Monday, 20 March 2023

മാലതി മൈത്രിയുടെ കവിതകൾ -(തമിഴ്) പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ


1.
കടൽ ഞങ്ങളുടെ ചിറക്- മാലതി മൈത്രി -(തമിഴ്)


കടൽ ഞങ്ങളുടെ ഗർഭപാത്രം

കടൽ ഞങ്ങളുടെ എഴുത്തുപലക

കടൽ ഞങ്ങളുടെ കിനാവ്

കടൽ ഞങ്ങളുടെ കല്ലറ

കടൽ ഞങ്ങളുടെ ജീവിതം

കടൽ ഞങ്ങളുടെ വളർച്ച

കടൽ ഞങ്ങളുടെ വയറ്

കടൽ ഞങ്ങളുടെ ചരിത്രം

കടൽ ഞങ്ങളുടെ അതിശയം

കടൽ ഞങ്ങളുടെ അറിവ്

കടൽ ഞങ്ങളുടെ ആശാൻ

കടൽ ഞങ്ങളുടെ ആഭരണം

കടൽ ഞങ്ങളുടെ യാത്ര

കടൽ ഞങ്ങളുടെ സംസ്കാരം

കടൽ ഞങ്ങളുടെ നിധി

കടൽ ഞങ്ങളുടെ കുലം

കടൽ ഞങ്ങളുടെ കൂട്ടാളി

കടൽ ഞങ്ങളുടെ സ്വന്തം

കടൽ ഞങ്ങളുടെ സ്വത്ത്

കടൽ ഞങ്ങളുടെ തൊട്ടിൽ

കടൽ ഞങ്ങളുടെ അമ്മമടിത്തട്ട്

കടൽ ഞങ്ങളുടെ താരാട്ട്

കടൽ ഞങ്ങളുടെ കളിപ്പാട്ടം

കടൽ ഞങ്ങളുടെ പച്ചില

കടൽ ഞങ്ങളുടെ പ്രേമം

കടൽ ഞങ്ങളുടെ കാമം

കടൽ ഞങ്ങളുടെ കണ്ണുനീര്

കടൽ ഞങ്ങളുടെ ഉയർച്ച

കടൽ ഞങ്ങളുടെ ഏറ്റുമുട്ടൽ

കടൽ ഞങ്ങളുടെ ചങ്കൂറ്റം

കടൽ ഞങ്ങളുടെ സമ്മാനക്കപ്പ്

കടൽ ഞങ്ങളുടെ ശവപ്പെട്ടി

കടൽ ഞങ്ങളുടെ അഴക്

കടൽ ഞങ്ങളുടെ അക്ഷയപാത്രം

കടൽ ഞങ്ങളുടെ അമ്മ

എന്റമ്മയെ വിൽക്കാൻ നീയാരെടാ?


