ്സിൽ സൃഷ്ടിച്ചെടുത്തതല്ലാത്ത അതിനെ കവിതയായി പകർത്തുന്നത് ബോധപൂർവ്വമായ പ്രക്രിയയാണ്. അപ്പോഴാണ് ഘടനയും രൂപവും വാക്കുകളും ആയി മാറുന്നത്. ഒന്നോ രണ്ടോ വരികൾ, അവ തന്നെ ആദ്യമോ അവസാനമോ ഇടയ്ക്കുള്ളതോ ആയിരിക്കാം. അതിൽ നിന്ന് മുന്നോട്ടോ പിന്നോട്ടോ, മുന്നോട്ടും പിന്നോട്ടുമോ ഉള്ള പൂരിപ്പിക്കൽ. അപ്പോൾ തന്നെയോ പിന്നെ എപ്പോഴെങ്കിലും തോന്നുമ്പോഴോ എഴുതിവെച്ചത് വീണ്ടും വായിക്കുന്നു. വേണ്ടെന്ന് തോന്നുന്നത് വെട്ടിയും വേണമെങ്കിൽ കൂട്ടിച്ചേർത്തും തിരുത്തുന്നു. തൃപ്തി തരാത്ത ഒരു വരിയുടെയോ വാക്കിന്റെയോ പൂർണ്ണതയ്ക്ക് വേണ്ടി ചിലപ്പോൾ മന:പൂർവ്വമല്ലാത്ത ഇടവേള വരാം. ഒടുവിൽ ഇനി അതിന്മേൽ ഒന്നും ചെയ്യാനില്ലെന്ന് പൂർണ്ണബോധ്യം വരുമ്പോൾ അടിവര. തുടക്കത്തിൽ തന്നെയോ ഇടയ്ക്കോ ഒടുവിലോ ഉള്ള വായനയിൽ ചുരുട്ടിയെറിയുന്നവയും ഉണ്ടാവാം.

ഒരു കവിത എഴുതി പൂർത്തിയാക്കുക എന്നൊന്നില്ല. ‘പൂർത്തിയാക്കി‘ അച്ചടിച്ചുവന്ന കവിതയും പിന്നൊരു കാലത്ത് വായിക്കുമ്പോൾ തിരുത്താൻ ഉണ്ടാവും.




No comments:

Post a Comment

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...