ജാർവ്വപ്പെണ്ണുങ്ങൾഉഷാകിരൺ അത്രം (ഗോണ്ട് ഗോത്രകവി)
പരിഭാഷ: ശിവകുമാർ അമ്പലപ്പുഴ
അമ്മപെങ്ങന്മാരെ കണ്ടിട്ടേയില്ലേ
ഒരിക്കലും
ഞങ്ങളുടെ നഗ്നമേനിയെ ആർത്തിയോടെ
ഒളിഞ്ഞുനോക്കുന്നതെന്തിനാണ്
വിഷമുള്ളുകളെക്കാൾ
വിഷം മുറ്റിയതാണ്
നിങ്ങളുടെ കണ്ണുകൾ
ഞങ്ങളെന്താ വിചിത്രജീവികളോ
ആന്തമാനിലെ ഗോത്രമനുഷ്യരും
മനുഷ്യരല്ലേ
പ്രകൃതിയുടെ മടിത്തട്ടിൽ കഴിയുന്നവർ
പ്രകൃതിയെ പിരിച്ചെഴുതാനറിയുന്നവർ
പ്രകൃതിയുടെ താളമൊപ്പിച്ച്
ജീവിക്കാനറിയുന്നവർ
അവരും മനുഷ്യരെന്നത്
നിങ്ങളെന്തേ മറക്കുന്നു
വിലകൂടിയ ഉടുപ്പുകളണിഞ്ഞിട്ടും
നിങ്ങളുടെ പരിഹാസവാക്കുകൾ
നിങ്ങളുടെ നഗ്നത വെളിവാക്കുന്നു
എന്തേ മനസ്സ് ജീർണ്ണിച്ചുപോയത്
എന്തേ മനസ്സിൽ വെട്ടം കടക്കാത്തത്
ജാർവകളാണവർ
ഉണ്ണാനുമുടുക്കാനുമില്ലാത്തവർ
പാവങ്ങൾ ബുദ്ധിമങ്ങിയവർ
അവഗണിക്കപ്പെട്ടവർ
പഠിപ്പില്ലാത്ത കറുമ്പർ
നിങ്ങൾ ആന്തമാനിൽ ജീവിച്ചിട്ടുണ്ടോ
നാലഞ്ചുകൊല്ലം ജീവിച്ചുനോക്കൂ
എന്നിട്ട് പറയൂ ജീവിതമെന്തെന്ന്
ആർക്കുമൊന്നുമറിയില്ല ഞങ്ങളുടെ
ഇവിടത്തെ ജീവിതത്തെക്കുറിച്ച്
പുറംലോകം കാണാത്ത
അസ്തിത്വമില്ലാത്ത ജന്തുജീവിതം
നിങ്ങൾ കാണാൻ വന്നപ്പോഴൊക്കെ
ജാർവപ്പെണ്ണുങ്ങൾ കുട്ടികളുമായി
ഓടിയൊളിച്ചു
കല്ലുകളെറിഞ്ഞു നിങ്ങൾ
ചിലപ്പോൾ വളർത്തുനായ്കൾക്കെന്നപോലെ
റൊട്ടിക്കഷണങ്ങളും
നിങ്ങളുടെ ക്യാമറകളെപ്പൊഴും
ഫോക്കസ് ചെയ്തത്
ഞങ്ങളുടെ ശരീരത്തിലായിരുന്നു
ആ ചിത്രങ്ങൾ സഹിതം
ബ്ലോഗുകൾ ലേഖനങ്ങൾ കവർസ്റ്റോറികൾ
എഴുതി പണമുണ്ടാക്കി നിങ്ങൾ
വാർത്താചാനലുകളിൽ
പത്രത്തിൽ ഇന്റർനെറ്റിൽ
ഞങ്ങളുടെ അമ്മപെങ്ങന്മാരുടെ
അർദ്ധനഗ്നചിത്രങ്ങളിലൂടെ
നിങ്ങൾ ലാഭം കൊയ്തു
ഞങ്ങളുടെ ശരീരം
കമ്പോളച്ചരക്കാക്കുന്നതിൽ
മത്സരിച്ചു നിങ്ങൾ
പരിഷ്കൃതരെന്ന് പറയുന്ന
ദല്ലാളന്മാർ പടമെടുക്കുമ്പോൾ
ജാർവപ്പെണ്ണുങ്ങൾക്ക് ഭയമാണ്
പരിഭ്രമത്തോടെ അവരോടുമ്പോൾ
ഉടലുകളിൽ തറഞ്ഞ ക്യാമറകൾ
പിറകേ പാഞ്ഞു
അവശയായി വീണിടത്തുനിന്ന്
പിടഞ്ഞെണീറ്റോടുമ്പോൾ
നിങ്ങൾ ആർത്തുചിരിച്ചു
ക്യാമറകളിൽ അവരെ തളച്ചു
ജാർവ്വപ്പെണ്ണുങ്ങൾ പറയും
കൊടുങ്കാറ്റിനെയും കടലിനെയും
ഞങ്ങൾക്ക് പേടിയില്ല
അവരുടെ നോട്ടം
ഞങ്ങളുടെ ഉടലിലേക്കല്ലല്ലോ
മനുഷ്യരായിട്ടും നിങ്ങൾ
ഞങ്ങളെ മനസിലാക്കുന്നില്ലല്ലോ
നിങ്ങൾക്കൊപ്പം കാണുന്നില്ലല്ലോ
ഞങ്ങളിൽ നിങ്ങളുടെ
അമ്മയെ സഹോദരിയെ
കാണുന്നില്ലേ
ഇതാണോ സംസ്കാരം