2. നിന്ദിതരക്തം


ശ്രീകോവിലിനിരുളിൽ നിൽപ്പൂ

ഞങ്ങളുടെ അർദ്ധനാരീശ്വരി

ശ്വാസം മുട്ടിക്കുന്ന ഏപ്രിൽചൂടിൽ

അടച്ച് തഴുതിട്ട കൽത്തുറുങ്കിൽ

കഴയ്ക്കുമൊറ്റക്കാലിൽ നില്പാണ്


ഉടയുമണ്ഡങ്ങൾ യോനിയിൽ

പശിമയായിറ്റുമസ്വാസ്ഥ്യത്തിൽ

പുളയും ശക്തിയോട് ചോദിക്കയായ്

ഒറ്റവലംകടക്കണ്ണേറാൽ ശിവൻ


രക്തത്തിൻ ഗന്ധരൂക്ഷത

സഹിയാഞ്ഞൊരുപാതിയൂർന്നുപോം

കണ്ഠനാഗത്തെ മറുപാതിയാൽ

പിടിച്ചെടുത്ത് നിണം തുടച്ച്

വലിച്ചുദൂരേയ്ക്കെറിയുന്നവൾ


അമിതമായ് രക്തം സ്രവിക്കയാൽ

അധികപരവശയർത്ഥിച്ചു

അകലെ മാറുക ശങ്കരാ

തരികെനിക്ക് തെല്ലാശ്വാസം

അമ്പരന്നർദ്ധമെയ്യനോതി

അരയുടലുമായ് മൂന്നുനാൾ

കഴിവതെങ്ങനെ ഞാൻ സഖീ

അരുതുടമ്പടിലംഘനം

ഇല്ലഞാൻ നീയെഴാതെന്നോതി

സതിയെയണച്ചുപിടിച്ചവൻ


കാലകത്തിശ്ശയിക്കാനെൻ

ഉടലുമാത്രമായുറങ്ങണം

പറിച്ചെറിഞ്ഞു ശിവനേയവൾ

ഒഴിഞ്ഞ പീഢത്തിലൊറ്റയ്ക്ക്

അമർന്നിരുന്നു പരമേശ്വരി


ചുറ്റമ്പലത്തിൻ നടപ്പാതയിൽ

ഉടനീളം പതിഞ്ഞുകണ്ടത്രേ

ഒറ്റക്കാലടി രക്തമുദ്രകൾ

എഡിസൺ പുഞ്ചിരിക്കുന്നു (തമിഴ്)- പെരു. വിഷ്ണുകുമാർ


എഡിസൺ പുഞ്ചിരിക്കുന്നു 
(തമിഴ്)-  പെരു. വിഷ്ണുകുമാർ

(പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ)


നടുരാത്രിയിൽ

ഉറക്കം നഷ്ടപ്പെട്ട്

തട്ടിത്തടഞ്ഞ്

ചുവരിൽ പരതി

മുറിയിലെ ലൈറ്റിടാൻ

ശ്രമിക്കുന്നയാളുടെ മനസ്സിൽ

ഇരുട്ടിൽത്തൂങ്ങുന്ന

ഒരു പ്രകാശപേടകം മാത്രം

അന്നേരം ശരിതെറ്റുകൾ ചികയേണ്ടതില്ല

ഇത്തരത്തിലുള്ള വിഷമഘട്ടങ്ങളിലൊക്കെയും

പോനാൽ പോകട്ടുമെന്ന്

തെറ്റായ സ്വിച്ചിട്ടാലും

പ്രകാശം പരക്കും

അതാണ് ഏറ്റവും 

ദയാവായ്പുള്ള വിളക്ക്


സുകീർതറാണി (തമിഴ്)- കവിതകൾ: പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ


1. ആട്ടിൻകുട്ടിയുടെ രോമം- 


ഇന്നലെ രാത്രി

എന്റെ ഹൃദയം

ആട്ടിൻകുട്ടിയുടെ രോമം പോലെ

ഏറെ പതുപതുത്തിരുന്നു

ഊറിക്കൂടുന്ന കണ്ണുനീർ

ഇനിയൊരിക്കലും തുളുമ്പുകയില്ല

എൻെറ ഇരിപ്പിടത്തിൽ

കാട്ടുവളളി പടർന്നാലെന്ത്

വെട്ടിനീക്കിയാൽ മതിയല്ലോ

വഴിവിളക്കിൻ ചോട്ടിലിരുന്നാണ്

ഇതുമെഴുതുന്നത്

കാൽനടക്കാർ എന്നെ

കടന്നുപോകുന്നുണ്ട്

കൈയളവ് മണ്ണില്ലാത്ത മുറ്റത്ത്

ഏതു ചെടി വളർത്താനാണ്

പൂച്ചകളും ചിറകരിയപ്പെടാത്ത കിളികളും

എൻെറ വീടിനെ വലംവെക്കുന്നു

കുളം നന്നാക്കാൻ പോയ അമ്മ

എപ്പോൾ വരുമെന്നറിയില്ല

അപ്പൻ മരിച്ചിട്ട് ഏറെ നാളായി

വീണുപോയവരുടെ വരുംകാലം

ഞാൻ വായിച്ചുകേൾപ്പിക്കും

ഇടുങ്ങിയ ഓടയിൽ പെട്ടുപോയ

എലിയെ ഞാൻ പുറത്തെടുക്കുന്നു

എൻെറ കൈയിൽ കടിച്ചിട്ട്

അതോടിപ്പോകുന്നു

എന്നിരുന്നാലുമെഴുതും എഴുതിക്കൊണ്ടിരിക്കുന്നു

തിരക്കുളള റോഡരികിൽ

മൂത്രമൊഴിച്ചുകൊണ്ട്

തിരിഞ്ഞുനോക്കുന്നു ഒരാൾ

പൂച്ചന്തയിൽ കൊഴിഞ്ഞ പൂക്കൾ

ശേഖരിച്ച്

അവിടെ വിതറുകയാണ് ഞാൻ

ഇന്നു രാത്രി ഞാൻ

ആട്ടിൻകുട്ടിയുടെ രോമമല്ല


2. അച്ഛന്റെ പരിക്ക്


മൂന്നാംതരത്തിൽ 

പഠിപ്പ് നിർത്തിയ അച്ഛൻ

അപ്പൂപ്പനെ പേടിച്ച്

പുളിമരത്തിന്റെ

ചാഞ്ഞ കൊമ്പിലുറങ്ങുമ്പോൾ

വഴുതിവീണ്

തുടയെല്ല് പൊട്ടിയത്രേ

നാലാംതരത്തിലെ

കാൽക്കൊല്ലപ്പരീക്ഷയിൽ

എന്റെ ചട്ടമടർന്ന സ്ലേറ്റിൽ

ചോക്കുകൊണ്ടെഴുതിക്കിട്ടിയ

നൂറുമാർക്കിൽ നിന്ന്

രണ്ടുമുട്ടകളുമുടച്ച്

തുടയിൽ പുരട്ടി

മുറുക്കിക്കെട്ടിക്കൊടുത്തു

അന്നേ പൊറുത്തുള്ളൂ

അച്ഛന്റെ പരിക്ക്


3. പറച്ചി


ചത്ത പശുവിന്റെ തോലുരിക്കുമ്പോൾ

കാ‍ക്കകളെയാട്ടി ഞാൻ കാവൽ നിൽക്കും.

ഊരുതെണ്ടി കാത്തുകാത്തുനിന്ന് വാങ്ങിയ ചോറ്

ചുടുചോറെന്ന പോലെ വാരിയുണ്ണും.

തെരുവിൽ തപ്പും തൂക്കി

അച്ഛൻ എതിരെ വരുമ്പോൾ

മുഖം മറച്ച് കടന്നു കളയും.

അച്ഛന്റെ തൊഴിലും വരുമാനവും പറയാൻ കഴിയാതെ

അദ്ധ്യാപകനിൽ നിന്ന് തല്ലുവാങ്ങും.

പിൻബെഞ്ചിലിരുന്ന് ആരുമറിയാതെ 

കൂട്ടുകാരികളില്ലാത്ത ഞാൻ കരയും.

ഇപ്പോഴാകട്ടെ ആരെങ്കിലും ചോദിച്ചാൽ

പളുങ്കുമണി പോലെ പറയാറുണ്ട്

പറച്ചിയാണ് ഞാനെന്ന്.


4. എന്റെയുടൽ


കുറ്റിക്കാടുകളുടെ മലയിൽ

പെരുകുന്നൊരു നദി

കരയിലെ പാൽമരച്ചില്ലകൾ

നീർപ്പരപ്പിനെ വളഞ്ഞുതൊടുന്നു.

ഇഞ്ചിമണമാർന്ന പഴങ്ങൾ

നേർത്ത തോലഴിഞ്ഞ്

വിത്തുകളെ പുറന്തള്ളുന്നു.

പാറകളിൽ പള്ളം തീർത്ത്

മുനകളിൽത്തെന്നി

വെള്ളം വീഴുന്നരുവിയായ്.

കുത്തിയൊഴുകും നീർത്താരയിൽ

ചോരപുരണ്ട വായ നനയ്ക്കുന്നു

വേട്ടയാടിത്തീർന്ന പുലി

താഴേക്കിറങ്ങുമ്പോൾ

തീമലയുടെ പിളർവായിൽ നിന്ന്

ചിതറുന്നു ചെഞ്ചാരം

മാനമിരുട്ടി ചുഴലിക്കാറ്റ്

മണ്ണിനെയിളക്കുന്നു.

തണുത്ത രാവിനറുതിയിൽ

ചൂടലിയിക്കുന്ന പ്രകൃതി

എന്നുടലായി ശയിക്കുന്നു.

സാബു ഷൺമുഖത്തിന്റെ കവിതകൾ




സാബു ഷൺമുഖത്തിന്റെ കവിതകൾ

(മൊഴിമാറ്റം-ശിവകുമാർ അമ്പലപ്പുഴ)


1.

ഞാനൊരു മേഘത്തിൽ

രാത്രി വലയം ചെയ്യുന്നു

മൃതി എൻെറ കാൽച്ചുവട്ടിൽ പതുങ്ങുന്നു

നീ പ്രഭാതം

തൊട്ടുമുമ്പ് മാഞ്ഞത്

2.

ചർച്ചകൾ

വിട്ടുപോയതെന്തോ ഒന്ന്

മിന്നൽപ്പിണർ

മഞ്ഞയും പച്ചയും നിഴലുകൾ

പൊടുന്നനെ മഴയിൽ കുതിർന്ന്

3.

നീയൊരു തുളളിക്കടൽ

വിണ്ണിൻെറയൊരറ്റം

ഒരു തരി കൊടുങ്കാറ്റ്

നീയെൻ കൺപോള

നിനക്കായ് തുടിക്കുന്നു ഞാൻ

ഒരു തിര പോൽ നീയെത്തി

കടൽ പോലെന്നെ വലിക്കയായ്

4.

പുഴക്കരയിൽ കാത്തിരിപ്പു ഞാൻ

മുഖത്തേക്ക് തെറിക്കുന്നു നിർമ്മലജലം

ആകാശത്തമ്പിളി നക്ഷത്രങ്ങളെ നിരത്തി

പുല്ലിലേയ്ക്കടരുന്നു മഞ്ഞുപാളി

ഹൃദയത്തിനുളളിൽ

ശ്വാസം കിട്ടാതെ സമയം

5.

പ്രണയത്തിൻ ചീന്തുകൾ

മെല്ലവേ കാറ്റ്

കൊതിപ്പിക്കുന്ന പ്രകൃതി

പേരെഴാത്ത നറുമണം

അറിയപ്പെടാത്തതിലേക്ക് കടത്തൽ

6.

ആകാശത്തെത്തി ഞാൻ

അനായാസം

നിനക്ക് പരവതാനിയായ്

ചന്ദ്രനെ കൊണ്ടുവരാൻ

ശേഷം തുണ്ടുതുണ്ടായ്

7.

ശബ്ദമേയില്ലാതെ

ശബ്ദമേയില്ലാതെ

നിശ്ശബ്ദത എന്തിനാണ്

അതത്രയും പറയുന്നു

നിൻെറ കണ്ണുകൾ

8.

ഉയരെയുയരെ പ്രണയം

നിസ്സീമം ചിറകുകൾ

ഭൂമിയിൽ കാണ്മു നിന്നെ

ദൈവം മറന്നതായ്

ലോകം മുഴുവൻ ഉറക്കത്തിലേക്ക്

കവിൻ മലർ- (തമിഴ്) കവിതകൾ- പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ

  

1. രഹസ്യത്താക്കോൽ


താക്കോൽ കൈമോശം വന്ന

പെൺകുട്ടി

യജമാനൻെറ ശകാരം ഭയന്ന്

കരയാൻ തുടങ്ങി

കനിവുള്ള ഒരു കാറ്റ്

താക്കോൽദ്വാരത്തിലേക്ക് കടന്ന്

പൂട്ടും കതകും തുറന്നു

ഇതെങ്ങനെയീ കതകുതുറന്നെന്ന്

അവൾ അന്തംവിട്ടു നിന്നു

അവൾക്കറിയില്ലല്ലോ

ഒരു താഴെന്നല്ല

സമസ്തപ്രപഞ്ചത്തിനും താക്കോലാണ്

കുട്ടികളുടെ കണ്ണുനീരെന്ന്


2. വിലാസമില്ലാത്തവൾ


എവിടെയുമുണ്ടാകും

ഇന്നലെയവിടെ ഇന്നിവിടെ

നാളെ എവിടെയെങ്കിലും

നാലുചുവരുകളും മേൽക്കൂരയും

എനിക്ക് പറ്റില്ല

അണ കെട്ടാൻ തുനിയുന്നു നീ

പാതാളത്തിലേക്ക് തള്ളുന്നു

മണൽ തിന്നുവളരുന്ന സമുദ്രം

നിധികളുമായി വരുന്നവൾ ഞാൻ

നീയെന്നിൽ കരിഞ്ചായം പൂശുന്നു

കൊടുംശീതക്കാറ്റിനെ എന്നിലേക്ക് തിരിക്കുന്നു

തമസ്സ്, ധ്രുവപ്പറവ, രണ്ടും ഞാൻ തന്നെ

അസത്യങ്ങളെ ഭക്ഷിക്കുന്നു നീ

ഭൂഗർഭത്തിലേക്ക് എന്നെ തള്ളുന്നു 

കിനാക്കളുടെ പണിശാല ഞാൻ

ഗുരുത്വാകർഷണത്തിന് വെല്ലുവിളിയും

ശ്വാസത്തെ കവർന്നെടുക്കുന്നു

ചുടുകാട്ടിൽ തള്ളുന്നു നീ

സമസ്ത ജീവനുകൾക്കും ശ്വാസവായു ഞാൻ

ഈജിപ്ഷ്യൻ പിരമിഡുകളിൽ വസിക്കുന്നു

എന്റെ കീറയുടുപ്പുകളെ അപഹസിച്ച്

തീ തുപ്പുന്നു നീ

കെടുത്താനാവാത്ത തീയാണ് ഞാൻ

നിർവ്വാണം നേടിയവളും

എനിക്ക് മേൽവിലാസമുണ്ടാക്കാൻ ശ്രമിക്കുന്നു നീ

കാടകങ്ങളിൽ വേട്ടയാടി

ഇറച്ചിയും കനികളും കൊണ്ടുവന്ന്

കരിമുകിൽ പിഴിഞ്ഞ് നീരെടുത്ത്

തിളയ്ക്കുന്ന സൂര്യനിൽ വേവിച്ച്

നിലാവും ചാരിയിരുന്ന് തിന്നും കളിച്ചും

വെണ്മേഘപ്പഞ്ഞിക്കിടക്കയിൽ ഉറങ്ങിയെണീറ്റ്

നക്ഷത്രങ്ങൾക്കിടയിൽ ക്ഷീരപഥത്തിൽ കൂത്താടി

ഗ്രഹങ്ങളെക്കൂട്ടിക്കെട്ടി ഊഞ്ഞാലാടവേ

മിന്നൽപ്പിണരിൽ പിടിച്ചിറങ്ങി വീണ്ടും

മണ്ണിൽ വരുന്നവൾ ഞാൻ

ഈ പ്രപഞ്ചത്തെ കൂട്ടിയിണക്കുന്നവൾ

പ്രപഞ്ചമാകെയെൻ വാസസ്ഥലം

എന്റെ കാലത്തെ അടർത്താൻ നോക്കരുത്

ഞാനൊരു നൂറ്റാണ്ട്.


3. ദിക്കുകൾ വഴികൾ


ദിക്കുകൾ നാലെന്ന് അധ്യാപകൻ

സൂര്യനുദിക്കുന്നിടം വെച്ചറിയുന്നു കുട്ടി

നാലുദിക്കും പെരുമ്പറമുഴക്കമെന്ന് പാഠം 

വടക്കുകിഴക്ക് വർഷമഴ

തെക്കുപടിഞ്ഞാറൻ മൺസൂൺ

മധ്യപൂർവ്വ ഏഷ്യൻ രാജ്യങ്ങൾ

വടക്കുകിഴക്ക് ദിശയിൽ നീങ്ങും കാറ്റെന്ന്

ദിക്കുകളെട്ടും മനസ്സിലാക്കിത്തരുന്നു


കണക്കുക്ലാസ്സിൽ കോമ്പസ് വെച്ച്

വൃത്തം വരയ്ക്കുന്നവൾ

നെടുകെയും കുറുകെയും വരകളിടുന്നു

കടലാസിൻ മുകൾപ്പാതിയെ

വടക്കെന്ന് പഠിച്ചത് വെച്ച്

നാല് ദിക്കുകളും കണക്കാക്കുന്നു

വീണ്ടും രണ്ട് രേഖകൾ വരച്ച്

എട്ട് ദിക്കുകളും അടയാളപ്പെടുത്തുന്നു

തെല്ലൊന്ന് ചിന്തിച്ച പെൺകുട്ടി

വീണ്ടും നെടുകേ കുറുകേ

പല വരകൾ വരയ്ക്കുന്നു

അടുത്തടുത്തായ് അസംഖ്യം വരകൾ

വരച്ച് വരച്ച് ഇരിക്കുന്നു

ഒരു വൃത്തത്തിനുള്ളിൽ എത്രയെത്ര വ്യാസങ്ങൾ

ഓരോ ആരക്കാലുകളും ഓരോ ദിശാസൂചി

ഈ രേഖകൾ പോകുന്ന ദിക്കുകളെല്ലാം

പേരിനിയുമിട്ടിട്ടില്ലേയെന്നവൾ 

അധ്യാപകനോട് ചോദിക്കുന്നു

കണക്കുനോട്ടിൽ കുത്തിവരയ്ക്കുന്നോയെന്ന്

ചൂരലുയർത്തുന്നു അധ്യാപകൻ.


4. മെല്ലെമെല്ലെ തുടങ്ങിയ കളി


കടൽക്കരയിൽ

നനവിൽ തിളങ്ങിയ

പനമടലും കൊട്ടത്തേങ്ങയും

പനമടലിനെ ബാറ്റാക്കി

കൊട്ടത്തേങ്ങയെ പന്താക്കി

കടലിലേക്ക് അടിച്ചുവിടാൻ

അവനറിയാം

ഒരു തിര വന്ന്

പന്തിനെ കരയിലേക്കെറിയുമ്പോൾ

വീണ്ടുമൊരടിയിൽ

കാറ്റിനെ മുറിച്ച് ജലപ്പരപ്പിൽ

പറക്കുന്നു കൊട്ടത്തേങ്ങ

കരുത്തൻകരങ്ങളാൽ തിര

വീണ്ടുംവീണ്ടുമതിനെ

കരയിലേക്ക് തിരിച്ചെറിയുന്നു

അല കരയിലേക്കെത്തിക്കുമ്പോഴൊക്കെ

ഒട്ടും പിഴയ്ക്കാതവൻ

മടൽ കൊണ്ടടിക്കുന്നു

അവനും കടലുമായുളള മത്സരത്തിൽ

എങ്ങനെയും ജയിക്കാൻ

ആർത്തുവരുമലകളോട്

കിണഞ്ഞുകളിക്കുന്ന അവനെ

ആരാധനയോടെ നോക്കുന്നു അവൾ

അവനും നിർത്തുന്നില്ല

അലകളും വിടുന്നില്ല

മടങ്ങാൻ തിരക്കുകൂട്ടുന്ന അവളോട്

പന്തിനെ ബൗണ്ടറി കടത്തുന്നതാണ്

ലക്ഷ്യമെന്ന് പറഞ്ഞ് അവൻ

ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടി

പെദ്രു മാമൻ- ഹേമന്ത് ദിവാതെ : പരിഭാഷ : ശിവകുമാർ അമ്പലപ്പുഴ


പെദ്രു മാമൻ- ഹേമന്ത് ദിവാതെ

പരിഭാഷ :  ശിവകുമാർ അമ്പലപ്പുഴ







പെദ്രുമാമാ

താങ്കളുടെ ഓരോരോ ശാഠ്യങ്ങളും

പ്രതിരോധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു

തടിക്കസേര

ബീഡി കുത്തിക്കെടുത്തുന്ന ആഷ്ട്രേ

വിസർജ്ജനപാത്രം

കുത്തഴിഞ്ഞ് പറക്കുന്ന ബൈബിൾതാളുകൾ

അവശേഷിക്കുന്ന ഒരേയൊരു

ചില്ലുകൂട്ടിലെ കൃസ്തു

ഇപ്പോഴുമെനിക്ക് കാണാം

തടിക്കസേരയിൽ

ചുമച്ചുകുരച്ച് ആയാസപ്പെട്ട്

ബീഡിവലിക്കുന്നത്

ഉൾക്കൊള്ളാൻ ദുഷ്കരമായ

ശിഷ്ടജീവിതത്തിൻെറ

ദയനീയാവസ്ഥയുടെ വയ്യായ്കയിലും

മുറിയാകെ തൂത്തുതുടയ്ക്കുമ്പോഴും

വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന്

ഒരു വാക്കുപോലുമില്ലാതെ

വായിൽ നിന്നുള്ള

നിക്കോട്ടിൻ ഉച്ഛ്വാസങ്ങൾക്ക് പോലും

അങ്ങയെപ്പോൽ തളർച്ച ബാധിച്ച്

തലയ്ക്കുള്ളിൽ ചിലമ്പുന്ന പ്രാർത്ഥനകളോടെ

ചില്ലുകൂട്ടിലെ കൃസ്തുവിന് മുന്നിൽ

താങ്കളുടെ മുഴുവുടൽ

താങ്കൾക്കു വേണ്ടിത്തന്നെയോ

ഒരുപക്ഷേ ഞങ്ങൾക്കു വേണ്ടിയോ

ഒരു അന്തിമസ്തോത്രം

അവ്യക്തമായുരുവിട്ടു

എന്തുചെയ്യുന്നുവെന്ന് എല്ലാവരോടും

ചോദിക്കുമായിരുന്നല്ലോ താങ്കൾ

അന്നേരം 'മറ്റൊന്നും ചെയ്യുന്നില്ല,

കവിതയൊഴികെ'യെന്നു പറഞ്ഞപ്പോൾ

എനിക്ക് വട്ടാണെന്ന് പറഞ്ഞുവെങ്കിലും

എൻെറ കവിതകൾ ഇഷ്ടത്തോടെ വായിച്ചു

കോളേജ്കാലത്ത് താങ്കളും

കവിതകളെഴുതിയിരുന്നുവെന്ന്

ഏറെ താത്പര്യത്തോടെ പറഞ്ഞെങ്കിലും

അത് ഭ്രാന്ത് കാരണമെന്നും പറഞ്ഞു

'കവിത നിന്നെ ദുർബ്ബലനാക്കും മകനേ'യെന്നും

എഴുത്ത് നിർത്തിയ നാൾ മുതൽ

അന്യരെക്കുറിച്ച് ആകുലപ്പെടുന്നത് വിട്ട്

ഏറ്റവും കരുത്തനായെന്നും പറഞ്ഞു

ജീവിതമുടനീളം താങ്കൾക്കൊപ്പം

ആരുമുണ്ടാകാത്തതിൻെറ

അനാഥത്വമായിരുന്നു

ആരുമിഷ്ടപ്പെട്ടുമില്ല

ഇപ്പോൾ

ഒരു സീറോവാട്ട് ബൾബിൻെറ വെട്ടത്തിൽ

വായിക്കാനാവാത്ത

ബൈബിൾവാക്യങ്ങളെന്നപോലെ

ഏതാണ്ടെല്ലാവരുടെയും ചിന്തകളിൽ നിന്ന്

താങ്കളും മാഞ്ഞുപോയിരിക്കുന്നു

തുരുമ്പിച്ച ജനലഴികൾക്കപ്പുറം

പകൽ രാത്രിയാകുന്നത് കാണാനും

സമയം എത്രയെന്നൂഹിക്കാനും

കഴിയുന്നുണ്ടായിരിക്കും

കാത്തിരിക്കാൻ വേണ്ടിയും ആരുമില്ല

അങ്ങനെ ചെയ്തിരുന്നുവെങ്കിൽത്തന്നെ

തുരുമ്പിച്ച ജനലഴികൾക്കപ്പുറം

ഋതുക്കൾ മാറിയെന്നത്

തിരിച്ചറിയാൻ വേണ്ടി മാത്രമാകും

ഒരില പോൽ പൊഴിയുന്ന

അന്ത്യനിമിഷങ്ങളിൽ താങ്കൾ

ഒറ്റയ്ക്കാണെന്നുമറിയുന്നു

അവ്യക്തമായി മനസ്സിലപ്പോഴും

അന്തിമസ്ത്രോത്രം ഉരുവിടാൻ

അങ്ങേയ്ക്കാകുമോ

ആരുടേതുമല്ലാത്ത താങ്കൾ ചിന്തിക്കുന്നത്

ആരെക്കുറിച്ചായിരിക്കും

തിരിഞ്ഞുനോക്കുമെങ്കിൽ

ജീവിതത്തിൻെറ ഏത് ഭാഗമാണ്

ഓർമ്മിക്കാൻ തക്കതായുള്ളത്

താങ്കളെക്കുറിച്ച് ഇപ്പോഴോർക്കുമ്പോൾ

ഇടറിവീഴാൻ എൻെറ സമയമായെന്ന്

തോന്നുമെങ്കിലും മാമാ

ഞാൻ വീണ്ടും പിടിച്ചുനിൽക്കുന്നു

കാരണം ഞാൻ ഭ്രാന്തനാണ്

ഇപ്പോഴും കവിതകളെഴുതുന്നു

അതേ, എനിക്ക് വട്ടാണ്

നിർമ്മല പുതുൽ (സന്താൾ ഗോത്രകവി) : പരിഭാഷ- ശിവകുമാർ അമ്പലപ്പുഴ


1.
നഗരത്തിന്റെ നേരേ മുഴങ്ങുന്ന ശബ്ദം


ഇവരാണാ മനുഷ്യർ

എന്നെക്കാണുമ്പോൾത്തന്നെ

നെറ്റിചുളിക്കുന്നവർ

വെളുത്തതൊലി കൊണ്ട്

അവരുടെ കറുപ്പിനെ മറയ്ക്കുന്നവർ

ഇവരാണാ മനുഷ്യർ

പകൽ വെട്ടത്തിലെന്നെ

കാണാൻ കൂട്ടാക്കാത്തവർ

രാത്രിയുടെയിരുട്ടിൽ

വരട്ടേയെന്ന് ചോദിക്കുന്നവർ

ഇവരാണാ മനുഷ്യർ

ഇരുളിന്റെ മറവിൽ

നഗരത്തിന്റെയതിർത്തിയിൽ

ഉള്ളിലെ മാലിന്യം കുടഞ്ഞിട്ട്

ഞങ്ങളുടെ ഗ്രാമം

വൃത്തികേടാക്കുന്നവർ

ഇവരാണാ മനുഷ്യർ

സംസ്കാരത്തിന്റെ പേരിൽ

ഞങ്ങളുടെ അർദ്ധനഗ്നമേനികൾ

ഫോട്ടോയിലാക്കുന്നവർ

ഞങ്ങളുടെ മണ്ണിന് വിലപേശുന്നവർ

ചർച്ചകളിൽ ഞങ്ങളെ

വിവസ്ത്രരാക്കുന്നവർ

ഇവരാണാ മനുഷ്യർ

ഞങ്ങളുടെ പേരുപറഞ്ഞ്

ഞങ്ങളുടെ കടലിന്റെ

പങ്ക് വിഴുങ്ങുന്നവർ

നേരിൽക്കാണുമ്പോൾ പുകഴ്ത്തുകയും

തിരിഞ്ഞുനിന്ന് ചിരിക്കുകയും ചെയ്യുന്നവർ

ഞങ്ങളുടെ പെണ്ണുങ്ങളേ മാനം കെട്ട

അപഥസഞ്ചാരിണികളെന്ന് വിളിക്കുന്നവർ

ഇവരാണാ മനുഷ്യർ

ഞങ്ങളുടെ കിടക്കകളിൽ

ഞങ്ങളുടെ ഗ്രാമങ്ങളിൽ

കൊള്ളയടിക്കുന്നവർ

ഞങ്ങളുടെ മണ്ണിൽ ചവിട്ടിനിന്ന്

ഞങ്ങളുടെ അന്തസ്സിനെ

ചോദ്യംചെയ്യുന്നവർ

ഇവരാണാ മനുഷ്യർ

എന്റെ കവിതയിൽ

എന്റെ ശരീരം തിരയുന്നവർ


2. വാതിൽക്കൽ തൂക്കിയിടൂ ചെണ്ടകൾ


സ്നേഹിതാ

ഇടയ്ക്കിടെ നിങ്ങളുടെ

പുല്ലാങ്കുഴൽ വായിക്കാതിരിക്കൂ

ഒപ്പമുള്ളവരോടും പറയൂ

ഒട്ടും നിനച്ചിരിക്കാത്തപ്പോൾ

ചെണ്ട മുഴക്കാതിരിക്കാൻ

ഞാനടുക്കളയിൽ ചോറുവെക്കുകയല്ലേ

എന്റെ പാദങ്ങൾ താളം പിടിക്കുന്നു

ആത്മാവ് തൂവൽ പോലെ പൊന്തുന്നു

ഒരുപാട് പണിയുണ്ട് ചെയ്തുതീർക്കാൻ

തൊഴുത്ത് വൃത്തിയാക്കണം

കാട്ടിൽ നിന്ന് വിറക് കൊണ്ടുവരണം

അരുവിയിൽ നിന്ന് വെള്ളം പിടിക്കണം

പാടത്ത് അച്ഛന് ഭക്ഷണം എത്തിക്കണം

എല്ലാം തടസ്സപ്പെടും

അമ്മയുടെ ശകാരം കിട്ടും

അതിനാൽ ദയവായി കേൾക്കൂ

പുല്ലാങ്കുഴൽ സഞ്ചിയിലിടൂ

ചെണ്ടകൾ വാതിൽക്കൽ തൂക്കൂ

എന്നിട്ട് നിങ്ങളുടെ പാട്ടും കലയും

എനിക്ക് കൈമാറൂ

ഞാനവയെ മൃദുവായി ഭദ്രമായെന്റെ

സാരിത്തുമ്പിൽക്കെട്ടി സൂക്ഷിച്ചോളാം


3. മലയൻ കുഞ്ഞ്


മലയുടെ കുഞ്ഞ്

മലയുടെടെയൊരു തുണ്ട്

മലമടിത്തട്ടിൽ കളിക്കുന്നു

മലമുകളിലേക്ക് പിച്ചവെച്ചവൻ

മലമണ്ണിൽ കാലുകുത്തുന്നു

മലപോലെയുയരാൻ

മലകളുടെ നാട്ടിൽ

മല മുഴുവനായും

മലയൻകുഞ്ഞിനുള്ളിൽ

ജീവിക്കുന്നു

ആ മലമടിയിൽത്തന്നെ തുള്ളിച്ചാടി

പുലരുന്നാ മലയൻകുഞ്ഞ്

മലയുടെ മുകളിലൂടെ പറക്കുന്ന

ഒരു വിമാനത്തെ നോക്കി

മലയൻകുഞ്ഞ് അച്ഛനോട് ചോദിച്ചു

അതേത് പക്ഷിയാണ്?

കവിയോട് കെ.എസ്.കെ.തളിക്കുളം ഇവനു പാടുവാൻ രചിക്കുമോ കവേ ഭവാനൊരു നവമനോഹരഗീതം പഴിക്കയല്ല ഞാൻ പലപ്പൊഴും മുമ്പ് പലരും പാടിയ പഴയ പാട്ടുകൾ ലളിതകോമള...